
ആണവ പരീക്ഷണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇറാനിലെ രഹസ്യ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയത് വര്‍ഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷമുള്ള ആക്രമണം. തകര്‍ന്നത് ഇറാനിലെ സൈനിക-ആണവ പരീക്ഷണ കേന്ദ്രങ്ങളും മിസൈല്‍ ബേസുകളും. നഷ്ടമായത് സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍. ഇസ്രയേലിന്റേത് യുദ്ധപ്രഖ്യാപനമാണെന്ന് വ്യക്തമാക്കിയ ഇറാന്‍ നൂറോളം ഡ്രോണുകള്‍ വിക്ഷേപിച്ചു. അതിര്‍ത്തി കടക്കുന്നതിന് മുമ്പ് ഇവയെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേല്‍, ജോര്‍ദാനിയന്‍ സൈന്യത്തിന്റെ പ്രതികരണം. മേഖലയിലാകെ വിമാന സര്‍വീസുകള്‍ താളം തെറ്റി. പല രാജ്യങ്ങളും മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. എല്ലായിടത്തും യുദ്ധഭീതി. മിഡില്‍ ഈസ്റ്റില്‍ എന്താണ് നടക്കുന്നത്? പരിശോധിക്കാം.
ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാവുന്നതെന്ന് പ്രഖ്യാപിച്ചാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനിയന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ അടക്കം ഇസ്രയേലിന്റെ കനത്ത ആക്രമണമുണ്ടായത്. പിന്നാലെയുണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്ത് ഇസ്രയേലില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. 200 ഇസ്രയേലി യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയ ഇറാനെ തടയാന്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേല്‍ വിശദീകരിച്ചത്. പിന്നാലെ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് സൈനികരെ അധികമായി വിന്യസിച്ചു. ഇറാനില്‍ ആക്രമണം തുടരുകയാണെന്നും ഇസ്രയേല്‍ സൈന്യം വിശദീകരിക്കുന്നു.
കനത്ത വ്യോമാക്രമണത്തിന് പുറമെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇറാനില്‍ രഹസ്യ ഓപ്പറേഷനുകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ വ്യോമപ്രതിരോധ - ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളെ നിര്‍വീര്യമാക്കുന്ന രീതിയിലായിരുന്നു ഇവരുടെ ആക്രമണം. ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കും ഇവരുടെ ആക്രമണ മുന നീണ്ടതായാണ് റിപ്പോര്‍ട്ട്.
തെഹ്‌റാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടു. പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍മാരായ ഫിര്‍ദൂന്‍ അബ്ബാസി ദവാനി, മുഹമ്മദ് മെഹ്ദി തെഹ്‌റാന്‍ചി എന്നിവര്‍ക്കും ജീവന്‍ നഷ്ടമായി. ഏതാണ്ട് ആറ് ആണവ ശാസ്ത്രജ്ഞരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തെഹ്‌റാനിലെ താമസ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ നിരവധി മരണം. ഏതാണ്ട് 100 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. എന്നാല്‍ ഇസ്രയേല്‍ അവകാശപ്പെടുന്നത് പോലെ ഫോര്‍ഡോ, ഇസ്ഫഹാന്‍ എന്നീ സ്ഥലങ്ങളിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടായിട്ടില്ലെന്നും ഈ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നുമാണ് ഇറാന്റെ വാദം.
ഇസ്രയേലിന്റേത് യുദ്ധപ്രഖ്യാപനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനിഇ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ ഡ്രോണാക്രമണം. ഇസ്രയേല്‍ ലക്ഷ്യമിട്ട് 100 ഡ്രോണുകള്‍ വിക്ഷേപിച്ചെന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി കടക്കുന്നതിന് മുമ്പ് തന്നെ ഇവയെ നിര്‍വീര്യമാക്കിയെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. എന്നാല്‍ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനം കണ്ടെന്നും ഇസ്രയേലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ പ്രതികരിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലും ഡ്രോണുകളെത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇസ്രയേല്‍ സ്വന്തം നിലക്കാണ് ആക്രമണം നടത്തിയതെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് യു.എസിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനെ സഹായിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് യു.കെയും പ്രതികരിച്ചു. 2024ല്‍ ഇറാന്റെ മിസൈലാക്രമണത്തെ ചെറുക്കാന്‍ യു.എസ്, യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സഹായം ലഭിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് സൗദി അറേബ്യയുടെ പ്രതികരണം. ഇറാന്റെ ശത്രുപക്ഷത്തുള്ള സൗദിയുടെ നിലപാട് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായി. ആണവായുധത്തിനൊപ്പം വിശ്വാസപരമായ പ്രശ്‌നങ്ങളുമുണ്ട്. സംഘര്‍ഷം കൂടുതല്‍ വഷളായാല്‍ ഇരുചേരികളിലും അണിചേരാന്‍ സഖ്യരാജ്യങ്ങളും തയ്യാറായേക്കും. അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. നിലവിലെ സംഘര്‍ഷം ദീര്‍ഘകാലത്തേക്ക് നീണ്ടുപോകുന്ന തരത്തില്‍ ഒരുങ്ങിയാണ് ഇറാനും ഇസ്രയേലും രംഗത്തിറങ്ങുന്നത്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്നുള്ള പരിഹാരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റില്‍ കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യത്തേക്കാള്‍ കരുത്തും സൈനിക ശേഷിയുമുള്ള രാജ്യമാണ് ഇറാനെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
വിഷയത്തില്‍ യു.എസിനെക്കൂടി ഭാഗമാക്കാന്‍ ഇസ്രയേല്‍ തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ട്. ഇസ്രയേലിനൊപ്പം നിന്നാല്‍ ഇറാന്റെ പ്രതികാര മുന ഗള്‍ഫ് നാടുകളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിലേക്ക് നീളുമെന്നാണ് കരുതുന്നത്. പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് നാടുകളിലേക്ക് സംഘര്‍ഷം നീളുന്നത് ഇന്ത്യക്കും കേരളത്തിനും തിരിച്ചടിയാണ്. പൗരന്മാരുടെ സുരക്ഷക്കൊപ്പം ഗള്‍ഫില്‍ നിന്നുള്ള വരുമാന വരവും നമ്മളെ അലട്ടുന്ന പ്രശ്‌നമാണ്.
After Israel launched “Operation Rising Lion” targeting Iran’s nuclear and military sites—including Natanz and IRGC leadership—Iran retaliated by sending around 100 drones, escalating the conflict.
Read DhanamOnline in English
Subscribe to Dhanam Magazine