വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ്; ഖനന, വൈദ്യുതി മേഖലകളില്‍ തിരിച്ചടി

രാജ്യത്തിന്റെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ് വന്നതായി ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ഇന്‍ഡെക്‌സിന്റെ പുതിയ കണക്കുകള്‍. ഫാക്ടറി ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ 21 മാസത്തിനിടെ ആദ്യമായാണ് കുറവ് സംഭവിക്കുന്നതെന്ന് ഓഗസ്റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 6.2 ശതമാനമുണ്ടായിരുന്ന വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 4.2 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഖനനം, വൈദ്യുതി തുടങ്ങിയ മേഖലയിലാണ് വലിയ തിരിച്ചടിയുണ്ടായത്. കനത്ത മഴയാണ് ഉല്‍പ്പാദനം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഖനന,വൈദ്യുതി മേഖലകളിലെ തിരിച്ചടി

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴ ഖനനമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഓഗസ്റ്റില്‍ ഈ മേഖലയില്‍ 4.3 ശതമാനം കുറവ് രേഖപ്പെടുത്തി. ജുലൈയില്‍ 3.8 ശതമാനം വളര്‍ച്ചയുണ്ടായ മേഖലയാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 12.3 ശതമാനമായിരുന്നു വളര്‍ച്ച. ഓഗസ്റ്റ് മാസത്തിലെ കനത്ത മഴയില്‍ ഖനികളില്‍ ഉല്‍പ്പാദനം നടക്കാതിരുന്നതാണ് കാരണം. വൈദ്യുതി ഉല്‍പ്പാദനത്തിലും 3.7 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 15.3 ശതമാനമായിരുന്നു വളര്‍ച്ച.

നിര്‍മാണ ക്ഷമത കുറഞ്ഞു

രാജ്യത്തെ മൊത്തം നിര്‍മാണ ക്ഷമതയിലും കുറവുണ്ടായ മാസങ്ങളാണ് കടന്നു പോയത്. മൊത്തം ഉല്‍പ്പാദന വ്യവസായത്തിന്റെ 77.6 ശതമാനം വരുന്നത് വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ നിന്നാണ്. ഓഗസ്റ്റില്‍ ഈ മേഖലയില്‍ 1 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവുണ്ടായതായി ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ഇന്‍ഡക്‌സിന്റെ കണക്കുകള്‍ കാണിക്കുന്നു. നിക്ഷേപങ്ങളുടെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന കാപിറ്റല്‍ ഗുഡ്‌സ് വിഭാഗത്തില്‍ 0.07 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ മൊത്തവളര്‍ച്ചയില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടായി. എഫ്.എം.സി.ജി സെക്ടറില്‍ 4.5 ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം 9.9 ശതമാനം വളര്‍ച്ചയുണ്ടായ മേഖലയാണിത്.

Related Articles
Next Story
Videos
Share it