
ഹമാസും ഹിസ്ബുള്ളയും കഴിഞ്ഞാല്‍ ഇസ്രയേലിന്റെ ലക്ഷ്യം ഇറാനാണെന്നത് പകല്‍പോലെ വ്യക്തമായിരുന്നു. പ്രൊക്‌സികളെ ഉപയോഗിച്ച് ഇസ്രയേലിനെ ദുര്‍ബലമാക്കാനുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് പലപ്പോഴും മുന്നറിയിപ്പ് നല്കിയിരുന്നതുമാണ്. എന്നാല്‍ യു.എസുമായുള്ള അവസാനവട്ട ആണവ ചര്‍ച്ചകള്‍ ഒമാനില്‍ നടക്കാനിരിക്കെ ഇസ്രയേല്‍ പെടുന്നനെ ആക്രമണം നടത്തിയതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. കരാറുകളല്ല, ശത്രുക്കളെ നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം.
ഹമാസ് 2023ല്‍ ഇസ്രയേലില്‍ നടത്തിയ കടന്നാക്രമണം അവരുടെ പ്രതിരോധ നിലപാടുകളെ തന്നെ മാറ്റിമറിച്ചു. അതിര്‍ത്തിക്കപ്പുറം എല്ലാം ശാന്തമാണെന്ന ധാരണയില്‍ മുന്നോട്ടു പോകാതെ ശത്രുക്കളെ മുളയിലെ നുള്ളുകയെന്ന നയത്തിലൂന്നിയാണ് ഇസ്രയേല്‍ മുന്നോട്ടു നീങ്ങുന്നത്. ഹമാസിനും ഹിസ്ബുള്ളയ്ക്കും ആയുധങ്ങളും പണവും നല്കി ഇസ്രയേലിനെതിരേ ആയുധമെടുക്കാന്‍ ഇറാന്‍ പ്രേരിപ്പിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
ഇറാന്‍ ആണവായുധം സ്വന്തമാക്കിയാല്‍ അത് ഇസ്രയേലിന് വലിയ ഭീഷണിയാകും. ഈ ആണവായുധം ഭീകരുടെ കൈവശമെത്തിയാല്‍ പശ്ചിമേഷ്യയില്‍ തങ്ങളുടെ നിലനില്‍പ്പു തന്നെ അവതാളത്തിലാകുമെന്ന് ഇസ്രയേലി ഭരണകൂടത്തിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ആണവ നിരായുധീകരണ കരാറില്‍ ഏര്‍പ്പെടാന്‍ യുഎസ് അന്ത്യശാസനം നല്കിയ ദിനം തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത്.
സാധാരണഗതിയില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന ആക്രമണങ്ങളിലേതിനേക്കാള്‍ കൂടുതല്‍ നാശനഷ്ടമാണ് ഇറാന് നേരിടേണ്ടി വന്നത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ആക്രമണം പ്രതീക്ഷിച്ച ഇറാന് രാജ്യത്തിനകത്തു നിന്നു തന്നെ പ്രഹരം നേരിടേണ്ടി വന്നു. മൊസാദ് ചാരന്മാര്‍ ഇറാന്റെ അകത്തുനിന്നും ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടിയത് ഇറാന്‍ അറിഞ്ഞതേയില്ല.
ജനാധിപത്യത്തിനായുള്ള മുറവിളി നടക്കുന്ന ഇറാനില്‍ ഇപ്പോഴത്തെ ഭരണകൂടത്തിനെതിരേ ശക്തമായ പ്രതിഷേധമാണുള്ളത്. രാജ്യം എതിരാളികളില്‍ നിന്ന് വെല്ലുവിളി നേരിടുന്ന സമയം പ്രയോജനപ്പെടുത്തി സര്‍ക്കാരിനെതിരേ നീക്കം നടന്നാലും അത്ഭുതപ്പെടാനില്ല. ഇറാനില്‍ ആക്രമണം നടത്തിയ ശേഷം രണ്ടുതവണ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഈ രണ്ടു തവണയും ഇറാനിലെ ജനങ്ങളെ അഭിവാദ്യം ചെയ്താണ് നെതന്യാഹു പ്രസംഗം തുടങ്ങിയത്. ഇറാനിലെ സ്വാതന്ത്ര പ്രക്ഷോഭകരെ ആകര്‍ഷിക്കുന്നതിനും ഇറാന്‍ നേതൃത്വത്തിനെതിരേ തിരിക്കുന്നതിനുമാണ് ബോധപൂര്‍വമായ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലത്ത് ഇറാന്‍ ഭരണകൂടം രാജ്യത്തിനകത്തു നിന്ന് വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
പശ്ചിമേഷ്യയില്‍ ഇറാന്റെ പതനം ആഗ്രഹിക്കുന്നവരാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക് രാജ്യങ്ങള്‍. പരസ്യമായി ആക്രമണത്തെ അപലപിച്ചെങ്കിലും മറ്റൊന്നും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുണ്ടായില്ല. യെമനിലെ ഹൂതി വിമതരെ സൗദിക്കെതിരേ വളര്‍ത്തുന്നത് ഇറാനായിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ നേതൃത്വത്തിലേക്ക് വരാനും ഇറാന്‍ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. ഇതെല്ലാം സൗദി ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ താല്പര്യത്തിന് എതിരാണ്.
ഇസ്രയേലിന്റെ ആക്രമണവിവരം ഖത്തര്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഇതും ഇറാനെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന.
ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയെന്നത് ഇസ്രയേലിന്റെ ആവശ്യമായിരുന്നു. വെള്ളിയാഴ്ച്ച രാത്രി ഇറാന്‍ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതോടെ ഇസ്രയേല്‍ ആഗ്രഹിച്ചത് സംഭവിച്ചു. ഇനി പരമാവധി ഇറാനെ പൊള്ളലേല്പിക്കുകയെന്നതാകും നെതന്യാഹുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇറാനുമായി സൗഹൃദമുള്ള റഷ്യയും ചൈനയും പ്രസ്താവനകളില്‍ പ്രതികരണം ഒതുക്കിയതോടെ ഒറ്റയ്ക്ക് പൊരുതേണ്ട അവസ്ഥയിലാണ് ഇറാന്‍.
ഇസ്രയേലിനാകട്ടെ യുഎസിന്റെ പരസ്യ സഹായവും ഗള്‍ഫ് രാജ്യങ്ങളുടെ മൗനസമ്മതവും ഉണ്ട്. എന്തായാലും പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം അധികം വൈകാതെ മാറുമെന്നത് ഉറപ്പാണ്. ഏതു തരത്തിലാകുമെന്നത് കണ്ടറിയണമെന്ന് മാത്രം.
Read DhanamOnline in English
Subscribe to Dhanam Magazine