
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്തുള്ള താല്പര്യം വര്‍ധിച്ചോ? അടുത്തിടെ നടന്ന ഏറ്റെടുക്കലുകളും നിക്ഷേപങ്ങളും വിരല്‍ ചൂണ്ടുന്നത് ആ വഴിക്കാണ്. മെട്രോ നഗരങ്ങളിലെ വന്‍കിട ഹോസ്പിറ്റല്‍ ശൃംഖലകളില്‍ നിക്ഷേപം നടത്തുന്നതിന് പകരം ടിയര്‍ 2 നഗരങ്ങളിലെ ആശുപത്രികളിലാണ് നിക്ഷേപകര്‍ക്ക് താല്പര്യം കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസ് പൂനെ ആസ്ഥാനമായ സഹൃാദ്രി ഹോസ്പിറ്റല്‍സിനെ ഏറ്റെടുക്കാനുള്ള മത്സരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഏകദേശം 6,838 കോടി രൂപയാണ് അവര്‍ ഏറ്റെടുക്കലിനായി ഓഫര്‍ ചെയ്തിരിക്കുന്നത്. പൂനെ ആസ്ഥാനമായി 11 ആശുപത്രികളും 1,300 ബെഡുകളുമുള്ള ശൃംഖലയാണ് സഹൃാദ്രി ഗ്രൂപ്പ്.
ഇടത്തരം നഗരങ്ങളിലെ ആശുപത്രികളില്‍ നിക്ഷേപം നടത്താന്‍ ദേശീയ, അന്തര്‍ദേശീയ നിക്ഷേപക സ്ഥാപനങ്ങളും ഹോസ്പിറ്റല്‍ ചെയ്‌നുകളും ശ്രമം നടത്തുന്നുണ്ട്. കേരളത്തില്‍ ഏറ്റെടുക്കലുമായി കടന്നുവന്ന ഹൈദരാബാദ് ആസ്ഥാനമായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) ഇതിന് ഉദാഹരണമാണ്.
അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 14 ജില്ലകളിലും സ്വന്തമായി ആശുപത്രികളാണ് കിംസ് ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെ കണ്ണൂരിലും തൃശൂരിലും കമ്പനി ആശുപത്രികള്‍ ഏറ്റെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധി ഏറ്റെടുക്കലുകള്‍ കേരളത്തിലെ ഇടത്തരം ആശുപത്രികളില്‍ നടക്കുന്നുണ്ട്. തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയെ കോഴിക്കോട് ആസ്ഥാനമായ ബേബി മൊമ്മോറിയല്‍ ഹോസ്പിറ്റല്‍ ഏറ്റെടുത്തത് അടുത്ത കാലത്താണ്.
കേരളത്തിലെ ഇടത്തരം സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന പല ആശുപത്രികളിലും നിക്ഷേപങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2019നുശേഷം ഒരൊറ്റ ബ്രാഞ്ച് മാത്രമുള്ള ആശുപത്രികളില്‍ ഉണ്ടായ നിക്ഷേപത്തിന്റെ തോത് 40 ശതമാനത്തിന് മുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-2018 കാലഘട്ടത്തില്‍ ഇത് 15 ശതമാനം മാത്രമായിരുന്നു.
കൊവിഡിനു ശേഷം ആരോഗ്യ കാര്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ആശുപത്രികളുടെ വരുമാനം ഉയര്‍ത്തിയിട്ടുണ്ട്. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കടന്നുവരവും ആശുപത്രികളിലെ നിക്ഷേപം വര്‍ധിക്കാന്‍ കാരണമായി. നഗരങ്ങളിലും ഗ്രാമങ്ങളിലും മധ്യവര്‍ഗത്തിന്റെ വളര്‍ച്ച, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യാപനം എന്നിവയെല്ലാം ആശുപത്രികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine