Begin typing your search above and press return to search.
വിലക്കയറ്റം: ഇന്ത്യയിലെ ഓരോ കുടുംബവും ചെലവിടേണ്ടി വരുന്നത് 18 ശതമാനം അധികം
വിലക്കയറ്റ പ്രവണത തുടരുന്നതിനാല്‍ ഇന്ത്യയിലെ ഓരോ കുടുംബവും ശരാശരി 18 ശതമാനം കൂടുതല്‍ ചെലവിടേണ്ടി വരുന്നതായി പഠനം. വിപണി ഗവേഷണ സ്ഥാപനമായ കന്താറിന്റേതാണ് പഠനം. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തെ പ്രവണതയാണ് പഠന വിധേയമാക്കിയത്.
ശരാശരിക്കാരായ ഒരു കുടുംബം ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ ശരാശരി 49,418 രൂപയാണ് ചെലവാക്കിയത്. നഗരങ്ങളില്‍ ഇത് 64,583 രൂപയാണ്; ഗ്രാമങ്ങളില്‍ 41,215 രൂപ. ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ ചെലവാക്കുന്നതിന്റെ 1.6 മടങ്ങ് നഗര മേഖലയില്‍ മുടക്കുന്നുവെന്നാണ് കണക്ക്. സമ്പന്നരെന്ന് അവകാശപ്പെടാന്‍ കഴിയാത്തവര്‍ 38,000 രൂപയോളം ത്രൈമാസം ചെലവിടുന്നതായും പഠനം പറയുന്നു.
പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി, വിദ്യാഭ്യാസം, യാത്ര, വസ്ത്രം, വീട്ടുവാടക തുടങ്ങിയവക്കുള്ള ചെലവുകളാണ് ഈ കണക്കെടുപ്പില്‍ പരിഗണിച്ചത്. ഭക്ഷണാവശ്യത്തിനാണ് ഏറ്റവും കൂടുതല്‍ ചെലവ്. ഒരു കുടുംബത്തിന്റെ ത്രൈമാസ ചെലവില്‍ നാലിലൊന്നും പലവ്യഞ്ജനങ്ങള്‍ക്കാണ്. ഈയിനത്തില്‍ പതിവു ചെലവിലുണ്ടായ വര്‍ധന 19 ശതമാനമാണ്.
ഗ്രാമീണ മേഖലയില്‍ കുടുംബത്തിലൊരാള്‍ക്ക് പ്രതിമാസ ചെലവ് 3,773 രൂപയും നഗരങ്ങളില്‍ 6,459 രൂപയുമെന്നാണ് 2022-23ല്‍ കണക്കാക്കിയിരുന്നത്. ഉപഭോക്തൃ വിനിയോഗ സര്‍വേ പ്രകാരം പ്രതിമാസ ആളോഹരി കുടുംബചെലവ് ഗ്രാമങ്ങളിലേക്കാള്‍ നഗരങ്ങളില്‍ 71 ശതമാനമെന്നും 2022-23ല്‍ കണക്കാക്കി.
കോവിഡ് കാലത്തിനു ശേഷം കുടുംബങ്ങള്‍ വലിയ തോതില്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്. നിത്യോപയോഗ സാധനങ്ങള്‍, പാക്കറ്റിലാക്കിയവ എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ചെലവ് നടത്തിക്കൊണ്ടു പോകാന്‍ പ്രയാസപ്പെടുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനവും വിശദീകരിച്ചത്.
Next Story
Videos