ഉഗ്രന്‍ തട്ടിപ്പിനൊടുവില്‍ ജെന്‍സോള്‍ ഓഹരി വില ₹ 1,125ല്‍ നിന്ന് ₹ 118 രൂപയില്‍, സെബി പിടികൂടി, പ്രമോട്ടര്‍മാര്‍ കുരുക്കില്‍, നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി വിജയ് കേഡിയ

ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (IREDA) പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (PFC) എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ജെന്‍സോള്‍ എടുത്ത വായ്പ ₹ 978 കോടി
gensol engineering promoters
www.gensol.in, Canva
Published on

ഓഹരി വിപണിയില്‍ നിന്ന് ഒരു അതിഭീകര തട്ടിപ്പിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ (gensol engineering) പ്രമോട്ടര്‍മാരാണ് ഞെട്ടിക്കുന്ന തിരിമറിക്ക് പിന്നില്‍. സെബി (Securities and Exchange Board of India) തട്ടിപ്പ് കണ്ടെത്തിയതോടെ പ്രമോട്ടര്‍മാര്‍ക്കെതിരേ വഞ്ചനാക്കുറ്റം ചുമത്തുകയും ജെന്‍സോളിലോ ലിസ്റ്റ് ചെയ്ത മറ്റേതെങ്കിലും കമ്പനികളിലോ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെയും അനുബന്ധ സ്ഥാപനമായ ബ്ലൂസ്മാര്‍ട്ടിന്റെയും പ്രമോട്ടര്‍മാരായ അന്‍മോള്‍ സിംഗ് ജഗ്ഗി (Anmol Singh Jaggi) പുനിത് സിംഗ് ജഗ്ഗി (Puneet Singh Jaggi) എന്നിവര്‍ക്കെതിരേയാണ് നടപടി എടുത്തിരിക്കുന്നത്.

തട്ടിപ്പിന്റെ വഴി ഇങ്ങനെ

വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ജെന്‍സോള്‍ എന്‍ജിനിയറിംഗ്. 2015ലാണ് കമ്പനി സ്ഥാപിതമാകുന്നത്. 2019 ഫെബ്രുവരി എട്ടിന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. സോളാര്‍ പ്ലാന്റുകളുടെ രൂപകല്പന, നിര്‍മാണം, ഇന്‍സ്റ്റാലേഷന്‍ എന്നിവയ്‌ക്കൊപ്പം ഇ.വി വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലും ജെന്‍സോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കമ്പനിക്കെതിരേ സെബി ഇപ്പോള്‍ അതിഗുരുതരമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. കമ്പനിക്ക് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചെന്നും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജെന്‍സോളിന്റെ ക്രെഡിറ്റ് റേറ്റിംഗ് രണ്ട് ഏജന്‍സികള്‍ താഴ്ത്തിയിട്ടുണ്ട്. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന 'ഡി' റേറ്റിംഗിലേക്കാണ് ജെന്‍സോളിന് തരംതാഴ്ത്തിയത്.

പണം എവിടെ പോയി?

ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (IREDA) പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (PFC) എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ജെന്‍സോള്‍ 977.75 കോടി രൂപ വായ്പയെടുത്തിരുന്നു. ബ്ലൂസ്മാര്‍ട്ടിനായി 6,400 വൈദ്യുത വാഹനങ്ങള്‍ വാങ്ങാനായിരുന്നു ഇത്. എന്നാല്‍ വായ്പയെടുത്ത തുകയില്‍ 663.89 കോടി രൂപ മാത്രമാണ് ജെന്‍സോള്‍ ചെലവഴിച്ചത്.

ബാക്കി തുക പ്രമോട്ടര്‍മാരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും മറ്റ് കമ്പനികളില്‍ നിക്ഷേപിക്കാനും ചെലവഴിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജഗ്ഗി സഹോദരന്മാര്‍ അമ്മയുടെ അക്കൗണ്ടിലേക്ക് 6.2 കോടി രൂപ വകമാറ്റി. ഗോള്‍ഫ് സെറ്റ് വാങ്ങാന്‍ 26 ലക്ഷം രൂപ ചെലവിട്ടു. സ്വകാര്യ യാത്രകള്‍ക്കായി മൂന്നുലക്ഷം രൂപ കമ്പനി അക്കൗണ്ടില്‍ നിന്ന് മാറ്റി... ഇങ്ങനെ പോകുന്നു വ്യക്തിഗത ആവശ്യങ്ങള്‍ക്കായി മാറ്റിയതിന്റെ കണക്കുകള്‍.

