ടൈംസ് ന്യൂസ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്ന്‍ വിടവാങ്ങി; മറഞ്ഞത് ടൈംസിനെ കൈപിടിച്ചുയര്‍ത്തിയ വ്യക്തിത്വം

ടൈംസ് ന്യൂസ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്ന്‍ കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നിര്യാതയായി. 84 വയസ്സായിരുന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1999 മുതല്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ച് വരികയായിരുന്ന ഇന്ദു ജെയ്‌നെ തികഞ്ഞ ദീര്‍ഘവീക്ഷക എന്നാണ് ടൈംസ് ഗ്രൂപ്പിന്റെ ഭാഗമായ ടൈംസ് നൗ ന്യൂസ് ചാനല്‍ വിശേഷിപ്പിക്കുന്നത്.

ആജീവനാന്ത ആത്മീയ അന്വേഷക, മാര്‍ഗദര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തക, സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവ് തുടങ്ങി ഇന്ദു ജെയ്ന്‍ മാധ്യമ ലോകത്ത് തന്നെ നേതൃപാടവം കൊണ്ട് കരുത്ത് തെളിയിച്ച വ്യക്തിത്വമാണ്. 1999 ല്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍മാനായതിനുശേഷം, സവിശേഷമായ ഒരു നേതൃത്വശൈലി ഇന്ദു ആവിഷ്‌കരിച്ചിരുന്നു ഇത് ടൈംസ് ഗ്രൂപ്പിനെ കൈപിടിച്ചുയര്‍ത്താന്‍ സഹായിച്ചു.
ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വവും പ്രൊഫഷണല്‍ മികവും പ്രോത്സാഹിപ്പിക്കുന്നതിനായി 1983 ല്‍ സ്ഥാപിതമായ FICCI ലേഡീസ് ഓര്‍ഗനൈസേഷന്റെ (എഫ്എല്‍ഒ) സ്ഥാപക പ്രസിഡന്റായിരുന്നു അവര്‍. ഭര്‍ത്താവിന്റെ പിതാവ് സാഹു ശാന്തി പ്രസാദ് 1944 സ്ഥാപിച്ച ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും ഇന്ദു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു സ്ഥാപനമാണിത്. ഈ ട്രസ്റ്റ് വര്‍ഷം തോറും നല്‍കുന്ന ജ്ഞാനപീഠ് അവാര്‍ഡ് ഇന്ത്യന്‍ ഭാഷകളില്‍ എഴുതുന്ന എഴുത്തുകാര്‍ക്കുള്ള ഏറ്റവും അഭിമാനകരമായ ബഹുമതിയാണ്.
2000 ത്തില്‍ ടൈംസ് ഫൗണ്ടേഷന്‍ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചതും ഇന്ദു ജെയ്ന്‍ ആയിരുന്നു. ഇന്ത്യയിലെ വിവിധ ജീവകാരുണ്യ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പാങ്കാളിത്തമാണ് ഫൗണ്ടേഷനുള്ളത്. ഒപ്പം ചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍, മറ്റ് പ്രതിസന്ധികള്‍ തുടങ്ങിയവ വരുമ്പോള്‍ പ്രത്യേകം സഹായം വാഗ്ദാനം ചെയ്യുന്നതിനായി ടൈംസ് റിലീഫ് ഫണ്ട് നടത്തുകയും ചെയ്യുന്നു.
ഇന്ദുജെയ്‌ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്.'ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഇന്ദു ജെയ്ന്‍ ജിയുടെ നിര്യാണം ദുഃഖം ഉളവാക്കുന്നതാണ്. കമ്മ്യൂണിറ്റി സേവന സംരംഭങ്ങള്‍, ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശം, നമ്മുടെ സംസ്‌കാരത്തോടുള്ള ആഴത്തിലുള്ള താല്‍പ്പര്യം എന്നിവയുടെ പേരില്‍ അവര്‍ എന്നും ഓര്‍മ്മിക്കപ്പെടും' എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it