വയനാട് ദുരന്തബാധിതരുടെ 35.30 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ നിർദേശം

ബന്ധപ്പെട്ട ബാങ്കുകളുടെ ബോർഡ് യോഗം ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്
representational image of wayand landslide created using Meta AI
പ്രതീകാത്മക ചിത്രം, മെറ്റ എ.ഐ ഉപയോഗിച്ച് നിര്‍മിച്ചത്
Published on

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളാൻ വിവിധ ബാങ്കുകളോട് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിർദേശം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി. വേണു തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. വായ്പ പൂർണമായും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട ബാങ്കുകളുടെ ബോർഡ് യോഗം ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. എല്ലാ അംഗങ്ങളും മരിച്ചതും കുട്ടികൾ മാത്രം ബാക്കിയായതുമായ കുടുംബങ്ങളിലെ വായ്പ എഴുതിത്തള്ളുന്നതിനാകും മുൻഗണന.

ആകെ 35.30 കോടി രൂപ

ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ 12 ബാങ്കുകൾ ചേർന്ന് നൽകിയ 3,220 വായ്പകളാണുള്ളത്. ഇത് 35.30 കോടി രൂപ വരുമെന്നാണ് കണക്ക്. ഈ തുക സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുമെന്ന് കരുതാതെ , ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി, ബാങ്കുകൾ തന്നെ പൂർണമായും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വായ്പകൾക്ക് പലിശയിളവ് മാത്രം നൽകിയത് കൊണ്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

അടിയന്തര ആശ്വാസ നടപടി

അടിയന്തര ആശ്വാസ നടപടിയെന്ന നിലയിൽ നിലവിലുള്ള വായ്പകൾ പുന:ക്രമീകരിക്കാനും യോഗത്തിൽ തീരുമാനമായി . ഇതനുസരിച്ച് വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പകൾ അഞ്ചുവർഷത്തേക്ക് പുനക്രമീകരിക്കും. വിദ്യാഭ്യാസ വായ്പകൾക്ക് ആറുമാസത്തെ മോറിട്ടോറിയവും പ്രഖ്യാപിച്ചു. ഇതോടെ വായ്പകൾ തിരിച്ചടക്കുന്നതിന് കൂടുതൽ സാവകാശം ലഭിക്കും. ദുരന്തബാധിതർക്ക് കൂടുതൽ ഇളവുകളോടെ വേഗത്തിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തി. അത്യാവശ്യ വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് 25,000 രൂപ വരെ ഈടില്ലാത്ത വായ്പകൾ നൽകും . ഇത് രണ്ടര വർഷം കൊണ്ട് 30 തവണകളായി തിരിച്ചടച്ചാൽ മതി.

ജൂലൈ 30 ന് ശേഷം പിടിച്ച ഇ.എം.ഐ തിരിച്ച് നൽകും

ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും ബാങ്കുകൾ ഇ.എം.ഐ പിടിച്ചത് തിരിച്ചു നൽകാനും യോഗത്തിൽ തീരുമാനമായി . ബാങ്ക് അക്കൗണ്ടിൽ നിന്നും വായ്പ തിരിച്ചടവ് പിടിക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയറിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണം എല്ലാ ബാങ്കുകളും ഒഴിവാക്കും. അക്കൗണ്ടിൽ എത്തുന്ന ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ് പിടിക്കുന്നത് നിർത്തിവയ്ക്കും. ജൂലൈ 30ന് ശേഷം ഇത്തരത്തിൽ ബാങ്കുകൾ ഈടാക്കിയ പണം ഉടമകൾക്ക് തിരിച്ചു നൽകാനും തീരുമാനമായി. സംസ്ഥാന സർക്കാർ ദുരന്ത ബാധിതർക്ക് നൽകിയ അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പകളുടെ ഇ.എം.ഐ പിടിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com