വ്യവസായ രംഗത്ത് വമ്പന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനൊരുങ്ങി കേരളം, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍

വ്യവസായ മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള കേരളത്തിന്റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025 കൊച്ചിയില്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി. ആഗോള നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ധരെയും ഒരുമിച്ചു കൊണ്ടുവരുന്നതില്‍ നാഴികല്ലായിരിക്കും ഈ സമ്മേളനം. 'ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം' എന്ന പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടി മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം നിലനിറുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
നിക്ഷേപകര്‍ക്ക് പുതിയ സഹകരണങ്ങള്‍ക്കും പങ്കാളിത്തങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ നല്‍കുന്ന സമ്മേളനം കേരളത്തിന്റെ ഭാവി വ്യവസായ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുമെന്ന് സംഘാടകരായ വ്യവസായ വാണിജ്യ വകുപ്പും കരുതുന്നു. ചര്‍ച്ചകള്‍, നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍, സെക്ടറുകള്‍ കേന്ദ്രീകരിച്ചുള്ള അവതരണങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ നടക്കും. പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കിയിരുന്നു.

ഊന്നല്‍ ഈ മേഖലകള്‍ക്ക്

എയറോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് മാരിടൈം, ഐ.റ്റി, ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്, ഗ്ലോബല്‍ കാപബിലിറ്റി സെന്റര്‍, ബയോടെക്‌നോളജി ആന്‍ഡ് മെഡിക്കല്‍ ഡിവൈസ്, ഫിന്‍ടെക്, ഇലക്ട്രിക് വെഹിക്കിള്‍സ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിംഗ് ആന്‍ഡ് ഫുഡ് ടെക്‌നോളജി
തുടങ്ങിയ മേഖലകള്‍ക്കാണ് ഉച്ചകോടിയില്‍
ഊന്നല്‍ കൊടുക്കുന്നത്. കൂടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി, കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി തുടങ്ങിയ വന്‍കിട പ്രോജക്ടുകളും ഉച്ചകോടിയുടെ ഭാഗമാണ്.

വിപ്ലകരമായ രീതിയില്‍ നിക്ഷേപം വരും: മന്ത്രി പി.രാജീവ്

കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിക്ഷേപക സംഗമം സംസ്ഥാനത്തിന്റെ വ്യവസായ രംഗത്ത് വിപ്ലവകരമായ വിധത്തില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് അനുകൂലഘടകമാണ്. സമീപകാലങ്ങളിലായി നൂതന സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ വ്യവസായ മേഖലകളില്‍ കേരളത്തിലേക്ക് കടന്നുവരുന്ന വലിയ നിക്ഷേപങ്ങളും കേരളം ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആഗോള നിക്ഷേപക സംഗമത്തിനായി മികച്ച മുന്നൊരുക്കങ്ങളാണ് സംസ്ഥാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ സംരംഭകരുമായി നടത്തുന്ന റോഡ് ഷോകള്‍ നടന്നുവരികയാണ്. ഇതിന് ശേഷം വിവിധ വിദേശ രാജ്യങ്ങളിലും റോഡ് ഷോകള്‍ സംഘടിപ്പിക്കും. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ.ഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിള്‍, ഫുഡ് ടെക് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ബയോടെക്‌നോളജി ആന്റ് ലൈഫ് സയന്‍സ് കോണ്‍ക്ലേവ്, വേസ്റ്റ് മാനേജ്‌മെന്റ് ആന്റ് റീസൈക്ലിങ്ങ് കോണ്‍ക്ലേവ് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 12 സെക്ടറല്‍ കോണ്‍ക്ലേവുകളില്‍ അവശേഷിക്കുന്നവയും ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റിന് മുന്‍പായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
Next Story
Videos
Share it