എന്നാല്‍ ഇതിനേക്കാള്‍ വലിയ തട്ടിപ്പാണ് പ്രമോട്ടര്‍മാര്‍ പിന്നീട് ചെയ്തത്. ഐ.ആര്‍.ഇ.ഡി.എ, പി.എഫ്.സി എന്നീ കമ്പനികള്‍ക്കുള്ള വായ്പ കൃത്യമായി തിരിച്ചടച്ചെന്ന രേഖകള്‍ ജെന്‍സോള്‍ കൃത്രിമമായി ഉണ്ടാക്കി. ഇതുവഴി കമ്പനിയുടെ സാമ്പത്തികാവസ്ഥ നല്ലനിലയിലാണെന്ന് നിക്ഷേപകരെയും വിപണിയെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

സെബിയുടെ ഇടപെടല്‍ എങ്ങനെ?

കമ്പനിക്കും പ്രമോട്ടര്‍മാര്‍ക്കുമെതിരേ പരാതി വന്നതോടെ ഉണര്‍ന്ന സെബി ഇപ്പോള്‍ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. പ്രമോട്ടര്‍മാരായ ജഗ്ഗി സഹോദരന്മാര്‍ക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഡെന്‍സോളിലോ ലിസ്റ്റ് ചെയ്ത മറ്റേതെങ്കിലും കമ്പനിയിലോ പ്രധാനപ്പെട്ട റോളുകള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കി. 1:10 അനുപാതത്തില്‍ ഓഹരികള്‍ വിഭജിക്കാനുള്ള നീക്കവും തടഞ്ഞു. തട്ടിപ്പ് പുറത്തുവന്ന ശേഷം കമ്പനിയുടെ ഓഹരിയില്‍ 75 ശതമാനത്തോളം ഇടിവുണ്ടായി.

1,125 രൂപയില്‍ നിന്ന് 117ലേക്ക്

ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ ഉയര്‍ന്നിരുന്നു ജെന്‍സോള്‍ ഓഹരികള്‍. വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടതോടെ 118 രൂപയിലേക്ക് വില താഴ്ന്നു. ഇന്ന് (മാര്‍ച്ച് 17, വ്യാഴം) 5 ശതമാനത്തോളം താഴ്ന്ന് 117 രൂപ വരെ രാവിലെ വിലയെത്തി. ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപ വരുമാനവും 18 കോടി രൂപ ലാഭവും രേഖപ്പെടുത്തിയ ജെന്‍സോളിന്റെ ഓഹരിവില ഇനിയും താഴുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പ്രമോട്ടര്‍മാരിലും മാനേജ്‌മെന്റിലും നിക്ഷേപകര്‍ക്കുണ്ടായ വിശ്വാസം നഷ്ടപ്പെടാന്‍ തട്ടിപ്പ് കാരണമായിട്ടുണ്ട്.

വിജയ് കേഡിയ മുന്നറിയിപ്പ്

ജെന്‍സോള്‍ തട്ടിപ്പ് പുറത്തു വന്നതോടെ നിക്ഷേപകരെല്ലാം ഞെട്ടലിലാണ്. വിപണിയില്‍ ഇത്തരം കള്ളക്കളികള്‍ നടത്തുന്ന അനേകം കമ്പനികളില്‍ ഒന്നു മാത്രമാണ് ജെന്‍സോളെന്ന് പ്രമുഖ നിക്ഷേപകനായ വിജയ് കേഡിയ (vijay kedia) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം കബളിപ്പിക്കല്‍ കമ്പനികളെ കണ്ടെത്താനായുള്ള മാര്‍ഗങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

  • മീഡിയയിലും സോഷ്യല്‍ മീഡിയയിലും സ്ഥിരമായ സാന്നിധ്യം

  • അവഗണിക്കാവുന്ന കാര്യങ്ങള്‍ പോലും ആഘോഷമാക്കുന്നു

  • വ്യക്തതയില്ലാതെ ഫണ്ടുകള്‍ സമാഹരിക്കുന്നു

  • കമ്പനിക്ക് ഒരു ബന്ധവുമില്ലാത്ത ബിസിനസുകളിലേക്ക് എടുത്തു ചാടുന്നു

  • പ്രധാന മാനേജ്‌മെന്റ് അംഗങ്ങളുടെ സ്ഥിരമായ രാജികള്‍

Massive financial scam by listed company Gensol shocks investors; SEBI and rating agencies take stern action

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com