ആര്‍ബിഐ ഇന്നവേഷന്‍ ഹബിനെ നയിക്കാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍

സാമ്പത്തിക മേഖലയില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച പതിയ ഇന്നവേഷന്‍ ഹബിന്റെ ചെയര്‍മാനായി മലയാളിയും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ചെയര്‍മാന്‍ തലവനായുള്ള ഗവേണിംഗ് കൗണ്‍സിലിന്റെ കീഴിലാണ് റിസര്‍വ് ബാങ്ക് ഇന്നവേഷന്‍ ഹബ് പ്രവര്‍ത്തിക്കുക.

സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേഷന്‍ ഹബ്ബായ കളമശ്ശേരി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്റര് കൂടിയാണ് ഇപ്പോള്‍ ക്രിസ് ഗോപാലകൃഷ്ണന്‍. മദ്രാസ് ഐഐറ്റി പ്രൊഫസര്‍ അശോക് ജുന്‍ജുന്‍വാല, ബംഗളൂരി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് സയന്റിസ്റ്റ് എച്ച് കൃഷ്ണമൂര്‍ത്തി, ടിവിഎസ് കാപിറ്റല്‍ ഫണ്ട്,് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഗോപാല്‍ ശ്രീനിവാസന്‍, നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് എ പി ഹോത, സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് മൃത്യുഞ്ജയ് മഹാപത്ര, ആര്‍ബിഐ (എക്‌സ് ഓഫീഷ്യോ) എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ടി രബി ശങ്കര്‍, ആര്‍ബിഐ (എക്‌സ് ഒഫീഷ്യോ) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചീഫ് ജനറല്‍ മാനേജര്‍ ദീപക് കുമാര്‍, ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്‌നോളജി (എക്‌സ് ഒഫീഷ്യോ) ഡയറക്റ്റര്‍ കെ നിഖില എന്നിവരാണ് ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍.

ഗവേണിംഗ് കൗണ്‍സിലിന്റെ ഒരു ചീഫ് എക്‌സിക്യൂട്ടീവിനെ കൂടി നിയമിക്കേണ്ടതുണ്ട്. സാമ്പത്തിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും മെച്ചപ്പെടുത്തുകയും കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും കൂടി ഇന്നവേഷന്‍ ഹബിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നു. സാമ്പത്തിക രംഗത്തെ സ്ഥാപനങ്ങള്‍, ടെക്‌നോളജി ഇന്‍ഡസ്ട്രി, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പുതിയ ആശയങ്ങള്‍ കൈമാറുകയും ഫിനാന്‍ഷ്യല്‍ ഇന്നവേഷന്‍ സാധ്യമാക്കുകയുമാണ് ലക്ഷ്യം.

Related Articles
Next Story
Videos
Share it