

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ബ്രാന്റ് മൂല്യത്തില്‍ വന്‍വര്‍ധന. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 12.9 ശതമാനം വര്‍ധിച്ച് 18.5 ബില്യണ്‍ ഡോളറിലേക്കാണ് ഐപിഎല്ലിന്റെ മൂല്യമെത്തിയത്. ഇത് ഐപിഎല്ലില്‍ കളിക്കുന്ന 10 ടീമുകളെയും ചേര്‍ത്തുള്ള മൂല്യമാണ്. അതേസമയം, ലീഗിന്റെ മാത്രം മൂല്യം 3.9 ബില്യണ്‍ ഡോളര്‍ വരും. 13.8 ശതമാനത്തിന്റെ വര്‍ധന. ആഗോള നിക്ഷേപക സ്ഥാപനമായ ഹോളിഹാന്‍ ലോക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഫ്രാഞ്ചൈസികളുടെ മൂല്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (ആര്‍സിബി) ഒന്നാംസ്ഥാനത്ത്. മുന്‍ വര്‍ഷത്തെ 227 മില്യണ്‍ ഡോളറില്‍ 269 മില്യണ്‍ ഡോളറിലേക്ക് മൂല്യം കുതിച്ചു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിന്തള്ളിയാണ് വിരാട് കോഹ്‌ലിയുടെ ടീം ആദ്യ റാങ്ക് ഉറപ്പിച്ചത്. 17 വര്‍ഷത്തിനിടെ ആദ്യമായി കിരീടം ചൂടാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു.
ഐപിഎല്ലിന്റെ വാണിജ്യ വിജയം ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐയുടെ കീശ നിറയ്ക്കുന്നുണ്ട്. ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ടാറ്റാ ഗ്രൂപ്പ് മുടക്കിയിരിക്കുന്നത് 2,500 കോടി രൂപയാണ്. 2028 വരെയുള്ള അഞ്ചു വര്‍ഷത്തേക്കുള്ള കരാറാണിത്.
ഈ സീസണില്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായി എത്തിയ നാല് കമ്പനികള്‍ മുടക്കിയിരിക്കുന്നത് 1,485 കോടി രൂപയാണ്. മൈഇലവന്‍ സര്‍ക്കിള്‍ (My11Circle), എയ്ഞ്ചല്‍ വണ്‍ (Angel One), റുപേ (RuPay), സിയറ്റ് (CEAT) എന്നീ ബ്രാന്‍ഡുകളാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍മാര്‍.
ആഗോള തലത്തില്‍ ആരാധകരെ ആകര്‍ഷിക്കാന്‍ സാധിച്ചതോടെ ഐപിഎല്ലുമായി സഹകരിക്കാന്‍ ലോകോത്തര ബ്രാന്‍ഡുകളും മുന്നോട്ടു വരുന്നുണ്ട്. സൗദി ടൂറിസവും ആരാംകോയും ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരാണ്. കഴിഞ്ഞ സീസണില്‍ ടിവി, ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പില്‍ റെക്കോഡ് സ്വന്തമാക്കാന്‍ ലീഗിന് സാധിച്ചിരുന്നു.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്‌സ്റ്റാറിനാണ് ലീഗിന്റെ ഒ.ടി.ടി റൈറ്റ്‌സ്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടിവി, ഡിജിറ്റല്‍ സംപ്രേക്ഷണത്തിലൂടെ കോടികളാണ് ഇരു കമ്പനികളും സ്വന്തമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine