
ദുബൈയില്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോടിക്കണക്കിന് പണവുമായി തട്ടിപ്പ് കമ്പനി നടത്തിപ്പുകാര്‍ മുങ്ങി. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് നഷ്ടപ്പെട്ടത് വലിയ തുക. ദുബൈ ക്യാപിറ്റല്‍ ഗോള്‍ഡന്‍ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് ഫസ്റ്റ് കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സ് എന്ന സ്ഥാപനമാണ് നിരവധി നിക്ഷേപകരെ വഴിയാധാരമാക്കി മുങ്ങിയത്.
40ഓളം ജീവനക്കാരുണ്ടായിരുന്ന ഈ ബ്രോക്കറേജ് സ്ഥാപനം കൂടുതലായും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് നിക്ഷേപ തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചവര്‍ക്ക് വലിയ റിട്ടേണ്‍ നല്കി കൊണ്ടായിരുന്നു നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തിരുന്നത്.
തട്ടിപ്പ് സ്ഥാപനത്തില്‍ 40 ജോലിക്കാരായിരുന്നു ഉണ്ടായിരുന്നതെന്ന് കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു രാത്രി ജോലിക്കാര്‍ തിടുക്കത്തിലെത്തി ഓഫീസ് സാധനങ്ങള്‍ ഉള്‍പ്പെടെ എടുത്തു കൊണ്ട് പോകുകയായിരുന്നു. കെട്ടിടത്തിലെ 302, 305 സ്യൂട്ടുകളായിരുന്നു ഗള്‍ഫ് ഫസ്റ്റ് കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സ് വാടകയ്ക്ക് എടുത്തിരുന്നത്. പണം നഷ്ടപ്പെട്ടവര്‍ നല്‍കുന്ന സൂചന പ്രകാരം മലയാളികള്‍ അടക്കമുള്ളവര്‍ ഈ കമ്പനിയില്‍ ജീവനക്കാരായി ഉണ്ടായിരുന്നു.
തങ്ങളുടെ ഭാഷയിലാണ് ജീവനക്കാര്‍ നിക്ഷേപത്തിനായി വിളിച്ചിരുന്നതെന്ന് കര്‍ണാടകയില്‍ നിന്നുള്ള ശിവകുമാര്‍ പറഞ്ഞു. പണം നഷ്ടപ്പെട്ട മറ്റൊരു മലയാളിയായ ഫായിസ് പൊയിലും സമാനമായ പ്രതികരണമാണ് മാധ്യമങ്ങള്‍ക്ക് നല്കിയിരിക്കുന്നത്. വളരെ ആസൂത്രിതമായ രീതിയിലാണ് ഈ സംഘം തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് നിരീക്ഷണം. ദുബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗള്‍ഫ് ഫസ്റ്റ് കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സ് എന്ന സ്ഥാപനത്തിനൊപ്പം സിംഗ്മ വണ്‍ ക്യാപിറ്റല്‍ എന്ന പേരും തട്ടിപ്പിനായി സംഘം ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപ തട്ടിപ്പ് വ്യാപകമായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine