ഇസ്രയേല്‍ തന്ത്രം പുറത്തെടുത്ത് ഇറാന്‍, പ്രതികാരമുന സൗദിയിലേക്കും നീങ്ങുമെന്ന് മുന്നറിയിപ്പ്

വലിയ രീതിയിലുള്ള ആക്രമണത്തിന് പകരം ഇസ്രായേലിലെ ഉന്നതരെ വധിക്കാനാണ് ഇറാനും ഹിസ്ബുള്ളയും പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സൈനിക ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വച്ചാകും ആക്രമണം. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ശത്രുരാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചിരുന്ന ആക്രമണ തന്ത്രമാണിത്. ശത്രു രാജ്യങ്ങളെ നേരിട്ടാക്രമിക്കുന്നതിന് പകരം അവിടുത്തെ പ്രധാന നേതാക്കന്മാരെ വധിക്കുകയാണ് മൊസാദിന്റെ തന്ത്രം. അതിവിദഗ്ധമായി നടപ്പിലാക്കുന്ന ഇത്തരം 'അസാസിന്‍ ഓപറേഷനുകളിലെ' അന്വേഷണം പക്ഷേ മൊസാദിലേക്ക് എത്താറില്ലെന്നതാണ് സത്യം.

സൗദി കിരീടവകാശി വധഭീഷണി

പാലസ്തീനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ ഇസ്രയേലുമായുള്ള ബന്ധം പുനസ്ഥാപിച്ചാല്‍ തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) പറഞ്ഞതായി റിപ്പോര്‍ട്ട്. ഇസ്രായേലുമായി സമാധാന കരാര്‍ ഉണ്ടാക്കിയപ്പോള്‍ പാലസ്തീന്‍ താത്പര്യങ്ങള്‍ സംരക്ഷിച്ചില്ലെന്ന് ആരോപിച്ച് 1981ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് യാഥാസ്ഥിതികരായ സൈനിക ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു എം.ബി.എസിന്റെ പരിഭവം. ഗാസയില്‍ നരനായാട്ട് തുടരുന്നതിനിടെ പ്രബല ഇസ്ലാമിക രാഷ്ട്രം ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്വന്തം പൗരന്മാര്‍ തന്നെ എതിരാവുമെന്നുമാണ് എം.ബി.എസിന്റെ വാദം. യു.എസും സൗദിയും വലിയൊരു രഹസ്യകരാര്‍ ഒപ്പിടാനുള്ള ചര്‍ച്ചകളിലാണെന്നാണ് റിപ്പോര്‍ട്ട്.

പ്രതികാരത്തിലുറച്ച് ഇറാന്‍ സൈന്യം

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് ഇസ്രയേലിനോട് പ്രതികാരം ചെയ്യുന്നതില്‍ നിന്നും പിന്മാറണമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ അപേക്ഷ നേരത്തെ തന്നെ ഇറാന്‍ നിരസിച്ചിരുന്നു. ഇത്തരമൊരു ആവശ്യം രാഷ്ട്രീയപരമായി ഒരു യുക്തിയുമില്ലാത്തതാണെന്ന് പറഞ്ഞ ഇറാന്‍ സൈനിക വക്താവ് പ്രതികാരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ജൂലായ് 31ന് ഇറാന്റെ പുതിയ പ്രസിഡന്റ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കിടെ ഹനിയ കൊല്ലപ്പെട്ടത് ഇസ്രയേല്‍ ആക്രമണത്തിലാണെന്നാണ് ഇറാന്റെ ആരോപണം. തൊട്ടുപിന്നാലെ ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനാനിലെ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും പ്രതികാരം ചെയ്യാന്‍ ഇറാന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേല്‍ ജാഗ്രതയില്‍

അതേസമയം, ഇറാനും സഖ്യകക്ഷികളായ ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖി പ്രതിരോധ സേന, പാലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളുടെ സഹായത്തോടെ ആക്രമിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിറ്ററേനിയന്‍ കടലില്‍ യു.എസ് സേനാ വിന്യാസവും ശക്തമാക്കി. എന്ത് ആക്രമണത്തെയും തടുക്കുമെന്ന് വെല്ലുവിളിച്ച് ഇസ്രായേലും ഒരുങ്ങിത്തന്നെയാണ് ഇരിക്കുന്നത്.

ഇറാനും രണ്ട് മനസ്

പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ദിവസം അതിഥിയായി വന്ന ഒരാളെ കൊലപ്പെടുത്തിയത് രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കരുതുന്ന ഇറാന്‍, ഇസ്രായേലിനോട് പ്രതികാരം ചെയ്യലല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് ചിന്തിക്കുന്നത്. എന്നാല്‍ ഇസ്രയേലിനെ ആക്രമിക്കുന്നത് മേഖലയെ വലിയ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്ന ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് ഇറാന്‍ കണക്കിലെടുക്കാനാണ് സാധ്യതയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറും ഇറാനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ മിതവാദവും പ്രതികാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൈന്യത്തിന്റെ നിലപാടും ഇറാനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്.
Related Articles
Next Story
Videos
Share it