

രാജ്യവ്യാപകമായി സര്‍വീസുകള്‍ താറുമാറായതിനെ തുടര്‍ന്ന് വ്യാപക പഴികേള്‍ക്കേണ്ടി വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരായ നടപടികള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്‍ഡിഗോയുടെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്താക്കിയത്.
ഇന്‍ഡിഗോയ്ക്കായി ഡിജിസിഎയില്‍ പ്രവര്‍ത്തിച്ചിരുന്ന 4 ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരെയാണ് പുറത്താക്കിയത്. ഇവര്‍ കരാര്‍ ജീവനക്കാരായിരുന്നുവെന്നാണ് വിവരം. ഇന്‍ഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരേ നടപടി വരുന്നത് ആദ്യമായാണ്.
നടപടികള്‍ തുടരുമെന്നും വിഷയത്തില്‍ ഡിജിസിഎയുടെ വീഴ്ചകളും പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാംമോഹന്‍ നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ ഡിജിസിഎ ഇന്നും വിളിച്ചു വരുത്തിയിട്ടുണ്ട്.
ഇന്‍ഡിഗോയ്‌ക്കെതിരേ കടുത്ത നടപടിക്ക് തന്നെയാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് സൂചന. സര്‍വീസുകള്‍ എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കുന്നതിനൊപ്പം കൂടുതല്‍ പൈലറ്റുമാരെ നിയമിക്കണമെന്ന് ഇന്‍ഡിഗോയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്ര തടസപ്പെട്ട എല്ലാവര്‍ക്കും ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്നതിനൊപ്പം നഷ്ടപരിഹാരം നല്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി സിജിഎസ്ടിയില്‍ നിന്ന് 58.75 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി ഇന്‍ഡിഗോ. 2020-21 സാമ്പത്തിക വര്‍ഷവുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ അപ്പീല്‍ നല്കുമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രതിസന്ധികള്‍ വട്ടമിട്ട് പറക്കുമ്പോഴും ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഓഹരികള്‍ക്ക് 'ബൈ' റേറ്റിംഗ് നല്കി പ്രമുഖ ആഗോള ബ്രോക്കിംഗ് സ്ഥാപനമായ ജെഫെറീസ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ വരും പാദങ്ങളില്‍ വരുമാനത്തിലും ലാഭത്തിലും തിരിച്ചടി സമ്മാനിക്കുമെങ്കിലും ഇന്‍ഡിഗോയുടെ വിപണി വിഹിതം ശുഭകരമാണെന്നാണ് ജെഫെറീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ട ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വീസുകള്‍ നേരെയാകുന്നതിന്റെ സൂചനകള്‍ ദൃശ്യമായതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine