തിളക്കം കൂടിയ സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍...

സ്വര്‍ണ വില കുതിക്കുമ്പോള്‍ നിക്ഷേപകര്‍ ഓര്‍ക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്
Gold chain, Rupee, Rocket
Image : Canva
Published on

സ്വര്‍ണം റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഗോള്‍ഡ്മാന്‍ സാക്‌സ് പോലുള്ള വലിയ ആഗോള നിക്ഷേപ ബാങ്കുകള്‍ ജനുവരിയിലും ഫെബ്രുവരി ആദ്യവും കണക്കാക്കിയത് ഈ വര്‍ഷാവസാനം സ്വര്‍ണം ഔണ്‍സിന് (31.1 ഗ്രാം) 2,250-2,300 ഡോളര്‍ വരെ എത്താം എന്നാണ്. അത് പറയുമ്പോള്‍ സ്വര്‍ണം ഔണ്‍സിന് 2,050 ഡോളറിനു ചുറ്റുമായിരുന്നു. പക്ഷേ രണ്ടു മാസത്തിനകം വില 2,400 ഡോളര്‍ കടന്നു.

പല കാരണങ്ങള്‍ കൊണ്ടാണ് സ്വര്‍ണം ഇങ്ങനെ കയറുന്നത്

1. ആഗോള നിക്ഷേപകര്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറുന്നു. കാരണം കടപ്പത്രങ്ങളുടെ പലിശ താഴാന്‍ പോകുന്നു എന്നതാണ്.

2. ചൈനീസ് നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നു.

ഓഹരിവിപണിയും റിയല്‍ എസ്റ്റേറ്റും തകര്‍ച്ചയിലായതിനെ തുടര്‍ന്നാണ് ചൈനയില്‍ ഈ മാറ്റം.

3. രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നു.

സ്വര്‍ണ വില കുതിക്കുമ്പോള്‍ നിക്ഷേപകര്‍ ഓര്‍ക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്.

1. സ്വര്‍ണം ഇപ്പോഴും അതിന്റെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് താഴെയാണ്.

2. സ്വര്‍ണാഭരണ നിക്ഷേപം പലരും കരുതുന്നതു പോലെ നഷ്ടക്കച്ചവടം അല്ല.

വിലക്കയറ്റവും ഡോളര്‍ വിലയും നോക്കിയാല്‍ 1980 ജനുവരിയിലെ 850 ഡോളറിന്റെ നിരക്കില്‍ നിന്ന് താഴെയാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര സ്വര്‍ണ വില.

വിലക്കയറ്റത്തിനനുസരിച്ച് സ്വര്‍ണത്തിന്റെ ഡോളര്‍ നിരക്ക് കണക്കുകൂട്ടിയാല്‍ ഇന്ന് 3,380 ഡോളര്‍ വന്നാലേ 1980ലെ നിരക്കിനൊപ്പം എത്തുള്ളൂ. അതായത് ഇപ്പോഴത്തെ 2,400 ഡോളറില്‍ നിന്ന് 40 ശതമാനം കൂടി കയറാം.

1980ല്‍ 1,000 രൂപയ്ക്ക് കിട്ടിയ ഒരു പവന്‍ ഇന്ന് വാങ്ങാന്‍ 54,000 രൂപ (ഏപ്രില്‍ 19ന്) നല്‍കണം. കൂട്ടുപലിശ ക്രമത്തില്‍ നോക്കിയാല്‍ 9.48 ശതമാനം വളര്‍ച്ച. ഓഹരി വിപണി മാത്രമേ ഇതിലും കൂടിയ മൂലധന വര്‍ധന നല്‍കുന്നുള്ളൂ എന്നതും വസ്തുത.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com