ഇന്‍ഫോസിസിന് എനര്‍ജി കമ്പനിയായ ബി.പിയില്‍ നിന്ന് 150 കോടി ഡോളറിന്റെ കരാര്‍

രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന് ആഗോള എനര്‍ജി കമ്പനിയായ ബി.പിയില്‍ നിന്ന് 150 കോടി ഡോളറിന്റെ(12,300 കോടി രൂപ) ഇടപാട് ലഭിച്ചു. ബി.പിയുടെ മുഖ്യ ആപ്ലിക്കേഷന്‍ സര്‍വീസ് പാര്‍ട്‌ണറാകും ഇനി ഇന്‍ഫോസിസ്. അഞ്ച് വര്‍ഷത്തേക്കുള്ളതാണ് കരാര്‍. എന്നാല്‍ ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫോസിസും ബി.പിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇരു കമ്പനികളും തമ്മില്‍ രണ്ട് പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. 10 കോടി ഡോളറിന്റെ വാര്‍ഷിക കരാര്‍ ആയിരുന്നു ഇതുനു മുമ്പ് കമ്പനികളും തമ്മിലുണ്ടായിരുന്നത്. മെയ് 10 ന് ഇന്‍ഫോസിസ്സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനി, ബി.പി ഇന്നവേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലെ ആന്‍ റസല്‍ എന്നിവര്‍ കരാറില്‍ ഒപ്പു വച്ചു.

മൂന്നു വര്‍ഷം മുന്‍പ് പ്രമുഖ ജര്‍മന്‍ ഓട്ടോമോട്ടീവ് കമ്പനിയായ ഡെയ്മ്‌ലറില്‍ നിന്ന് ലഭിച്ച 320 കോടി ഡോളറിന്റെ കരാറിനു ശേഷം ഇന്‍ഫോസിസിന് ലഭിക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്. വികസനം, ആധുനികവത്കരണം, മാനേജ്‌മെന്റ്, മെയിന്റനന്‍സ് സര്‍വീസ് എന്നിവയാണ് ഇന്‍ഫോസിസ് ബി.പിയ്ക്ക് നല്‍കുക.

ആരാംകോ, ഷെവ്രോണ്‍, കോന്‍കോ ഫിലിപ്‌സ്, എക്‌സോണ്‍ മൊബി, ഷെല്‍ എന്നിവരാണ് എനര്‍ജി ആന്‍ഡ് യൂട്ടിലിറ്റി സ്‌പേസില്‍ ഇന്‍ഫോസിസിന്റെ മറ്റ് മുഖ്യ ഉപഭോക്തൃ കമ്പനികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it