കൂടുതല്‍ നേരം പണിയെടുത്താല്‍ കണ്ണുരുട്ടുന്ന കമ്പനികള്‍! ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ പുതിയ മാറ്റത്തിനോ? വര്‍ക്ക്-ലൈഫ് ബാലന്‍സ് മുഖ്യമെന്ന് ഇന്‍ഫോസിസ്

ലോക വര്‍ക്ക്-ലൈഫ് ബാലന്‍സ് ഇന്‍ഡെക്‌സില്‍ ഇന്ത്യക്ക് 42ാം സ്ഥാനമാണുള്ളത്
three people working on a computer infosys logo
canva, Facebook / infosys
Published on

ജോലി സമയം അധികരിച്ചാല്‍ ഇക്കാര്യം ഓര്‍മിപ്പിച്ച് കമ്പനിയില്‍ നിന്നും ഇ-മെയില്‍ വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ അടുത്ത കാലം വരെ ഇന്ത്യന്‍ തൊഴില്‍ സാഹചര്യത്തില്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ഇതിന് മാറ്റം വരുത്തിയിരിക്കുകയാണ് പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ്. ഇനി മുതല്‍ പ്രതിദിനം 9.15 മണിക്കൂറില്‍ കൂടുതല്‍ ആരും ജോലിയെടുക്കേണ്ടതില്ലെന്ന് കമ്പനിയിലെ 3.23 ലക്ഷം ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റ് ചില കമ്പനികളും ഇതേ മാതൃക പിന്തുടരുമെന്നാണ് സൂചന.

ഇന്‍ഫോസിസ് നീക്കം ഇങ്ങനെ

ഓഫീസിലെത്താതെ ജോലി ചെയ്യുന്ന റിമോട്ട് ജീവനക്കാരുടെ തൊഴില്‍ സമയം പരിശോധിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം. നിശ്ചയിച്ച സമയത്തിനപ്പുറം ജോലിയെടുക്കുന്നവര്‍ക്ക് ഇനിമുതല്‍ ഓട്ടോമേറ്റഡ് സംവിധാനത്തില്‍ നിന്നും ഓര്‍മപ്പെടുത്തലെത്തും. ജീവനക്കാര്‍ പ്രതിദിനം 9.15 മണിക്കൂര്‍ വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്യണമെന്നാണ് കമ്പനിയുടെ നയം. അതേസമയം, ജീവനക്കാരെ ഓഫീസിലെത്തി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് പുതിയ നയം നടപ്പിലാക്കുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 നവംബറില്‍ നടപ്പിലാക്കിയ റിട്ടേണ്‍ ടു ഓഫീസ് നയ പ്രകാരം മാസത്തില്‍ 10 ദിവസമെങ്കിലും ജീവനക്കാര്‍ ഓഫീസിലെത്തിയിരിക്കണം.

വര്‍ക്ക്-ലൈഫ് ബാലന്‍സ് മുഖ്യം

അധിക നേരം ജോലി ചെയ്യുന്നത് ആത്മാര്‍ഥത കൊണ്ടാണെന്ന് അറിയാമെങ്കിലും ആരോഗ്യകരമായ തൊഴില്‍-ജീവിത ശീലങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയിക്കുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ജോലിക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമത്തിനുള്ള സമയം കണ്ടെത്തണം. ജോലി ഭാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണം. ഡ്യൂട്ടിയില്‍ അല്ലാത്ത സമയത്ത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ഈ സമയങ്ങളില്‍ ജോലി സംബന്ധമായ ചര്‍ച്ചകള്‍ പോലും കുറയ്ക്കണമെന്നും ഇതില്‍ പറയുന്നു.

70 മണിക്കൂര്‍ ജോലി

അതേസമയം, ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ നിലപാടിന് വിരുദ്ധമാണ് കമ്പനിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ (Work Life Balance) പാലിക്കേണ്ടതില്ലെന്നും രാഷ്ട്ര പുരോഗതിക്ക് വേണ്ടി ചെറുപ്പക്കാര്‍ കൂടുതല്‍ നേരം ജോലി ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നത്.

ഇന്ത്യയുടെ സ്ഥാനം എവിടെ?

അടുത്തിടെ ഗ്ലോബല്‍ എച്ച്.ആര്‍ പ്ലാറ്റ്‌ഫോമായ റിമോട്ട്.കോം നടത്തിയ ലോക ലൈഫ്-വര്‍ക്ക് ബാലന്‍സ് ഇന്‍ഡെക്‌സ് 2025ല്‍ ഒന്നാമതെത്തിയത് ന്യൂസിലാന്റാണ്. അയര്‍ലന്റിനാണ് രണ്ടാം സ്ഥാനം. സൂചികയില്‍ ഇന്ത്യക്ക് 42ാം സ്ഥാനമാണ്. 100ല്‍ 45.8 പോയിന്റാണ് ഇന്ത്യക്കുള്ളത്. പ്രതിവര്‍ഷം 35 ദിവസത്തെ അവധിയെടുക്കാന്‍ ഇന്ത്യയില്‍ അനുമതിയുണ്ടെങ്കിലും മിനിമം വേതനം, ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ്, ജോലി സമയം എന്നീ മേഖലകളില്‍ രാജ്യം പിന്നിലാണെന്നും ഇതില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com