എഐ മാറ്റങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകും, പിരിച്ചുവിടല്‍ കമ്പനിയുടെ അജന്‍ഡയില്ല; ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ്

എഐ അധിനിവേശത്തില്‍ എതിരാളികള്‍ ജീവനക്കാരുടെ പുനര്‍വിന്യാസം നടത്തുന്ന സമയത്താണ് ഇന്‍ഫോസിസ് സിഇഒയുടെ നയംവ്യക്തമാക്കല്‍ എന്നത് ശ്രദ്ധേയമാണ്.
infosys
Infosys
Published on

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐടി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമ്പോഴും തൊഴില്‍ ശക്തിയില്‍ കുറവുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ്. മണികണ്‍ട്രോളിന് നല്കിയ അഭിമുഖത്തിലാണ് കമ്പനിയുടെ നയം അദ്ദേഹം വ്യക്തമാക്കിയത്. ഈ സാമ്പത്തികവര്‍ഷം ഇന്‍ഫോസിസ് 20,000 പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നും പരേഖ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം തങ്ങള്‍ ഒരുതരത്തിലുമുള്ള പിരിച്ചുവിടലും നടത്തിയില്ല. ഉടനെ അത്തരത്തിലൊന്നിന് സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എഐ അധിനിവേശത്തില്‍ എതിരാളികള്‍ ജീവനക്കാരുടെ പുനര്‍വിന്യാസം നടത്തുന്ന സമയത്താണ് ഇന്‍ഫോസിസ് സിഇഒയുടെ നയംവ്യക്തമാക്കല്‍ എന്നത് ശ്രദ്ധേയമാണ്.

ജോലിയുടെ സ്വഭാവം മാറ്റും

എഐ വ്യാപകമായി ഉപയോഗിക്കപ്പെടുമ്പോള്‍ ജോലികള്‍ ഇല്ലാതാകും എന്ന ആശങ്കകളോട് പ്രതികരിച്ചുകൊണ്ട്, ജോലിയുടെ സ്വഭാവമാണ് മാറുകയെന്ന് പരേഖ് വ്യക്തമാക്കി. 'എഐ ജോലി ചുരുക്കുകയല്ല, മറിച്ച് പുതിയ അവസരങ്ങള്‍ തുറക്കുകയാണ്,' എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എഐ ഉപയോഗിച്ചും ഉപയോഗിക്കാതെയും പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിലാണ് ഇന്‍ഫോസിസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫൗണ്ടേഷന്‍ മോഡലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോഡുകള്‍ നിര്‍മിക്കാനും വിലയിരുത്താനും ജീവനക്കാരെ പരിശീലിപ്പിക്കുന്നു.

നിലവില്‍ ഇന്‍ഫോസിസിന്റെ മൊത്തം വരുമാനത്തില്‍ ഏകദേശം 5.5 ശതമാനം എഐയില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് വേഗത്തില്‍ ഉയരുന്നുണ്ടെന്നും അടുത്ത വര്‍ഷങ്ങളില്‍ പ്രധാന വളര്‍ച്ചാ ഘടകമായി മാറുമെന്നുമാണ് കമ്പനി വിലയിരുത്തുന്നത്.

എഐ അധിഷ്ഠിത പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഓപ്പണ്‍എഐ (OpenAI), ആന്ത്രോപിക് (Anthropic) പോലുള്ള സ്ഥാപനങ്ങളുമായി പങ്കാളിത്തം ശക്തിപ്പെടുത്തുകയും, Topaz Fabric പോലുള്ള ഇന്റേണല്‍ പ്ലാറ്റ്ഫോമുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.ഇന്‍ഫോസിസില്‍ നിന്ന് വിഭിന്നമായി മറ്റ് ഐടി കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

Infosys CEO Salil Parekh says AI will transform jobs, not reduce workforce, with plans to hire 20,000 employees

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com