
ട്രെന്‍ഡിന് പുറകേ പോകുന്ന യുവാക്കളെ ലക്ഷ്യം വെച്ച് ഫാസ്റ്റ് - ഫാഷന്‍ ബ്രാന്റായ ബഷ്‌ക ( Bershka) ഇന്ത്യയിലെത്തി. ആദ്യ റീട്ടെയില്‍ സ്‌റ്റോര്‍ മുംബൈയിലെ ഫീനിക്‌സ് പലേഡിയം മാളില്‍ തുറന്നു. ഓണ്‍ലൈന്‍ സ്‌റ്റോറും പ്രവര്‍ത്തനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് ഫാഷന്‍ കമ്പനിയായ ഇന്‍ഡിടെക്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണ് ബഷ്‌ക.
സാറ (Zara), പുള്‍ ആന്‍ഡ് ബിയര്‍, മാസിമോ ഡ്യൂട്ടി (Massimo Dutti), സ്റ്റാര്‍ഡിവാരിയസ് (Stardivarius) , ഓഷോ (Oysho), സാറ ഹോം (Zara Home) തുടങ്ങിയ പ്രമുഖ ബ്രാന്റുകളും ഇന്‍ഡിടെക്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആഗോളതലത്തില്‍ 37 ബില്യന്‍ ഡോളറാണ് (ഏകദേശം 3.2 ലക്ഷം കോടി രൂപ) ഇന്‍ഡിടെക്‌സിന്റെ വാര്‍ഷിക വിറ്റുവരവ്. പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ സാറ ബ്രാന്റിംഗിന് കീഴിലുള്ള ഉത്പന്നങ്ങളേക്കാള്‍ വിലകുറച്ചാകും ബഷ്‌കയിലെ വില്‍പ്പന.
നിലവില്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ട്രെന്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഇന്‍ഡിടെക്‌സ് സാറ, മാസിമോ ഡ്യൂട്ടി തുടങ്ങിയ ബ്രാന്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സാറ 2,769 കോടി രൂപയും മാസിമോ ഡ്യൂട്ടി 101 കോടി രൂപയും വിറ്റുവരവ് ഇന്ത്യയില്‍ നേടിയിരുന്നു. പ്രാദേശിക സഹകരണമില്ലാതെ സ്വന്തം നിലയിലാണ് ബഷ്‌കയുടെ വരവ്. ഇതോടെ ഇന്ത്യയില്‍ ഇന്‍ഡിടെക്‌സിന് 26 ഷോറൂമുകളായി. കേരളത്തില്‍ നിലവില്‍ ഷോറൂമുകളൊന്നുമില്ല.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍ എന്നിവക്ക് പുറമെ കൗമാരക്കാര്‍ക്കായി ബി.എസ്.കെ ടീന്‍ എന്ന ബ്രാന്റിലും ബഷ്‌ക ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചായിരിക്കും ഇവയുടെ ഡിസൈന്‍. ഇവക്ക് പുറമെ പുള്‍ ആന്‍ഡ് ബിയര്‍ എന്ന ബ്രാന്‍ഡും അധികം വൈകാതെ ഇന്‍ഡിടെക്‌സ് ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
നിലവില്‍ ഫാസ്റ്റ് - ഫാഷന്‍ രംഗത്തെ പ്രമുഖ ബ്രാന്റുകളായ ടാറ്റയുടെ സുഡിയോയെയും റിലയന്‍സിന്റെ യൂസ്റ്റയെയും ബഷ്‌കിന്റെ വരവ് ദോഷകരമായി ബാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് സുഡിയോക്ക് 665 സ്‌റ്റോറുകളും യൂസ്റ്റക്ക് 55 സ്‌റ്റോറുകളുമാണ് ഇന്ത്യയിലുള്ളത്. വസ്ത്രങ്ങള്‍, ബാഗുകള്‍, അക്‌സസറീസ് എന്നിവ 500-2500 രൂപ നിരക്കിലാണ് ബര്‍ഷ്‌കില്‍ ലഭിക്കുന്നത്.
എന്നാല്‍ സുഡിയോ, യൂസ്റ്റ എന്നീ ബ്രാന്റുകള്‍ 1,000 രൂപയുടെ താഴെയുള്ള ഉത്പന്നങ്ങളാണ് ഉപയോക്താക്കളിലെത്തുന്നത്. ഡല്‍ഹിയിലും ബംഗളൂരുവിലും അടുത്ത് തന്നെ ബഷ്‌കിന്റെ സ്‌റ്റോറുകള്‍ തുറക്കും. മറ്റ് നഗരങ്ങളിലേക്കുള്ള വ്യാപനം വേഗത്തിലാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ സുഡിയോക്കും യൂസ്റ്റക്കും വലിയ ഭീഷണിയാകാന്‍ ബഷ്‌കിന് ഉടന്‍ കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തല്‍.
തുണിത്തരങ്ങള്‍, ബ്യൂട്ടി/ഫാഷന്‍ അക്‌സസറീസ്, പാദരക്ഷകള്‍ എന്നിവ അടങ്ങിയ ഇന്ത്യയിലെ ലൈഫ്‌സ്റ്റൈല്‍ വിപണി 2028 എത്തുമ്പോള്‍ 210 ബില്യന്‍ അമേരിക്കന്‍ ഡോളറായി (ഏകദേശം 18.32 ലക്ഷം കോടി രൂപ) വളരുമെന്നാണ് 2024ലെ ബെയിന്‍ ആന്‍ഡ് കോ, മിന്ത്ര റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ റീട്ടെയില്‍ മേഖലയില്‍ മാന്ദ്യം തുടരുമ്പോഴും പ്രീമിയം ഫാഷന്‍, ബ്യൂട്ടി ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. ഇത് മുതലെടുക്കാന്‍ ആഗോള ബ്രാന്റുകളായ ഗ്യാപ് (Gap), ഷെയിന്‍ (Shein), എച്ച് ആന്‍ഡ് എം (H&M), യുണിക്ലോ (Uniqlo0 തുടങ്ങിയവ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അടുത്ത് തന്നെ കൂടുതല്‍ ബ്രാന്റുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine