അയണ്‍ ഡോം ചതിക്കുമോയെന്ന പേടിയില്‍ ഇസ്രയേല്‍, ഇറാന്റെ ലക്ഷ്യം യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോ?

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
isarel iran war
Image credit: canva
Published on

പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞ യുദ്ധഭീതിയില്‍ അയവില്ല. പ്രതികാരം ചെയ്യുമെന്നുറച്ച് ഇറാനും എന്ത് ആക്രമണത്തെയും തടുക്കുമെന്ന് ഇസ്രയേലും നിലപാടെടുത്തത് ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ചെങ്കടലിലൂടെ യാത്ര ചെയ്യുന്ന കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിഭാഗം തുടരുന്ന ആക്രമണം ചരക്കുനീക്കത്തെയും ബാധിച്ചിട്ടുണ്ട്. മേഖലയില്‍ യുദ്ധമൊഴിവാക്കാനുള്ള ചര്‍ച്ചകളും കാര്യമായി നടക്കുന്നുണ്ട്.

അയണ്‍ ഡോം ചതിക്കുമോ?

ഒരു പക്ഷേ ഇറാനും സഖ്യകക്ഷികളും ഒരുമിച്ച് ആക്രമിച്ചാല്‍, വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് താങ്ങാന്‍ കഴിയുമോ എന്നാണ് ഇസ്രയേലിന്റെ ആശങ്ക. ഇസ്രയേലിന്റെ ആകാശത്ത് കോട്ടപോലെ നിലയുറച്ച് നിന്നിരുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. അടുത്തിടെ അമേരിക്കന്‍ സഹായത്തോടെ ശക്തിപ്പെടുത്തിയ അയണ്‍ ഡോമിന്റെ ശക്തിപ്രകടനം കൂടിയാകും ഇറാന്റെ ആക്രമണമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ഏപ്രില്‍ 13ന് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് പിന്തുണയുമായി അറബ് രാജ്യങ്ങളായ ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവരെത്തിയിരുന്നു.അന്ന് തൊടുത്ത 99 ശതമാനം മിസൈലുകളും ഇവരുടെകൂടി സഹായത്തോടെയാണ് ഇസ്രയേല്‍ നിര്‍വീര്യമാക്കിയത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇവരുടെ പിന്തുണ ഉറപ്പിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. തങ്ങളുടെ വ്യോമപാത യുദ്ധത്തിന് നല്‍കില്ലെന്ന് സൗദിയും ജോര്‍ദാനും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്ക് പ്രതീക്ഷിക്കേണ്ടെന്ന് ഈജിപ്തും അറിയിച്ചു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

പലസ്തീനില്‍ ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടങ്ങണമെന്ന ആവശ്യവും ശക്തമായി. തടവുകാരെ വിട്ടയക്കണമെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആഗസ്റ്റ് 15ന് ദോഹയിലോ കെയ്‌റോയിലോ നടക്കുമെന്നാണ് വിവരം.

ഇറാന്റെ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്?

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന് മൈക്രോസോഫ്റ്റ് ത്രെറ്റ് അനാലിസിസ് സെന്റര്‍ മുന്നറിയിപ്പ് നല്‍കി. യു.എസ് പൗരന്മാരുടെ ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇറാന്‍ ശ്രമിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാജവാര്‍ത്തകളിലൂടെയും ജനങ്ങളെ പല തരത്തില്‍ സ്വാധീനിച്ചും നിരവധി ഇറാനിയൻ ഗ്രൂപ്പുകള്‍ യു.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

യുദ്ധഭീതി നിലനില്‍ക്കുന്നതിനിടെ ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തെ ആഗസ്റ്റ് രണ്ടിന് റദ്ദാക്കിയ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഇനി സര്‍വീസുകള്‍ നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ക്കുണ്ടായ നഷ്ടം നികത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com