
12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലുമായി നടപ്പിലാക്കിയ വെടിനിറുത്തലിന്റെ ആയുസില്‍ ഇറാന് ആശങ്ക. വെടിനിറുത്തലിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ പാലിക്കുമെന്ന് ഉറപ്പില്ലെന്നും അതിക്രമമുണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാണെന്നും ഇറാന്‍ സൈനിക മേധാവി അബ്ദുല്‍റഹീം മൂസവി പറഞ്ഞു. കഴിഞ്ഞ ദിവസം സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാനുമായി നടത്തിയ സംഭാഷണത്തിലാണ് മൂസവിയുടെ പരാമര്‍ശമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ആണവായുധം വികസിപ്പിക്കുമെന്ന് ആരോപിച്ച് ജൂണ്‍ 13നാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യം വെച്ച ആക്രമണത്തിന് ഇറാന്‍ തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ വഷളായി. ലോകത്തെ മുള്‍മുനയില്‍ നിറുത്തിയ യുദ്ധം ജൂണ്‍ 24നാണ് ഇസ്രയേലും ഇറാനും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനുമെതിരെ മതവിധി (ഫത്‌വ) പുറപ്പെടുവിച്ച് ഇറാന്‍. പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമൈനിയെ വേദനിപ്പിക്കുന്നവര്‍ മരണശിക്ഷക്ക് അര്‍ഹരാണെന്ന് ഷിയ പണ്ഡിതനായ ഗ്രാന്‍ഡ് ആയത്തുള്ള നാസര്‍ മകാറെം ഷിറാസിയാണ് പറഞ്ഞത്. ഇസ്‌ലാമിക സമൂഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളോ വ്യക്തികളോ യുദ്ധക്കൊതിയന്മാരാണെന്നും അവര്‍ക്കുള്ള ശിക്ഷ മരണമാണെന്നും മതവിധിയില്‍ പറയുന്നു. ഇത് ട്രംപിനെയും നെതന്യാഹുവിനെയും ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതോടെ ഇറാനുമായി ഇനി സംസാരമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞാന്‍ ഇറാന് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. ആണവകരാറിന്റെ പേര് പറഞ്ഞ് ഇറാന് കോടികള്‍ കൊടുത്ത ഒബാമയല്ല താനെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഇറാന് 30 ബില്യന്‍ ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ട്രംപ് തള്ളിയിരുന്നു. നിലവില്‍ ഇറാന്‍ നടത്തിവരുന്ന യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു സി.എന്‍.എന്‍, എന്‍.ബി.സി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിലൂടെ ഇറാന് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്നാല്‍ ഹമാസിന്റെ തടങ്കലിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനാണ് താന്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിനൊപ്പം ഗസയില്‍ ഹമാസിനെ പരാജയപ്പെടുത്തുന്നതും തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബന്ദികളുടെ സുരക്ഷ കണക്കിലെടുക്കാതെ ഗസ പിടിച്ചെടുക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. 50 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ തടങ്കലില്‍ കഴിയുകയാണെന്നാണ് വിവരം. അഴിമതിക്കേസിലെ വിചാരണ സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ നിലപാട് മാറ്റം. ഇത് ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഹമാസുമായി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപും പറഞ്ഞിരുന്നു.
അതിനിടെ തീവ്രവലത് ജൂത വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടമാളുകള്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ പലസ്തീനിയന്‍ ഗ്രാമം ആക്രമിക്കാന്‍ എത്തിയ ഒരു സംഘത്തെ ഇസ്രയേല്‍ സൈന്യം തടഞ്ഞിരുന്നു. ഇവരുമായുള്ള തര്‍ക്കം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിന് നേരെ ഒരുകൂട്ടമാളുകള്‍ സംഘടിച്ചെത്തിയത്. ഇസ്രയേല്‍ സൈന്യത്തിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ചതിയനും രാജ്യദ്രോഹിയുമാണെന്ന് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ആര്‍മി ബേസിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിലെടുത്തതായും ഐ.ഡി.എഫ് അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine