ഐപിഎല്‍ മാമാങ്കം; വര്‍ഷം തോറും ഉയരുന്ന മൂല്യം

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന നിലയില്‍ മാത്രമല്ല, രാജ്യത്തെ ബ്രാന്‍ഡുകളുടെ പ്രയപ്പെട്ട ഇടം എന്ന രീതിയില്‍ കൂടി ഐപിഎല്ലിന്റെ പ്രാധാന്യം ഏറെയാണ്. ഇന്ത്യയില്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഒരു പോലെ ആകര്‍ഷിക്കുന്ന മറ്റൊരു ആഘോഷം ഇല്ലെന്ന് തന്നെ പറയാം.

ക്രിക്കറ്റ് ലോകത്തെ പ്രധാന താരങ്ങളെല്ലാം പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് വിദേശത്തും ആരാധകരേറെയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ ഐപിഎല്ലിനോളം പോന്ന മറ്റൊരു വേദി ബ്രാന്‍ഡുകള്‍ക്ക് ലഭിക്കില്ല. ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള മറ്റ് കായിക മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഓവറിന്റെ ഇടവേളകളിലും പരസ്യങ്ങള്‍ നല്‍കാനുള്ള അവസരം ക്രിക്കറ്റില്‍ മാത്രമാണ് ഉള്ളത്.

ഓരോ വര്‍ഷവും ഐപിഎല്ലിന്റെ മൂല്യം ഉയരുകയാണ്. 2021ല്‍ 7-9 ശതമാനം വളര്‍ച്ചയാണ് ടൂര്‍ണമെന്റിന്റെ മൂല്യത്തിലുണ്ടായത്. സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ ഇന്ത്യയുടെ പരസ്യവരുമാനത്തിലും ഈ വളര്‍ച്ച കാണം. 2018ല്‍ 2000 കോടി രൂപയായിരുന്നു പരസ്യങ്ങളില്‍ നിന്ന് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 4000 കോടി കടക്കും എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 1680 സെക്കന്‍ഡുകളുടെ പരസ്യമാണ് ഐപിഎല്ലില്‍ ഉണ്ടായിരുന്നത്. ഇത്തവണ രണ്ട് ടീമുകള്‍ കൂടി എത്തുന്നതോടെ മത്സരങ്ങളുടെ എണ്ണവും പരസ്യ സമയവും ഉയരും. kroll റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ ഐപിഎല്ലിന്റെ മൂല്യം 45,800 കോടി രൂപ ആയിരുന്നു.

ഐപിഎല്ലിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന മറ്റൊരു ഘടകമാണ് സംപ്രേക്ഷണാവകാശ തുകയിലുള്ള ഉയര്‍ച്ച. 2008ല്‍ ഐപിഎല്ലിന്‍ തുടക്കം മുതല്‍ 10 വര്‍ഷത്തേക്ക് 82,00 കോടിക്കായിരുന്നു സോണി പിക്‌ച്ചേര്‍സ് നെറ്റ്‌വര്‍ക്ക് ടൂര്‍ണമെന്റിന്റെ അവകാശം സ്വന്തമാക്കിയത്. എന്നാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷത്തേക്ക് സ്റ്റാര്‍ ഇന്ത്യ(2018-22) 16,348 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നേടിയത്.നിലവില്‍ ഒരു ഐപിഎല്‍ മാച്ചിന്റെ സംപ്രേക്ഷണാവകാശത്തിന് ഇടാക്കുന്നത് 8.50 മില്യണ്‍ ഡോളറാണ്.

സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ട്‌സ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിനെ രാജ്യത്ത് മുന്‍പന്തിയിലെത്തിച്ചതും ഐപിഎല്‍ ആണ്. കഴിഞ്ഞ വര്‍ഷം ടിവിയില്‍ 404.95 മില്യണ്‍ ആളുകളാണ് ഐപിഎല്‍ കണ്ടതെങ്കില്‍ 300 മില്യണോളം ആളുകള്‍ ഐപിഎല്‍ ആസ്വദിച്ചത് ഹോട്ട്‌സ്റ്റാറിലൂടെയാണ്. 2023-27 കാലയളവിലേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവാശം സ്വന്തമാക്കാന്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്‌സ്, വിയാകോം18, ഫേസ്ബുക്ക്, സോണി തുടങ്ങിയ വമ്പന്മാരൊക്കെ രംഗത്തുണ്ട്. സംപ്രേക്ഷണാവാശം വില്‍ക്കുന്നതിലൂടെ മാത്രം 40,000 കോടിയോളം രൂപയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it