വിളവിറക്കിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ വരുമാനം: മലയോര മേഖലയില്‍ താരമാകാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്

പുറം മോടി കണ്ട് ആരെയും വിലയിരുത്തരുതെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരമാണ് ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പേരില്‍ നാട്ടിന്‍പുറങ്ങളില്‍ പോലും സുലഭമായ പിത്തായപ്പഴം. പേര് പോലെ തന്നെയാണ് രൂപവും, നാക്കുപോലെ നീളുന്ന പുറംതൊലി ശരിക്കും പേടിപ്പെടുത്തും. പുറംതൊലി പൊളിച്ച് അകത്തെത്തിയാല്‍ ആരെയും കൊതിപ്പിക്കുന്ന രൂപത്തില്‍ മധുരത്തില്‍ ചാലിച്ച പിത്തായപ്പഴത്തിന്റെ സൗന്ദര്യം കാണാം. ഒരല്‍പ്പം മിനക്കെട്ടാല്‍ ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഡ്രാഗണ്‍ പഴം വീട്ടിലെ ടെറസില്‍ തന്നെ വിളയിക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇനി കൗതുകം ലേശം കൂടുതലാണെങ്കില്‍ നല്ലൊരു പറമ്പ് തയ്യാറാക്കി വ്യാവസായികാടിസ്ഥാനത്തിലും കൃഷി ചെയ്യാം. വിപണി, കാലാവസ്ഥ തുടങ്ങിയവയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ റബ്ബര്‍ കൃഷിയിലെ പ്രതിസന്ധി തുടരുമ്പോള്‍ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി.
ഡ്രാഗണ്‍ ഫ്രൂട്ട്

മെക്‌സിക്കോ, മധ്യ-ദക്ഷിണ അമേരിക്ക പ്രദേശത്ത് ഉത്ഭവിച്ച് പിന്നീട് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ ഹൈലോസീറസ് അണ്‍ഡേറ്റസ് ജനുസില്‍ പെട്ട പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വ്യാളിപ്പഴം, കള്ളിപ്പഴം, പിത്തായ തുടങ്ങിയ പേരുകളിലും അറിയപ്പെടാറുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെത്തിയത്. കള്ളിച്ചെടിപോലെ മാംസളമായ തണ്ടില്‍ ഉണ്ടാകുന്ന കായ്കളുടെ പുറംഭാഗത്തെ തൊലിയില്‍ ചിറകുകള്‍ പോലുള്ള ചെതുമ്പലുകളുണ്ട്. ഇതിനുള്ളിലെ കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഒരെണ്ണത്തിന് 300-400 ഗ്രാം വരെ ഭാരമുണ്ടാകും.
കിലോ ഗ്രാമിന് 100 മുതല്‍ 250 രൂപ വരെ വില ലഭിക്കും.

കൃഷിരീതി ഇങ്ങനെ

ഏകദേശം ഇരുപത് വര്‍ഷത്തോളം ആയുര്‍ ദൈര്‍ഘ്യമുള്ള ദീര്‍ഘകാല വിളയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. നട്ട് രണ്ട് വര്‍ഷത്തിനുള്ളില്‍, ചിലപ്പോള്‍ ആദ്യ വര്‍ഷം തന്നെ, വിളവ് ലഭിക്കും. പകല്‍ ദൈര്‍ഘ്യം കൂടുതലുള്ള സമയത്താണ് പൂക്കള്‍ കൂടുതലായി ഉണ്ടാകുന്നത്. ഒരു വര്‍ഷം നാലോ അഞ്ചോ തവണ പൂക്കളുണ്ടാകും. നിരപ്പോ തട്ടുകളോ ആക്കിയ പറമ്പില്‍ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ അകലത്തില്‍ പുതിയ ചെടികള്‍ നടാവുന്നതാണ്. രണ്ട് മീറ്ററോളം നീളമുള്ള തടിയോ കോണ്‍ക്രീറ്റ് തൂണുകളോ ഒന്നരയടി താഴ്ചയില്‍ കുഴിച്ചിട്ട് അതില്‍ വേണം ചെടികള്‍ വളര്‍ത്താന്‍. തൂണിന്റെ മുകളറ്റത്ത് പഴയ ടയര്‍ കെട്ടിവക്കണം. ചെടിയുടെ അമിത വളര്‍ച്ച നിയന്ത്രിച്ച് നല്ല വിളവ് ലഭിക്കാനാണ് ഇത്.
ഇവിടെയൊരുങ്ങുന്നു ഡ്രാഗണ്‍ ഫ്രൂട്ട് ഗ്രാമം
തിരുവനന്തപുരം കിഴക്കന്‍ മലയോര പ്രദേശത്താണ് പാങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പാങ്ങോട്, ഭരതന്നൂര്‍, തണ്ണിച്ചാല്‍ തുടങ്ങിയ മേഖലകളിലെ കര്‍ഷകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടുത്തെ റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. വരണ്ട പ്രദേശങ്ങളില്‍ മാത്രം വളര്‍ന്നിരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് കണ്ടതോടെ വിജയന്‍ പിള്ള, രത്‌നാകരന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചു. ഇന്ന് ഏകദേശം അറുപതോളം ഏക്കറിലാണ് ഇവിടെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. വിജയന്‍ പിള്ള എന്ന കര്‍ഷകന് മാത്രം മുപ്പതോളം ഏക്കറില്‍ കൃഷിയുണ്ട്.
മലയോര കൃഷിക്ക് അനുയോജ്യം

തെളിഞ്ഞ സൂര്യപ്രകാശമുണ്ടാകണം, എന്നാല്‍ പൊരിവെയില്‍ വേണ്ട, ഒരല്‍പ്പം തണുപ്പുമാവാം- ഇതാണ് ഡ്രാഗണ്‍ ഫ്രൂട്ട് തഴച്ചുവളരാന്‍ വേണ്ട ഐഡിയല്‍ കണ്ടിഷന്‍. കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന സാധാരണ കാലാവസ്ഥയാണിത്. മലയോര മേഖലയിലെ ഏപ്രില്‍ മേയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന വേനലും മികച്ച വിളവുണ്ടാക്കുന്നതിന് അനുയോജ്യമാണ്. എന്നാല്‍ മണ്ണിലെ ഈര്‍പ്പം സൂക്ഷിക്കുന്നതിന് തുള്ളിനന സംവിധാനം ഏര്‍പ്പെടുത്തുന്നത് നല്ലതാണ്.
വിപണനത്തിന് കേന്ദ്രീകൃത സംവിധാനം വേണം

കേരളത്തിന്റെ മലയോര മേഖലയില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും വിപണനം കര്‍ഷകരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. വിളവെടുത്താല്‍ 15 ദിവസത്തോളം കേടാകാതെ ഇരിക്കുമെന്നതിനാല്‍ പ്രാദേശിക വിപണികളിലാണ് മിക്ക കര്‍ഷകരും വില്‍പ്പന നടത്തുന്നത്. എന്നാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വിപണനത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ നിക്ഷേപ സാധ്യത
നിലവില്‍ ഒരേക്കറില്‍ നിന്നും ഒരു ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ശാസ്ത്രീയമായി കൃഷി ചെയ്താല്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്നും ലഭിക്കുന്ന വാര്‍ഷിക ലാഭം. ചില കര്‍ഷകര്‍ക്ക് ഒരേക്കറില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ ലാഭമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേവലം ഡ്രാഗണ്‍ ഫ്രൂട്ട് വില്‍ക്കുന്നതിന് പകരം മൂല്യവര്‍ധിത ഉത്പന്നമാക്കിയാല്‍ ഇരട്ടിയിലധികം ലാഭം നേടാവുന്നതാണ്. ഫ്രൂട്ട് സാലഡ്, പഴച്ചാറ്, ജാം, ഐസ്‌ക്രീം, സിറപ്പ്, യോഗര്‍ട്ട്, ജെല്ലി, കാന്‍ഡി, പേസ്ട്രി തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ വിജയകരമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമുണ്ടാക്കാം. ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയുടെ പൂമൊട്ടുകള്‍ സൂപ്പ്, സാലഡ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തൈകള്‍ വിറ്റും വരുമാനം നേടാം.
സര്‍ക്കാര്‍ സഹായം
പുതുതായി കൃഷി ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ ഹെക്ടറിന് 30,000 രൂപ വരെ സബ്‌സിഡി നല്‍കും. ഇതിന് പുറമെ കൃഷി ഭവനുകള്‍ വഴി നടീല്‍വസ്തുക്കളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  

Related Articles

Next Story

Videos

Share it