

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന കരയുദ്ധം യു.എന്‍ സമാധാന സംഘത്തിന് നേരെയും നീളുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ യു.എന്‍ സമാധാന സംഘത്തിന്റെ ബേസിലെത്തിയ ഇസ്രയേല്‍ സൈന്യം ടാങ്കുകള്‍ ഉപയോഗിച്ച് ചുറ്റുമതില്‍ ഭേദിച്ച് ഉള്ളില്‍ കടന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ചോളം യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ലെബനനിലെ യു.എന്‍ സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അവരെ പിന്‍വലിക്കണമെന്നും കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം യു.എന്‍ അംഗീകരിച്ചിട്ടില്ല.
അതേസമയം, ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ ഹിസ്ബുള്ള നടത്തിയ ഡ്രോണാക്രമണത്തില്‍ നാല് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടു. 60ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ 57 പേര്‍ ലെബനനില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് വിദൂര നിയന്ത്രണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുവിമാനം ഉപയോഗിച്ച് ലെബനന്‍ അതിര്‍ത്തിയില്‍ നിന്നും 60ലധികം കിലോമീറ്റര്‍ ദൂരെയുള്ള ബിന്യാമിന സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയത്. പേരുകേട്ട ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിച്ചാണ് ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ഇക്കാര്യത്തില്‍ ഇസ്രയേല്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന് സമാനമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഹിസ്ബുള്ളയുടെ പ്രതികരണം.
അതേസമയം, ഇസ്രയേലിലെ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന് 100 യു.എസ് സേനാംഗങ്ങളെക്കൂടി വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിനുള്ളില്‍ അമേരിക്കന്‍ സേനയെ വിന്യസിക്കുന്നത് വളരെ അപൂര്‍വമാണെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്കയുടെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് ഏരിയ ഡിഫന്‍സ് (താഡ്) മിസൈല്‍ സംവിധാനം പ്രവര്‍ത്തിക്കിപ്പിക്കുന്നതിന് മാത്രമാണ് ഇവരെ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളും സൈനിക കേന്ദ്രങ്ങളിലും വ്യാപകമായ സൈബര്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് നേരെ ഇസ്രയേല്‍ കനത്ത ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും സൈബറാക്രമണം ബാധിച്ചതായി ഇറാനിലെ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിലെ മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സുപ്രധാന പല വിവരങ്ങളും ചോര്‍ന്നതായും ഇദ്ദേഹം പറയുന്നു. ഇറാനിലെ ആണവ നിലയങ്ങള്‍, ഇന്ധന വിതരണ സംവിധാനം, ഗതാഗതം, തുറമുഖങ്ങള്‍ എന്നിവയെയും സൈബറാക്രമണം ലക്ഷ്യമിട്ടിരുന്നു.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലില്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ ഇറാന്‍ പശ്ചിമേഷ്യയില്‍ തിരക്കിട്ട നയതന്ത്ര നീക്കത്തിലാണ്. ഇസ്രയേലിന് യാതൊരു വിധ സഹായവും നല്‍കരുതെന്ന് അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ട ഇറാന്‍ ഇത് ലംഘിക്കുന്നവരെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെ ആക്രമിക്കണമെങ്കില്‍ അറബ് രാജ്യങ്ങളുടെ വ്യോമപാതയോ ഇവിടെയുള്ള യു.എസ് സൈനിക കേന്ദ്രങ്ങളോ ഇസ്രയേലിന് ഉപയോഗിക്കേണ്ടി വരും. ഇത് മുന്‍കൂട്ടി കണ്ട ഇറാന്‍ ഇസ്രയേലിന് വ്യോമപാത തുറന്ന് കൊടുക്കരുതെന്ന് അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ സൗദി അറേബ്യ, യു.എ.ഇ, ബഹറിന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ യു.എസ് സൈനിക കേന്ദ്രങ്ങളുണ്ട്. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ ഈ സേനികകേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യം വച്ചേക്കുമെന്ന ഭയം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. മേഖലയെ പൂര്‍ണമായ യുദ്ധത്തിലേക്ക് തള്ളിവിടാനും അറബ് രാജ്യങ്ങള്‍ക്ക് താത്പര്യമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine