

Wanted: A Radical Reform.
1980 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ, തലശ്ശേരി സബ്കളക്റ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച മുന്‍ G20 ഷെര്‍പ്പയും നീതി ആയോഗ് സിഇഒയുമായിരുന്ന അമിതാഭ് കാന്ത് കേരളത്തിന്റെ കാര്യത്തില്‍ പറയുന്നത് ഇതാണ്. 'വേണം: റാഡിക്കലായൊരു പരിഷ്‌കാരം.'
കേരളത്തിലെ രണ്ട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത 'Beyond Cynicism: Kerala 2.0 Insights From Insiders' എന്ന അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തിലാണ് അമിതാഭ് കാന്തിന്റെ ഈ തുറന്ന നിരീക്ഷണമുള്ളത്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണനേതൃത്വം ചുമതലയേല്‍ക്കുന്നു. 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പും വരവായി. മുമ്പെന്നത്തേക്കാളുപരി സംസ്ഥാന വികസനം, പുതിയ തൊഴിലുകള്‍ സൃഷ്ടിക്കല്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, അധിക വരുമാനം കണ്ടെത്തല്‍, ലോകം തന്നെ അത്ഭുതത്തോടെ നോക്കിയ കേരള മോഡലിന്റെ നിലവിലെ അവസ്ഥയും മുന്നോട്ടുള്ള പോക്കും അങ്ങനെ നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കക്ഷി ഭേദമന്യേ ഏവരും വികസനത്തെ കുറിച്ച് പറയുന്ന സ്ഥിതി. അപ്പോഴാണ് കേരളത്തിന്റെ ഭരണ സംവിധാനത്തില്‍ താഴേത്തട്ട് മുതല്‍ ഏറ്റവും ഉന്നത തലം വരെ പ്രവര്‍ത്തിച്ച, കേരളം മാറിമാറി ഭരിച്ച ഇരു മുന്നണികളുടെ നേതൃത്വവുമായും അടുത്തിടപഴകിയിരുന്ന ഉന്നതര്‍ ഇങ്ങനെയൊരു പുസ്തകവുമായി വന്നിരിക്കുന്നത്.
'സര്‍ക്കാരിന്റെ ഭരണതലത്തിലെ ഉന്നതരുടെ അനുഭവജ്ഞാനത്തിന്റെ സമാഹാരം' എന്നാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍ പറയുന്നത്. കേരളത്തിന്റെ സമയം അതിക്രമിച്ചുവരികയാണ്. പൊതുജനങ്ങളില്‍ മനഃപൂര്‍വം ഭീതി പടര്‍ത്താനുള്ള പ്രവൃത്തിയല്ല ഇത്. സംസ്ഥാനം പാരിസ്ഥിതികമായും സാമ്പത്തികമായും ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നു. അതുകൊണ്ട് സംസ്ഥാനം ഇനി മുന്നേറാനും സ്ഥിരത നിലനിര്‍ത്താനും അതിവേഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം- ആമുഖത്തില്‍ തന്നെ എഡിറ്റര്‍മാര്‍ പറയുന്നു. അര്‍ജന്റീനയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമെല്ലാം കേരളത്തിന് പ്രചോദനം ഉള്‍ക്കൊള്ളാമെന്ന് ലേഖകര്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ രംഗങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടലോ ഉപദേശിക്കലോ ഭരണരീതിയെകുറിച്ച് ഉദ്‌ഘോഷം നടത്തലോ അല്ല തങ്ങള്‍ ഈ പുസ്തകത്തിലൂടെ നടത്തുന്നതെന്ന് എഡിറ്റര്‍മാര്‍ വിശദീകരിക്കുന്നുണ്ട്. വിവിധ പ്രശ്‌നങ്ങള്‍ക്ക് ലേഖകര്‍ നിര്‍ദേശിക്കുന്ന പരിഹാരങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നതാണോയെന്നത് നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന 'മുന്‍കൂര്‍ ജാമ്യ'വും ഡോ. ശശി തരൂര്‍ എടുക്കുന്നു.
സമ്പദ്സമൃദ്ധമായ കേരളം സൃഷ്ടിക്കാന്‍ മികച്ച ഒരു ഭൂനയം വേണമെന്ന് സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായിരുന്ന പി.എച്ച് കുര്യനും ടി. ബാലകൃഷ്ണനും പറയുന്നുണ്ട്. ഇരുവരും ചേര്‍ന്ന് എഴുതിയിരിക്കുന്ന ലേഖനങ്ങള്‍ എല്ലാം തന്നെ സംസ്ഥാന വികസനം മുന്നില്‍ക്കണ്ടുള്ള സമഗ്രമായൊരു അഴിച്ചുപണി ആഹ്വാനം ചെയ്യുന്നവയാണ്. കേരളത്തില്‍ 35 ദശലക്ഷം ആളുകള്‍ 38,000 ചതുരശ്ര കിലോമീറ്ററില്‍ തിങ്ങിഞെരുങ്ങി ജീവിക്കുകയാണ്. ''സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാന്‍ ഇടയായ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പിന്മാറാന്‍ ഭരണാധികാരികള്‍ ധൈര്യം കാണിക്കണം. സംസ്ഥാനത്തിന് പ്രയോജനം ചെയ്യുന്ന പ്രായോഗികമായ ഭൂവിനിയോഗ നയം രൂപീകരിക്കാന്‍ തയാറാകണം,'' ഇരുവരും ഒരു ലേഖനത്തില്‍ പറയുന്നു.
ദാരിദ്ര്യവും പട്ടിണിയും നടമാടിയിരുന്ന കാലത്ത് ഭൂപരിഷ്‌കരണ നിയമം പോലെ വിപ്ലവകരമായ നീക്കം നടത്താന്‍ ധൈര്യം കാണിച്ചവരാണ് കേരളത്തിലെ ഭരണാധികാരികള്‍. ഇപ്പോള്‍ സാഹചര്യങ്ങള്‍ ഏറെ മാറി. അതിനനുസരിച്ച് മറ്റൊരു മാറ്റത്തിന് മുമ്പത്തെ അതേ ആര്‍ജവം ഭരണനേതൃത്വം കാണിക്കണമെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്. ''നമ്മുടെ സംസ്ഥാനം ചെറുതാണ്; അതുപോലെ തന്നെ നമ്മുടെ മനസും. അതുകൊണ്ട് ചെറുതിനെ കുറിച്ചാണ് എപ്പോഴും സംസാരം. കേരളത്തില്‍ എല്ലാവരും ചെറുത് മനോഹരം എന്ന് പറയുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ശരിയായ മനോഭാവവും നയങ്ങളും പ്രവര്‍ത്തിയുമുണ്ടെങ്കില്‍ എല്ലാത്തിനും ഇവിടെ വഴി വരും,'' പി.എച്ച് കുര്യനും ടി. ബാലകൃഷ്ണനും ചൂണ്ടിക്കാട്ടുന്നു.
സിംഗപ്പൂര്‍, ദുബായ് തുടങ്ങി ലോകത്തിലെ പലയിടങ്ങളിലെയും സാമ്പത്തിക വികസനത്തിന്റെ ഹേതു അവിടത്തെ പോര്‍ട്ടുകളാണ്. തിരുവനന്തപുരത്തും അതേ സാധ്യതയാണുള്ളത്. തിരുവനന്തപുരം ക്യാപിറ്റല്‍ റീജ്യണിലെ ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ (OAGC) ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് മേഖലയായാണ് വിഭാവനം ചെയ്യുന്നത്. രാജ്യാന്തര തലത്തില്‍ നിന്നുവരെ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇതിന് സാധിക്കും. അതിന് കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് റീജ്യണ്‍ ആക്ട് സജീവമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ക്യാപിറ്റല്‍ റീജ്യണ്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ അജിത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
മരുന്നുകള്‍ക്ക് മുതല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വരെ ഉപയോഗ കാലാവധി നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇവിടെ നടപ്പാക്കപ്പെടുന്ന നിയമങ്ങള്‍ക്ക് അത് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് പി.എച്ച് കുര്യനും ടി. ബാലകൃഷ്ണനും. നിയമങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഇല്ലെന്ന് മാത്രമല്ല, ഏതോ ഒരു കാലഘട്ടത്തില്‍ കൊണ്ടുവന്ന നിയമത്തിന് നിലവില്‍ പ്രസക്തിയുണ്ടോയെന്ന് പരിശോധിക്കാന്‍ പോലുമുള്ള സാഹചര്യം ഇവിടെയില്ലെന്ന് 'Old Laws and Bad Laws' എന്ന ലേഖനത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നടമാടുന്ന സാഹചര്യത്തിലാണെങ്കില്‍ പൗരാണികമായ പല നിയമങ്ങളും അഴിമതിക്ക് കളമൊരുക്കും. മാത്രമല്ല വികസനത്തിന് വിഘാതമാവുകയും ചെയ്യും.
നിയമങ്ങള്‍ രണ്ട് വിധമുണ്ട്. സംസ്ഥാന നിയമങ്ങളും കേന്ദ്ര നിയമങ്ങളും. സംസ്ഥാന നിയമത്തില്‍ ഭേദഗതി വരുത്താനും പിന്‍വലിക്കാനും അതത് സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. സംസ്ഥാനം സത്വരമായി പിന്‍വലിക്കാനോ ഭേദഗതി ചെയ്യാനോ മുതിരേണ്ട കുറച്ച് നിയമങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
- ഭൂപരിധി നിയമം.
-സംസ്ഥാനത്തിന്റെ കുത്തക ഉറപ്പാക്കുന്ന മോട്ടോര്‍ വെഹിക്ക്ള്‍ നിയമത്തിലെ ചട്ട പരിഷ്‌കാരങ്ങള്‍.
-വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ കുത്തക.
-ചാരായ നിരോധനം.
- ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട്.
- മര സംരക്ഷണ നിയമം 1984-85.
-വൈദ്യുതോല്‍പ്പാദന വിതരണ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ കുത്തക അവസാനിപ്പിക്കണം.
- കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റ് ഓഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) നിയമം.
- സ്വകാര്യ വനഭൂമിയുടെ ദേശസാല്‍ക്കരണം.
- നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം.
- വെല്‍ഫെയര്‍ ഫണ്ടുകള്‍.
ഭൂരിഭാഗം കേന്ദ്ര നിയമങ്ങളും ഗ്രാമീണരെയും കര്‍ഷകരെയുമാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമങ്ങളും ചട്ടങ്ങളും പരമാവധി കുറയ്ക്കുക. അങ്ങനെ വന്നാല്‍ നിയമങ്ങളുടെ നടപ്പാക്കലും അനായാസമാകും. ''ഇന്ന് രാഷ്ട്രീയ കക്ഷികള്‍ സമൂഹത്തില്‍ സ്ഥാപിത താല്‍പ്പര്യങ്ങളുള്ള സംഘങ്ങളെ സൃഷ്ടിക്കാനും പരിപാലിക്കാനുമാണ് ശ്രമിക്കുന്നത്. അത്തരം സംഘങ്ങളെ അവര്‍ വോട്ട് ബാങ്കുകളായി കണക്കാക്കുന്നു'' ലേഖനത്തില്‍ തുറന്നടിക്കുന്നു.
കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (CAG) യുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 14 സെക്റ്ററുകളിലായി 146 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍, രജിസ്‌ട്രേഡ് സൊസൈറ്റികള്‍ എന്നിവയെല്ലാം ഇതിന് പുറമേയാണ്.
ഓരോ വര്‍ഷവും ഇതിന്റെ എണ്ണവും കൂടിവരികയാണ്. സിഎജിക്ക് പോലും പൊതുമേഖല സ്ഥാപങ്ങളുടെ ശരിയായ കണക്ക് അറിയില്ലെന്ന് 'Kerala PSU's: Time to Say Goodbye?' എന്ന ലേഖനത്തില്‍ പറയുന്നു. ചില മേഖലകളില്‍ കുത്തകാവകാശമുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമാണ് കേരളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് കെഎംഎംഎല്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവ. കെഎസ്എഫ്ഇ, കെല്‍ട്രോണ്‍ പോലെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന രംഗത്തുള്ളവയും ലാഭത്തിലാണ്.
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കൊണ്ട് ആകെ ഗുണം കിട്ടുന്നത് രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണെന്ന് പുസ്തകത്തില്‍ തുറന്നുപറയുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത് എന്ന ഒരൊറ്റ കാര്യത്തിന്റെ ബലത്തില്‍ പല പൊതുമേഖല സ്ഥാപനങ്ങളും കമ്പനി നിയമത്തിലെ സുപ്രധാനമായ കാര്യങ്ങള്‍ വരെ ലംഘിക്കുന്നുണ്ടെന്ന് സിഎജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരുകാലത്ത് ധാരാളമുണ്ടായ പല വിഭവസമ്പത്തും ഉപയോഗിക്കാനാണ് പല പൊതുമേഖല സ്ഥാപനങ്ങളും രൂപീകരിച്ചത്.
പൊതുമേഖലയുടെ കാര്യത്തില്‍ മുന്നോട്ടുവെയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇതൊക്കെയാണ്.
- ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ മികച്ച വാല്വേഷന്‍ ലഭിക്കും. ലാഭക്ഷമത കൂടും. അല്ലെങ്കില്‍ ഇവയും കാലക്രമേണ നഷ്ടത്തിലാകും.
- നഷ്ടത്തിലുള്ളവ സുതാര്യമായ നയങ്ങള്‍ കൊണ്ട് വിറ്റൊഴിക്കുക.
- സ്വകാര്യ മേഖലയുമായി നേരിട്ട് മത്സരത്തിന് പോകാതിരിക്കുക. സ്വകാര്യ മേഖലയെ വളര്‍ച്ചാ പങ്കാളിയായി കാണുക.
- ബിസിനസ് നടത്തിപ്പ് രംഗത്തുനിന്ന് പിന്മാറുക.
സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖലയെ കുറിച്ചും വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്ലാന്റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വേണ്ട നയങ്ങള്‍ നിര്‍ദേശിക്കാന്‍ ഐഐഎം കോഴിക്കോടിനെ കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പഠനം നടത്തിയിരുന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നീക്കം.
അടുത്ത 50 വര്‍ഷം മുന്നില്‍ക്കണ്ടെങ്കിലുമുള്ള നയതീരുമാനങ്ങള്‍ പ്ലാന്റേഷന്‍ മേഖലയില്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. മലേഷ്യയിലും കേരളത്തിലും പ്ലാന്റേഷന്‍ രംഗം വേരുപിടിച്ചു തുടങ്ങിയത് ഏതാണ്ട് ഒരേ കാലത്താണ്. ബ്രിട്ടീഷ് ഭരണകാലത്ത്, സ്ഥലത്തിനും തൊഴിലാളികള്‍ക്കും വലിയ വിലയില്ലാത്ത കാലത്ത് രണ്ടിടത്തും പ്ലാന്റേഷന്‍ പച്ചപിടിച്ചു.
കാലം മാറുന്നത് അനുസരിച്ച് മലേഷ്യയിലെ പ്ലാന്റേഷന്‍ രംഗം മാറി. കാരണം അവിടെ കാലത്തിനനുസരിച്ച് വിളകളെ മാറ്റാനുള്ള അനുമതി പ്ലാന്റേഷന്‍ ഉടമകള്‍ക്കുണ്ടായിരുന്നു. മലേഷ്യയില്‍ നിന്നുള്ള ദൂരിയാനും പാം ഓയിലുമെല്ലാം കേരളത്തിലെത്തി. കേരളം എവിടെയുമെത്തിയില്ല. വിവാദങ്ങളെ തൊടാതിരിക്കാന്‍ വേണ്ടി ഇനിയും ഒന്നും ചെയ്യാതിരുന്നാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്.
ഭരണപക്ഷം എതിര്‍ചേരിയെ ഇല്ലാതാക്കാന്‍ നടത്തിയ നീക്കത്തെ രണ്ട് സ്മാര്‍ട്ട് ഐഎഎസ് ഓഫീസര്‍മാര്‍ പൊതുജനത്തിന് പരമാവധി സേവനം നല്‍കുന്ന വിധത്തിലുള്ള ഒന്നാക്കി മാറ്റിയ കഥ തമിഴ്‌നാട്ടിലെ സംഭവങ്ങളെ വിവരിച്ചുകൊണ്ട് പി.സി സിറിയക് പറയുന്നുണ്ട്. ഈ നീക്കമാണ് തമിഴ്‌നാട്ടിലെ ഏറ്റവും കാര്യക്ഷമമായ പൊതുഗതാഗത സംവിധാനത്തിന് അടിത്തറയിട്ടത്. പിന്നീട് ഇതേ രീതി മറ്റ് സംസ്ഥാനങ്ങളും പിന്തുടര്‍ന്നു. സര്‍ക്കാര്‍ തലത്തിലെടുക്കുന്ന മോശമായ ഒരു നീക്കം പോലും സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ഒരു ഓര്‍ഗനൈസേഷന്റെ സൃഷ്ടിക്കായി വിനിയോഗിക്കാമെന്ന പ്രായോഗിക പാഠമാണ് പി.സി സിറിയക് നല്‍കുന്നത്.
മുന്‍ ക്യാബിനറ്റ് സെക്രട്ടറിയായ കെ.എം ചന്ദ്രശേഖര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രമാണ് പറയുന്നത്. രാഷ്ട്രീയ വൈര്യവും സിഎജിയില്‍ നിന്നുണ്ടായ അപ്രസക്തമായ അഭിപ്രായപ്രകടനങ്ങളും മറികടന്ന് വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതെങ്ങനെയെന്നാണ് അദ്ദേഹം പറയുന്നത്. മൊണ്ടേക്ക്‌സിംഗ് അലുവാലിയയുടെ ഉപദേഷ്ടാവായിരുന്ന ഗജേന്ദ്ര ഹാല്‍ഡിയയുടെ പങ്ക് ഇക്കാര്യത്തില്‍ കെ.എം ചന്ദ്രശേഖര്‍ അനുസ്മരിക്കുന്നുണ്ട്.
ഒട്ടനവധി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റുകളുടെ പിന്നണിയിലുണ്ടായ ഈ വിദഗ്ധനാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രോജക്റ്റ് റിപ്പോര്‍ട്ടും തയാറാക്കിയത്. കാലതാമസമുണ്ടായെങ്കിലും വിവാദങ്ങള്‍ പലതും അരങ്ങേറിയെങ്കിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായി. സംസ്ഥാനത്തിന്റെ വികസനത്തിനായി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ഓഫീസര്‍മാര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.
കേരളത്തിന് വളരാനുള്ള മാതൃക സിംഗപ്പൂരില്‍ നിന്ന് സ്വീകരിക്കാമെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.
സര്‍ക്കാര്‍ അവശ്യരംഗത്ത് മാത്രം ഇടപെട്ടാല്‍ മതി. വികസനത്തിനായി സ്വകാര്യ മേഖലയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ വേണ്ടി ചട്ടക്കൂടുകളും സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിനല്‍കണം. 750 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സിംഗപ്പൂര്‍ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഹബ്ബായാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. ജിഡിപി 530.71 ബില്യണ്‍ ഡോളര്‍; പ്രതിശീര്‍ഷ ജിഡിപി89,370 ഡോളറും. 35 ദശലക്ഷം ജനസംഖ്യയുള്ള കേരളത്തിന്റെ വിസ്തീര്‍ണം 38,000 ചതുരശ്ര കിലോമീറ്ററാണ്. ജിഡിപി 160 ബില്യണ്‍ ഡോളര്‍, പ്രതിശീര്‍ഷ ജിഡിപി 3,400 ഡോളറും.
കേരളത്തിന്റെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 27.36 ശതമാനമാണ്; രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്നത്. കേരളം ഇതില്‍ നിന്നെല്ലാം ഉയര്‍ന്നുവരാന്‍ സത്വരമായി ചെയ്യേണ്ട കാര്യങ്ങളില്‍ ചിലത് ഇതാണെന്ന് അമിതാഭ് കാന്ത് നിര്‍ദേശിക്കുന്നു.
-എന്തിനും ഏതിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന രീതി മാറണം. ആ സംസ്‌കാരം അടിമുടി മാറിയേ തീരൂ.
- റിസ്‌ക് എടുത്ത് നിക്ഷേപം നടത്തുന്നവരെ ശിക്ഷിക്കരുത്. അവരെ ആദരിക്കണം.
- തുറമുഖങ്ങള്‍, തീരദേശം, ടൂറിസം എന്നിങ്ങനെയുള്ള മേഖലകളില്‍ നിക്ഷേപം നടത്തുക.
- വകുപ്പുകളുടെ അതിപ്രസരം ഒഴിവാക്കുക.
- വിദ്യാസമ്പന്നരും നൈപുണ്യമുള്ളവരും സംരംഭകത്വത്തിലും ഇന്നൊവേഷനിലും ഫോക്കസ് ചെയ്യുക.
ഐടി, ഡിജിറ്റല്‍ ടെക്‌നോളജി രംഗത്ത് രാജ്യത്ത് തന്നെ പല രംഗത്തും പുതുമകള്‍ അവതരിപ്പിച്ച കേരളം ഇനി ഈ രംഗത്ത് കാലോചിതമായി മുന്നേറാന്‍ ഏറെ ദൂരം നടക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയ മുന്‍ സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ പറയുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിനെ ചോദ്യം ചെയ്യുന്നുണ്ട് ബി. അശോക്. സ്‌കൂള്‍ വിദ്യാഭ്യാസം, ട്രാന്‍സ്‌പോര്‍ട്ട്, പവര്‍, വാട്ടര്‍ സപ്ലൈ, ഹെല്‍ത്ത്കെയര്‍ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ മുന്‍ തലവന്‍ ജീന്‍ കൗദ് ജങ്കറിന്റെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്. ''എന്ത് ചെയ്യണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ അതിന് ശേഷം എങ്ങനെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് മാത്രം നമുക്കറിയില്ല.'' നമ്മുടെ നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സ്ഥിതി ഇതാണ്. അവര്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. എന്താണ് ശരിയായതെന്നും. പക്ഷേ ശരിയായ കാര്യങ്ങള്‍ ചെയ്ത് എങ്ങനെ ഈ സിസ്റ്റത്തില്‍ നിലനില്‍ക്കുമെന്നത് മാത്രം അവര്‍ക്ക് അറിയില്ല.
പല കാര്യങ്ങളും ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട പല സിവില്‍ സര്‍വീസുകാരും വേട്ടയാടപ്പെടുന്നുമുണ്ട്. സിസ്റ്റത്തിനുള്ളില്‍ പ്രഗത്ഭമതികളായ പല ഉന്നത ഉദ്യോഗസ്ഥരും നിസ്സഹായരുമാണ്. ജോലി നിലനിര്‍ത്താനും ഉന്നത പദവികള്‍ മൂലമുള്ള സൗകര്യങ്ങള്‍ കൈവിടാതെയിരിക്കാനും ശരിയെന്ന് തോന്നുന്നത് പലരും ഉറക്കെ പറയാതെ നിശബ്ദത പാലിക്കുന്നുമുണ്ട്.
അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടുന്നതു പോലെ റാഡിക്കലായ മാറ്റം ഇവിടെ വരേണ്ടിയിരിക്കുന്നു. മാറ്റം വേണമെന്ന് ഏവരും പറയുമെങ്കിലും ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍ മാറ്റത്തിനൊന്നും നില്‍ക്കാതെ ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രമിക്കുക.
Beyond Cynicism:Kerala 2.0യില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചവരെല്ലാം തന്നെ സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തെ, രാഷ്ട്രീയ നേതൃത്വത്തെ, തൊഴിലാളി പ്രസ്ഥാനങ്ങളെ, ഭരണ നടത്തിപ്പ് രീതികളെ, പൊതുസമൂഹത്തെയെല്ലാം അടുത്തുനിന്ന് വീക്ഷിച്ചവരും അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചവരുമാണ്. കേരളത്തില്‍ കാര്യങ്ങള്‍ ചെയ്‌തെടുക്കാനുള്ള രീതി അറിയാവുന്നവരുമാണ്. ഇവര്‍ ഒരുമിച്ച് നിന്ന് പ്രായോഗികമായ ഒരു കര്‍മ്മപദ്ധതി കൂടി അവതരിപ്പിച്ചാല്‍ കൂടുതല്‍ നന്നാകും. അല്ലെങ്കില്‍ ഈ നീക്കവും കടലാസില്‍ ഒതുങ്ങുന്ന വൃഥാ പ്രയത്‌നമാവും.
കേരളത്തെ സ്പര്‍ശിക്കുന്ന ഏതാണ്ടെല്ലാ മേഖലകളെ കുറിച്ചുമുള്ള ലേഖനങ്ങള്‍ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ രചിച്ചിട്ടുണ്ട്. നഗര വികസനം മുതല്‍ പരിസ്ഥിതി വരെയും പൊതുമേഖല സ്ഥാപനങ്ങള്‍ മുതല്‍ ജെന്‍ഡര്‍ വിഷയങ്ങള്‍ വരെയും കടക്കെണി മുതല്‍ കുടിയേറ്റം വരെയും പൊലീസിംഗ് മുതല്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ വരെയും വ്യത്യസ്ത വിഷയങ്ങള്‍ ഇവര്‍ കൈകാര്യം ചെയ്യുന്നു.
കേരളത്തിന്റെ ദിശാബോധമില്ലാത്ത മദ്യനയത്തെ കുറിച്ചാണ് ഡോ. വേണു വി എഴുതിയിരിക്കുന്നത്. സുരക്ഷ എന്നത് വികസനത്തിന് അടിത്തറ പകരുന്ന ഒരു പശ്ചാത്തല സൗകര്യമാണെന്ന് ജേക്കബ് പുന്നൂസും രാജന്‍ മധേക്കറും പറയുന്നു. എം.പി ജോസഫ്, ജോസ് സെബാസ്റ്റ്യന്‍, ലിഡ ജേക്കബ്, സുബയ്യ എസ്, കെ.ബി വല്‍സലകുമാരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് ഭാവിയില്‍ സ്വീകരിക്കാവുന്ന കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുമുണ്ട്.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയും തൊഴിലാളി യൂണിയനുകളിലൂടെയും വളര്‍ന്നുവന്നവരാണ് കേരളത്തിന്റെ ഭരണ സാരഥ്യത്തിലേറിയവര്‍ ബഹുഭൂരിപക്ഷവും. നമ്മുടെ ഭൂരിഭാഗം എംഎല്‍എമാരുടെയും എംപിമാരുടെയുമെല്ലാം പശ്ചാത്തലം ഇതൊക്കെ തന്നെയാണ്.
ബിസിനസ്, അക്കാദമിക് പശ്ചാത്തലത്തില്‍ നിന്ന് വന്നവര്‍ വളരെ ചുരുക്കം മാത്രം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേടിയ അനുഭവസമ്പത്ത് എന്നത് മുതല്‍ക്കൂട്ടാണെങ്കില്‍ പോലും അവരുടെ ആശയധാരയും ചിന്താഗതിയുമെല്ലാം അവരുടെ പ്രവര്‍ത്തന മണ്ഡലത്തോടാണ് ചേര്‍ന്നുനില്‍ക്കുക. അതുകൊണ്ട് തന്നെ നയരൂപീകരണ വേളയിലും മറ്റും ഈ രംഗത്തിനാകും മുന്‍തൂക്കം ലഭിക്കുക.
തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്ന് വളര്‍ന്നുവന്ന നേതാവ് തീര്‍ച്ചയായും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് തന്നെയാകും പ്രാധാന്യം നല്‍കുക. കേരളത്തിന്റെ നയതീരുമാനങ്ങളിലും അതിന്റെ നടത്തിപ്പിലും എന്തുകൊണ്ട് മുരടിപ്പ് കടന്നുവരുന്നു എന്നതിനുള്ള ഒരു കാരണമായി പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഈ പരിമിതിയാണ്.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഭരണ സാരഥ്യത്തില്‍ വിദേശത്തുനിന്നടക്കം ഉന്നത വിദ്യാഭ്യാസം നേടിയവര്‍ കടന്നുവരികയും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. റെയില്‍വേയെ മാറ്റിമറിക്കുന്ന, ടെക്‌നോളജി രംഗത്ത് നൂതന ആശയങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് തന്നെ ഉദാഹരണം.
തമിഴ്‌നാട്ടിലെ ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എംഐടിയില്‍ നിന്നാണ് എംബിഎ എടുത്തിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. ഏതെങ്കിലും ഒരു വിഭാഗത്തോട് അമിതമായ ചായ്വില്ലാതെ വിശാലമായ സാമ്പത്തിക വളര്‍ച്ച ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് മുന്നോട്ട് പോകാന്‍ രാഷ്ട്രീയ- ഭരണ നേതൃത്വത്തിന്റെ കാര്യത്തിലും പൊളിച്ചെഴുത്ത് വേണം.
ഡിസംബര്‍ 31 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine