Begin typing your search above and press return to search.
ശബരിമല തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
ശബരിമല തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും അഞ്ചുലക്ഷം രൂപ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വെര്‍ച്വല്‍ ക്യൂ സംവിധാനംവഴി ബുക്ക് ചെയ്യുന്ന തീര്‍ഥാടകര്‍ക്കും സ്ഥിരം, താല്‍ക്കാലിക ജീവനക്കാര്‍ക്കുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും അപകടത്തില്‍പ്പെട്ട് മരിക്കുന്ന തീര്‍ഥാടകരുടെയും ജീവനക്കാരുടെയും ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. എല്ലാ സംസ്ഥാനത്തുനിന്നുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കും ഈ നാലു ജില്ലകളിലുമുണ്ടാകുന്ന അപകടമരണത്തിന് പരിരക്ഷ കിട്ടും. പ്രീമിയം തുക പൂര്‍ണമായും ദേവസ്വം ബോര്‍ഡാണ് അടയ്ക്കുന്നത്. പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. ഒരു വര്‍ഷത്തേക്കാണ് കവറേജ്. മണ്ഡലകാലത്തും മാസപൂജയ്ക്ക് വരുമ്പോഴും പരിരക്ഷ ലഭിക്കും.
ദേവസ്വം ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് കേരളത്തില്‍ എവിടെവച്ച് അപകടമരണം സംഭവിച്ചാലും അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് അനുവദിക്കും. താല്‍ക്കാലിക ദിവസ വേതനക്കാര്‍ക്ക് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലയില്‍ അപകടമുണ്ടായാല്‍ പരിരക്ഷ ലഭിക്കും. ശബരിമലയില്‍മാത്രം ദിവസവേതന അടിസ്ഥാനത്തിലും സ്ഥിരമായും നാലായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. തീര്‍ഥാടനത്തിനിടെ മരിക്കുന്നവരുടെ മൃതദേഹം സംസ്ഥാനത്തിനകത്ത് വീടുകളിലെത്തിക്കാന്‍ മുപ്പതിനായിരം രൂപയും ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഒരുലക്ഷം രൂപയുംവരെ നല്‍കും. ഈ തുക ദേവസ്വംബോര്‍ഡ് നേരിട്ട് അനുവദിച്ചശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് ഈടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. പ്രീമിയം തുകയായി ഒരു രൂപപോലും തീര്‍ഥാടകരില്‍നിന്ന് ഈടാക്കില്ല. ഇന്‍ഷുറന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ബോര്‍ഡ് ജീവനക്കാരും കമ്പനി ജീവനക്കാരും ഉള്‍പ്പെട്ട ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കും. സീസണ്‍ സമയത്ത് ശബരിമല കേന്ദ്രീകരിച്ചും അതുകഴിഞ്ഞ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുമായിരിക്കും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. കഴിഞ്ഞവര്‍ഷം യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായിട്ടായിരുന്നു കരാര്‍. ടെണ്ടര്‍ നടപടികളിലൂടെ ഈ വര്‍ഷത്തെ ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Next Story
Videos