ദുബൈ, കൊച്ചി പ്രൊജക്ടുകളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി? റോയിയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

റോയ് തീരുമാനം മാറ്റിയതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്
ദുബൈ, കൊച്ചി പ്രൊജക്ടുകളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി? റോയിയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം
Courtesy: confident-group.com
Published on

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ കണ്ടെത്തലുമായി അന്വേഷണസംഘം. ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡില്‍ പെട്ടെന്നുണ്ടായ തീരുമാനപ്രകാരമല്ല മരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കഴിഞ്ഞ ആറുമാസമായി റോയ് സമ്മര്‍ദത്തിലായിരുന്നു.

ദുബൈയില്‍ കൂടുതല്‍ വലിയ പ്രൊജക്ടുകള്‍ ആരംഭിക്കാനുള്ള നീക്കവും ഇതിനായി നിക്ഷേപം സ്വീകരിച്ചതുമാണ് റോയിയെ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോയ് മുമ്പ് പല അഭിമുഖങ്ങളിലും അവകാശപ്പെട്ടതു പോലെ കടബാധ്യത കമ്പനിക്കില്ലായിരുന്നു. അടുത്തിടെ യുഎഇയില്‍ നടത്തിയ നിക്ഷേപങ്ങളാണ് റോയിയെ വിഷമത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപങ്ങളുടെ കാര്യത്തില്‍ മുമ്പ് യുഎഇ വലിയ നിബന്ധനകളുള്ള രാജ്യമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല. രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ മുന്‍കാല ചരിത്രവും നിക്ഷേപം വന്ന രീതിയും അവര്‍ അന്വേഷിക്കും.

ഇക്കാര്യത്തില്‍ ഇന്ത്യ-യുഎഇ കരാര്‍ നിലവിലുണ്ട്. ദുബൈയില്‍ അടക്കം നിക്ഷേപം നടത്തുന്നവരെപ്പറ്റി കേന്ദ്രസര്‍ക്കാരില്‍ നിന്ന് യുഎഇ വിവരങ്ങള്‍ തേടിയിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും രാഷ്ട്രീയ, സിനിമ മേഖലയിലുള്ളവരില്‍ നിന്ന് റോയ് നിക്ഷേപം സ്വീകരിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപങ്ങളെപ്പറ്റി അന്വേഷണം നടത്തുന്ന വാര്‍ത്തയറിഞ്ഞ ഇത്തരം നിക്ഷേപകരില്‍ ചിലര്‍ പണം തിരികെ ചോദിച്ചത് റോയിയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെന്നാണ് നിഗമനം. കോണ്‍ഫിഡന്റ് ഗ്രൂപ്പ് പദ്ധതികളില്‍ നിക്ഷേപം നടത്തിയ രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖരില്‍ നിന്ന് വരുംദിവസങ്ങളില്‍ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചേക്കും.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ പല നിക്ഷേപങ്ങളുടെയും സ്രോതസ് വെളിപ്പെടുത്താന്‍ റോയിക്ക് സാധിച്ചിരുന്നില്ലെന്ന് പ്രമുഖ മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിക്ഷേപകരെ സംബന്ധിച്ച് റോയി എഴുതിയ കുറിപ്പുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

റോയ് ഹര്‍ജി പിന്‍വലിച്ചതിന്റെ കാരണം തേടി

ഡിസംബറില്‍ നടന്ന ആദായ നികുതി റെയ്ഡ് നടപടികള്‍ക്കെതിരെ നല്‍കിയ ഹര്‍ജി സിജെ റോയ് രണ്ടു ദിവസത്തിനുശേഷം ഇത് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു ഹര്‍ജി. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവില്‍ റെയ്ഡിന് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം.

റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തത് അനധികൃതമാണെന്നും ഹര്‍ജിയില്‍ സിജെ റോയ് വാദിച്ചിരുന്നു. ഡിസംബര്‍ 16നാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിജെ റോയിയും കോണ്‍ഫിഡന്റ് ഗ്രൂപ്പിന് കീഴിലെ എട്ടു കമ്പനികളുമാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, സിസംബര്‍ 18ന് തന്നെ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. വിശദമായ വാദത്തിന് മുന്‍പേ ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ഹര്‍ജി പിന്‍വലിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു. റോയ് തീരുമാനം മാറ്റിയതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com