
രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സായ ഇന്‍ഡിഗോ മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 29 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ടിക്കറ്റുകള്‍ 1,499 രൂപ മുതല്‍ ഈ ഓഫറിലൂടെ ലഭ്യമാകും.
ഇന്റര്‍നാഷണല്‍ ടിക്കറ്റുകളുടെ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത് 4,399 രൂപ മുതലാണ്. ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 21 വരെ മണ്‍സൂണ്‍ ഓഫറിലൂടെ യാത്ര ചെയ്യാം. ബിസിനസ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. ഇന്‍ഡിഗോ സ്‌ട്രെച്ച് എന്ന ബിസിനസ് ക്ലാസ് സേവനത്തില്‍ ടിക്കറ്റുകള്‍ ആരംഭിക്കുന്നത് 9,999 രൂപ മുതലാണ്.
ടിക്കറ്റുകള്‍ക്ക് സീറോ ക്യാന്‍സലേഷന്‍ സൗകര്യം ലഭിക്കാന്‍ 299 രൂപയുടെ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളില്‍ ബാഗേജിന് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഫാസ്റ്റ് ഫോര്‍വേഡ് സേവനത്തിന് 50 ശതമാനം ഡിസ്‌കൗണ്ടും ഇക്കാലയളവില്‍ ലഭിക്കും.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി നില്‍ക്കുന്നത് ആഗോള വ്യോമയാന കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഖത്തറില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വീസ് താളംതെറ്റിയിരുന്നു.
ഇറാന്‍-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാന്‍, സിറിയ, ഇറാഖ് വ്യോമ മേഖല പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ വഴി പോകേണ്ടിയിരുന്ന പല വിമാനങ്ങളും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ വ്യോമയാന കമ്പനികള്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരും.
Read DhanamOnline in English
Subscribe to Dhanam Magazine