

ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ലീഗുകളില്‍ ഒന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍). ഇന്ത്യയിലെ ക്രിക്കറ്റ് ആരാധന കൃത്യമായി മുതലെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കുന്നുവെന്നതാണ് പുതിയ സീസണിലെ കണക്കുകള്‍ അടിവരയിടുന്നത്. ഡ്രീംഇലവന്‍ അടക്കമുള്ള ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഐപിഎല്ലിന്റെ വരുമാനത്തെ ബാധിക്കുമെന്ന് ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ പത്തൊമ്പതാം സീസണ്‍ പാതിവഴിയിലെത്തി നില്ക്കുമ്പോള്‍ വരുമാനത്തില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുകയാണ്.
മുന്‍ സീസണുകളില്‍ ടീമുകളുടെയും ടിവി സംപ്രേക്ഷകരുടെയും പ്രധാന വരുമാനമാര്‍ഗം ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിംഗ് കമ്പനികളായിരുന്നു. ഡ്രീംഇലവന്‍, മൈഇലവന്‍സര്‍ക്കിള്‍, മൊബൈല്‍ പ്രീമിയര്‍ലീഗ്, ഗെയിംസീ തുടങ്ങിയവയായിരുന്നു ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഗെയിമിംഗ് കമ്പനികള്‍. ഇതില്‍ ഡ്രീംഇലവന്‍ ഐപിഎല്ലിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒന്നായിരുന്നു.
ഈ സീസണില്‍ ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം മാത്രം 1,000 കോടി പിന്നിട്ടിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് സ്‌പോണ്‍സര്‍ഷിപ്പ് തുക നാലക്കത്തില്‍ എത്തുന്നത്. ഓണ്‍ലൈന്‍ ഫാന്റസി കമ്പനികള്‍ പിന്മാറിയ സ്ഥാനത്തേക്ക് ഫിന്‍ടെക്, റിന്യൂവബിള്‍ എനര്‍ജി, ടെക്‌നോളജി കമ്പനികള്‍ എത്തിയതാണ് വരുമാനം വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ മനസിലേക്ക് എളുപ്പത്തിലെത്താന്‍ ക്രിക്കറ്റ് നല്ലൊരു മാധ്യമമാണെന്ന തിരിച്ചറിവിലാണ് കമ്പനികള്‍ ഐപിഎല്ലില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്.
സഞ്ജു സാംസണ്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ എത്തിഹാദ് എയര്‍വെയ്‌സ് ആണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന സ്‌പോണ്‍സര്‍ നത്തിംഗ് മൊബൈല്‍ ആണ്. വിഡ ഇവി, ഹീറോ മോട്ടോര്‍കോര്‍പ്, ഡിപി വേള്‍ഡ്, പ്യൂമ, ഖത്തര്‍ എയര്‍വെയ്‌സ്, ഐഡിഎഫ്‌സി ബാങ്ക്, അശോക് ലെയ്‌ലാന്‍ഡ്, ഗള്‍ഫ് ഓയില്‍ തുടങ്ങി കോര്‍പറേറ്റ് ലോകത്തെ വമ്പന്‍ കമ്പനികളെല്ലാം സ്‌പോണ്‍സര്‍ഷിപ്പുമായി കളത്തിലുണ്ട്.
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളുടെ പിന്മാറ്റം വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാക്കുമെന്ന് ആശങ്ക ബിസിസിഐയ്ക്കുണ്ടായിരുന്നു. എന്നാല്‍ വിപണി മൂല്യത്തിലും ബ്രാന്‍ഡെന്ന നിലയിലും ഐപിഎല്ലിന്റെ വളര്‍ച്ച വര്‍ധിക്കുന്നതിനാണ് 2026 സീസണ്‍ സാക്ഷ്യം വഹിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ടീമുകള്‍ക്കും സംഘാടകര്‍ക്കും വരുമാനം പലവഴിയിലാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം മീഡിയ റൈറ്റ്‌സ് വില്പനയിലൂടെയാണ്. സ്റ്റാര്‍സ്‌പോര്‍ട്‌സ്, ജിയോഹോട്ട്‌സ്റ്റാര്‍ അടുത്ത അഞ്ചുവര്‍ഷത്തെ മീഡിയ റൈറ്റ്‌സ് സ്വന്തമാക്കിയത് 48,000 കോടി രൂപയ്ക്കാണ്. ഇതിന്റെ ഒരു വിഹിതം ടീമുകള്‍ക്കും ലഭിക്കും. ലീഗിലെ ഓരോ മത്സരവും ശരാശരി 140-150 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുന്നുവെന്നാണ് കണക്ക്. ടിക്കറ്റ് വില്പനയിലൂടെ മാത്രം അഞ്ചുമുതല്‍ 40 കോടി രൂപ വരെ ലഭിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine