വനിതാ ഐപിഎല്ലില്‍ ടീമിനെ സ്വന്തമാക്കാന്‍ അദാനിയും

ജനുവരി 26ന് ആണ് പ്രഥമ വനിതാ ഐപിഎല്ലിനുള്ള (women's ipl) ഫ്രാഞ്ചൈസി ലേലം. നിലവിലെ ഐപിഎല്‍ ടീമുകള്‍ ഉള്‍പ്പടെയുള്ളവര്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള ടെക്‌നിക്കല്‍ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ഐപിഎല്‍ ടീമുകള്‍ ലേലത്തില്‍ പങ്കെടുക്കും.

അതേ സമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് എന്നീ ടീമുകള്‍ ലേലത്തിനായുള്ള താല്‍പ്പര്യം അറിയിച്ചിട്ടില്ല. പുരുഷ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് പറഞ്ഞത്. ഭാവിയില്‍ വനിതാ ടീമിനെ സ്വന്തമാക്കിയേക്കുമെന്നും ഗുജറാത്ത് അറിയിച്ചു.

ഐപിഎല്‍ ടീമുകള്‍ക്ക് പുറമെ അദാനി ഗ്രൂപ്പ്, ഹല്‍ദിറാംസ്, ടെറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇൻഫോസിസ് തുടങ്ങിയവരും ടെക്‌നിക്കല്‍ ബിഡ് നല്‍കിയിട്ടുണ്ട്.കുറഞ്ഞത് 1000 കോടി ആസ്തിയുള്ളവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. അതേ സമയം ഫ്രൈഞ്ചൈസികളുടെ അടിസ്ഥാന വില ബിസിസിഐ നിശ്ചയിച്ചിട്ടില്ല. വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ അഞ്ച് ടീമുകളാവും ഉണ്ടാവുക.

ടീമുകളെ സ്വന്തമാക്കാന്‍ മുപ്പതോളം കമ്പനികളാണ് രംഗത്തുള്ളത്. ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ബിസിനസ് ഗ്രൂപ്പുകളും ലേലത്തിന് എത്തുന്നത് ബിസിസിഐയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു ഫ്രാഞ്ചൈസിയിലൂടെ കുറഞ്ഞത് 500-600 കോടി രൂപ ബിസിസിഐയ്ക്ക് ലഭിച്ചേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it