

ഒരാഴ്ചയോളം വിമാന യാത്രക്കാരെ വലച്ച ഇന്‍ഡിഗോ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയംകണ്ട് തുടങ്ങുന്നു. ഇന്ന് മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 15ഓടെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്ന് കമ്പനിയുടെ അവകാശവാദം. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഉറപ്പായിട്ടുണ്ട്.
വിശദീകരണം നല്കാന്‍ ഇന്‍ഡിഗോയ്ക്ക് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്കിയിരുന്ന സമയം 24 മണിക്കൂര്‍ കൂടി നീട്ടി. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ്, സിഒഒ ഇസിഡ്രെ പോര്‍ക്വെറസ് എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുന്നത്.
അതേസമയം സര്‍വീസുകള്‍ താറുമാറായ സംഭവത്തില്‍ പൈലറ്റുമാരുടെ തുറന്ന കത്ത് ഇന്‍ഡിഗോ സിഇഒയെയും മാനജ്‌മെന്റിനെയും പ്രതിസന്ധിയിലാക്കിയുണ്ട്. കമ്പനിയുടെ ഉന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്ന് കത്തില്‍ പറയുന്നു.
കൂടുതല്‍ സമയം ജോലി ചെയ്യാന്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ നിര്‍ബന്ധിതരാകുന്നതായും കൂടുതല്‍ ജീവനക്കാരെ നിയമിക്കാതെ കമ്പനി ലാഭം മാത്രമാണ് നോക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
വര്‍ഷങ്ങളായി കമ്പനിയുടെ രീതികളില്‍ നിന്നുണ്ടായ പ്രതിസന്ധിയാണ് എല്ലാത്തിനും കാരണം. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചാല്‍ ചെലവ് കൂടുമെന്ന് പറഞ്ഞാണ് ഇന്‍ഡിഗോ മാനേജ്‌മെന്റ് ഇതിന് തയാറാകാത്തത്. കത്തില്‍ സിഇഒ ഉള്‍പ്പെടെ മുതിര്‍ന്ന 8 ഉദ്യോഗസ്ഥരുടെ പേരും വെളിപ്പെടുത്തുന്നുണ്ട്.
വിമാന സര്‍വീസുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിനും ആവശ്യത്തിന് വിശ്രമം ഉള്‍പ്പെടെയുള്ളതാണ് പുതിയ തൊഴില്‍ചട്ടം. ഇത് പാലിക്കാതെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്‍ഡിഗോ നടത്തിയ നീക്കമാണ് രാജ്യത്തെ വ്യോമയാന രംഗത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.
ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരിവിലയില്‍ ഇന്ന രാവിലെ കടുത്ത ഇടിവാണ് രേഖപ്പെടുത്തിയത്. അഞ്ചുശതമാനത്തോളം രാവിലെ തന്നെ ഇടിവുണ്ടായി.
രാജ്യത്തെ പ്രധാന വ്യോമയാന കമ്പനികളിലൊന്നായ ഇന്‍ഡിഗോ സെപ്റ്റംബര്‍ പാദത്തില്‍ 2,614 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാനപാദത്തിലെ നഷ്ടം 989 കോടി രൂപയായിരുന്നിടത്തു നിന്നാണ് നഷ്ടം വര്‍ധിച്ചത്. രാജ്യത്ത് വ്യോമയാന മേഖലയിലെ നഷ്ടം ഈ സാമ്പത്തികവര്‍ഷം 10,000 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine