Begin typing your search above and press return to search.
ഇന്റല്‍ 17,000 ജീവനക്കാരെ പിരിച്ചുവിടുന്നതിന് കാരണമെന്ത്? എ.ഐയുടെ പണിയോ?
ആഗോളതലത്തിലെ വന്‍കിട ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ചിപ്പ് നിര്‍മാണത്തില്‍ എതിരാളികളില്‍ നിന്നുള്ള കടുത്ത മല്‍സരവും വിപണിയിലെ സ്വാധീനം നഷ്ടപ്പെടുന്നതുമാണ് ഇന്റലിനെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. 1.24 ലക്ഷം ജീവനക്കാരാണ് ലോകമെമ്പാടും കമ്പനിക്കുള്ളത്. ഇതില്‍ 17,000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും.
മല്‍സരം അതിശക്തം
വര്‍ഷങ്ങളായി ലാപ്ടോപ്പുകള്‍ക്ക് മുതല്‍ ഡാറ്റാ സെന്ററുകള്‍ക്ക് വരെയുള്ള ചിപ്പ് വിപണിയിലെ മുടിചൂടാ മന്നന്മാരായിരുന്നു ഇന്റല്‍. എന്നാല്‍ സമീപകാലത്ത് വലിയ മല്‍സരമാണ് കമ്പനി നേരിടുന്നത്. എ.ഐ പ്രോസസറുകളുമായി കളംനിറയുന്ന എന്‍വിഡിയയുടെ കുതിപ്പാണ് വലിയ തലവേദന. എഎംഡി, ക്വാല്‍കോം എന്നിവരില്‍ നിന്നുള്ള മല്‍സരവും കടുത്തതാണ്.
ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തുന്നതോടെ 1,000 കോടി ഡോളറിന്റെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ 160 കോടി ഡോളറിന്റെ നഷ്ടമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. വരും പാദങ്ങളിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പണികൊടുത്തത് എ.ഐ?
ചിപ്പ് നിര്‍മാണ രംഗത്ത് ഇന്റലിന്റെ ആധിപത്യം തകരാന്‍ കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എ.ഐ പ്രൊസസറുകളില്‍ ശ്രദ്ധയൂന്നിയ എന്‍വിഡിയ അവസരം മുതലെടുത്തു. പരമ്പരാഗത രീതികളിലൂടെ പോയിരുന്ന ഇന്റല്‍ കാലം മാറിയത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ഇന്റല്‍ ഇസ്രയേലിലെ ഫാക്ടറി പദ്ധതിയില്‍ നിന്ന് അടുത്തിടെ പിന്മാറിയിരുന്നു. ഇതിനായി നീക്കിവച്ചിരുന്ന 1,500 കോടി ഡോളര്‍ ചിപ്പ് പ്ലാന്റിലേക്ക് മാറ്റാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എ.ഐ മേഖലയിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായി തായ്‌വാനിലെ കമ്പ്യൂട്ടക്‌സ് എക്‌സ്‌പോയില്‍ സെര്‍വറുകള്‍ക്ക് വേണ്ടിയുള്ള പുതിയി ക്‌സിയോണ്‍ 6 പ്രോസസറുകള്‍ ഇന്റല്‍ പുറത്തിറക്കിയിരുന്നു.
Next Story
Videos