ഹിസ്ബുള്ളയ്ക്കുള്ളിലും ഇസ്രയേല്‍ ചാരന്മാര്‍! ആക്രമണം ഹൂതികള്‍ക്ക് നേരെയും, അടുത്തത് ഇറാന്‍? അറബ് ലോകത്ത് ഭിന്നത

20 വര്‍ഷമായി ഇസ്രയേല്‍ നടത്തിവന്ന ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളാണ് ഹസന്‍ നസറുള്ളയുടെ വധത്തിലേക്ക് നയിച്ചത്
isarel iran war
Image credit: canva
Published on

ആശയ വിനിമയ സംവിധാനങ്ങളും നേതൃനിരയും തകര്‍ന്നതിന് പിന്നാലെ ലെബനന്‍ ഷിയ സായുധ സംഘമായ ഹിസ്ബുള്ളയ്ക്ക് പുതിയ പ്രതിസന്ധി. സംഘടനയുടെ രഹസ്യ നീക്കങ്ങള്‍ പോലും മണത്തറിയുന്ന ഇസ്രയേലി ചാരന്മാര്‍ ഹിസ്ബുള്ളയ്ക്കുള്ളില്‍ ഉണ്ടാകാമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പേജര്‍ - വാക്കി ടോക്കി സ്‌ഫോടന പരമ്പരയും മുതിര്‍ന്ന നേതാക്കളുടെ മരണവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും റോയിട്ടേഴ്‌സ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷങ്ങളുടെ നിരീക്ഷണം, പറ്റിയ സമയത്ത് വധിച്ചു

20 വര്‍ഷമായി ഇസ്രയേല്‍ നടത്തിവന്ന ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളാണ് ഹസന്‍ നസറുള്ളയുടെ വധത്തിലേക്ക് നയിച്ചത്. നസറുള്ള യോഗത്തിനെത്തുന്ന വിവരം ഇറാനിയന്‍ പൗരത്വമുള്ള ചാരനാണ് ഇസ്രയേലിനെ അറിയിച്ചത്. മിനിട്ടുകള്‍ക്കുള്ളില്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ യു.എന്‍ യോഗത്തിനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തിന് ഉത്തരവ് നല്‍കിയതോടെ ലെബനന്‍ അതിര്‍ത്തിയില്‍ കാത്തിരുന്ന എഫ് 35 വിമാനങ്ങള്‍ ദൗത്യത്തിന് പുറപ്പെട്ടു. തെക്കന്‍ ബൈറൂത്തിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗായിരുന്നു ലക്ഷ്യം. ഭൂമിക്കടിയില്‍ 60 അടിതാഴ്ചയില്‍ ഭൂഗര്‍ഭ അറയിലായിരുന്നു രഹസ്യയോഗം. ഇവിടേക്ക് അമേരിക്കന്‍ നിര്‍മിത അത്യാധുനിക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ വര്‍ഷിച്ച് വിമാനങ്ങള്‍ മടങ്ങി. 80 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഇവിടെ ഉപയോഗിച്ചെന്നാണ് കണക്ക്. കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് നസറുള്ളയുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍, ഇസ്രയേല്‍ തിരിച്ചടി

യു.എന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിമാനത്തിന് നേരെ യെമനിലെ ഹൂതി വിഭാഗത്തിന്റെ മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ തന്നെ അതിനെ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇതിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമസേന കനത്ത ആക്രമണം നടത്തി. റാസ് ഇസ, ഹുദൈബിയ തുറമുഖങ്ങളിലും പവര്‍ പ്ലാന്റുകളിലും നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഗാസയില്‍ യുദ്ധമാരംഭിച്ച ശേഷം ചെങ്കടലിലൂടെ പോകുന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ച് ഹൂതികള്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ടെല്‍ അവീവിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യം വച്ച് ഹൂതികള്‍ മിസൈല്‍ ആക്രമണവും നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇസ്രയേല്‍ വ്യോമാക്രമണം. എന്നാല്‍ പലസ്തീന്‍ ജനതയോടുള്ള പിന്തുണ തുടരുമെന്നും ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഹൂതികളുടെ നിലപാട്.

അടുത്തത് ഇറാന്‍?

പലസ്തീന്‍ വിഷയത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇസ്രയേലിനെ മറ്റ് അറബ് രാജ്യങ്ങള്‍ ശത്രുവായി കാണുന്നതിനുള്ള കാരണങ്ങളിലൊന്ന്.എന്നാല്‍ സൗദി അറേബ്യ അടക്കമുള്ള ചില രാജ്യങ്ങള്‍ ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണമുണ്ടാകുന്നത്. ഇതിന് പിന്നാലെ ഇസ്രയേല്‍ തുടങ്ങിയ യുദ്ധത്തിന്റെ അലയൊലികള്‍ പലസ്തീനില്‍ നിന്നും ലെബനനിലേക്കും യെമനിലേക്കും വ്യാപിച്ചു.

ഇറാന്റെ മണ്ണിലെത്തി ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ വധിക്കാനും ഇസ്രയേല്‍ ധൈര്യം കാണിച്ചു. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. പ്രതിസന്ധി തുടങ്ങിയ ശേഷം ഇരുരാജ്യങ്ങളും പരസ്പരം നേരിട്ട് ഏറ്റുമുട്ടിയിട്ടുമില്ല. പശ്ചിമേഷ്യയിലെ ഷിയ സായുധ സംഘടനകളെല്ലാം ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നവയാണെന്നാണ് ഇസ്രയേല്‍ ആരോപണം. പുതിയ സാഹചര്യത്തില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

ഇറാന്റെ നിലപാടെന്ത്

നേതൃത്വം നഷ്ടമായെങ്കിലും ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള കഴിവ് ഹിസ്ബുള്ളയ്ക്കുണ്ടെന്നാണ് ഇറാന്‍ കരുതുന്നത്. നിലവിലെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടണ്ടെന്നും ഇറാന്‍ കരുതുന്നു. എന്നാല്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമൈനിയെയും ആണവ കേന്ദ്രങ്ങളെയും ഇസ്രയേല്‍ ലക്ഷ്യം വച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇറാനെ മാറ്റിച്ചിന്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും ഇറാന്‍ പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ അംഗരാജ്യങ്ങളുടെ അവിശ്വാസത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

ഇറാന്‍ നേരിട്ട് എന്തെങ്കിലും ആക്രമണം നടത്തിയാല്‍ വിഷയത്തില്‍ അമേരിക്കയും ഇടപെടുമെന്നാണ് വിലയിരുത്തല്‍. ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇറാന് നന്നായറിയാം. അമേരിക്കയെ യുദ്ധത്തിനിറക്കാന്‍ ഇസ്രയേലിനും താത്പര്യമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അറബ് ലോകത്ത് ഭിന്നത

അതേസമയം, ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയുടെ മരണം കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് കാരണമായെങ്കിലും പല അറബ് രാജ്യങ്ങളിലും ജനങ്ങള്‍ ഇത് ആഘോഷമാക്കി. സിറിയയിലെ ഇദ്‌ലിബ് നഗരത്തില്‍ തെരുവിലിറങ്ങിയ ജനങ്ങള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് നസറുള്ളയുടെ മരണം ആഘോഷിച്ചത്. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് ഹിസ്ബുള്ള നല്‍കിയ സഹായങ്ങളാണ് ജനങ്ങളെ സംഘടനയ്ക്ക് എതിരാക്കിയത്.

ലെബനനിലെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞ സുന്നി രാജ്യമായ സൗദി അറേബ്യ പക്ഷേ നസറുള്ളയുടെ മരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. മറ്റ് സുന്നി ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയുമായി അടിയന്തര ചര്‍ച്ച നടത്തിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും നസറുള്ളയുടെ മരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇറാന്‍ പിന്തുണയുള്ള മറ്റ് രാജ്യങ്ങള്‍ രാജ്യത്ത് ദുഖാചരണം അടക്കമുള്ളവ പ്രഖ്യാപിച്ചാണ് നസറുള്ളയുടെ മരണത്തില്‍ അനുശോചനം നടത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com