സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; വാഗ അതിര്‍ത്തി അടക്കും; നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; വിസകള്‍ക്ക് നിയന്ത്രണം; ഭീകര ആക്രമണത്തിന് ഇന്ത്യയുടെ കടുത്ത നയതന്ത്ര തിരിച്ചടി

നദീജല കരാര്‍ റദ്ദാക്കുന്നത് 64 വര്‍ഷങ്ങള്‍ക്ക് ശേഷം; വെള്ളം മുടങ്ങുന്നതോടെ പാക്കിസ്ഥാന്റെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാകും
India-Pakistan border
India-Pakistan borderJ&K tourism dept.
Published on

കശ്മീരില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ കടുത്ത നയതന്ത്ര തിരിച്ചടി. ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ രാജ്യാതിര്‍ത്തി അടക്കുന്നത് അടക്കമുള്ള തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പഞ്ചാബിലെ പാക് അതിര്‍ത്തിയായ വാഗ-അട്ടാരി അതിര്‍ത്തി അടക്കും. ഇന്ത്യയിലുള്ള പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കും. പാക്കിസ്ഥാനിലെ ഇന്ത്യ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് അനുവദിച്ചു വരുന്ന പ്രത്യേക വിസ റദ്ദാക്കാനും തീരുമാനിച്ചു.

ഇന്നലെ രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങള്‍. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രധാന നടപടികള്‍

*1960 ല്‍ നിലവില്‍ വന്ന സിന്ധു നദീജല കരാര്‍ മരിവിപ്പിച്ചു.

*സാര്‍ക്ക് വിസ പദ്ധതി പ്രകാരം പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നല്‍കി വരുന്ന എസ്.വി.ഇ.എസ് വിസകള്‍ (south Asian Association for Regional Cooperation (SAARC) Visa Exemption Scheme) റദ്ദാക്കി. ഇത്തരം വിസകളില്‍ ഇന്ത്യയില്‍ ഉള്ള പാക്കിസ്ഥാന്‍ പൗരന്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം.

* വാഗ-അട്ടാരി അതിര്‍ത്തി അടച്ചിടും. നിയമപ്രകാരം അതിര്‍ത്തി കടന്ന് വന്നിട്ടുള്ളവര്‍ മെയ് 1 ന് മുമ്പ് ഇന്ത്യ വിടണം.

* ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കും. ഇവര്‍ ഒരാഴ്ചക്കുള്ളില്‍ രാജ്യം വിടണം.

*ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കും.

* പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 5 സപ്പോര്‍ട്ടിംഗ് ജീവനക്കാരെ ഇന്ത്യ പുറത്താക്കി.

*പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലുള്ള ഇന്ത്യന്‍ സപ്പോര്‍ട്ടിംഗ് ജീവനക്കാരെ പിന്‍വലിക്കും.

*ഇരുരാജ്യങ്ങളിലുമുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55 ല്‍ നിന്ന് 30 ആക്കി കുറക്കും. മെയ് 1 മുതല്‍ ഇത് പ്രാബല്യത്തിലാക്കും.

പാക്കിസ്ഥാന്‍ പ്രതിസന്ധിയിലേക്കോ?

സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് സൂചനകള്‍. വലിയൊരു പ്രദേശത്തെ ശുദ്ധജല വിതരണം മുടങ്ങുന്നതിനൊപ്പം കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം കുറയുന്നതിനും ജലവൈദ്യുത പദ്ധതികള്‍ പ്രതിസന്ധിയിലാകുന്നതിനും ഇന്ത്യയുടെ തീരുമാനം കാരണമായേക്കും.

1960 ല്‍ ഇരുരാജ്യങ്ങളും തമ്മിണ്ടാക്കിയ നദീജല കരാര്‍ ഏറ്റവുമധികം ഗുണകരമായിരുന്നത് പാക്കിസ്ഥാനാണ്. ലോക ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നദീജല കരാറാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള രവി,ബിയാസ്,സത്‌ലജ് എന്നീ നദികളും പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള സിന്ധു,ഝലം,ചെനാബ് നദികളുമാണ് കരാറില്‍ ഉള്ളത്. കരാര്‍ പ്രകാരം ഇന്ത്യക്ക് 20 ശതമാനവും (വര്‍ഷത്തില്‍ 4,100 കോടി ക്യുബിക് മീറ്റര്‍ വെള്ളം) 80 ശതമാനം പാക്കിസ്ഥാനും (9,900 കോടി ക്യുബിക് മീറ്റര്‍) ആണ് അവകാശം.

നിലനില്‍പ്പ് അപകടത്തില്‍

പാക്കിസ്ഥാന് ഈ നദികളിലെ വെള്ളം അവരുടെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണ്. 80 ശതമാനം കൃഷി ഭൂമിയിലും നദീജലമാണ് ഉപയോഗിക്കുന്നത്. കരാര്‍ പ്രകാരം ലഭിക്കുന്ന വെള്ളത്തിന്റെ 93 ശതമാനം ഉപയോഗിക്കുന്നത് കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ്. പാക്കിസ്ഥാനിലെ 24 കോടി ജനങ്ങള്‍ ഈ വെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രധാന നഗരങ്ങളായ കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍ എന്നിവിടങ്ങളിലെ ജലവിതരണം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാകും ഇന്ത്യയുടെ തീരുമാനം. പാക്കിസ്ഥാനിലെ ടര്‍ബല, മംഗ്ല തുടങ്ങിയ ജലവൈദ്യുത പദ്ധതികളിലേക്കുള്ള ജല ലഭ്യതയും തടസ്സപ്പെടും.

പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 25 ശതമാനം ഈ മേഖലയിലെ കൃഷിയില്‍ നിന്നാണ്. ഗോതമ്പ്, അരി, കരിമ്പ്, കോട്ടന്‍ എന്നിവയുടെ കൃഷി വന്‍തോതില്‍ നടക്കുന്ന ഈ മേഖലയില്‍ വരള്‍ച്ചക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കും.

ചെനാബ്, ഝലം എന്നീ നദികളില്‍ നിന്നുള്ള ജലലഭ്യതയാണ് പ്രധാനമായും ഇല്ലാതാവുക. പാക്കിസ്ഥാന്റെ ഭക്ഷ്യ സുരക്ഷയെ വരെ ഇത് ബാധിക്കും. നഗരങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങാം. കരാര്‍ പ്രകാരം ഇന്ത്യയേക്കാള്‍ കൂടുതല്‍ ജല അവകാശം പാക്കിസ്ഥാനായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെ പാക്കിസ്ഥാന് ഈ അവകാശമാണ് നഷ്ടമാകുന്നത്.

ഇതോടെ നദീകളിലെ ജലവിതരണം സംബന്ധിച്ച് ഇന്ത്യയുടെ തീരുമാനങ്ങള്‍ നിര്‍ണായകമാകും. ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ നദികളിലെ വെള്ളം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com