ഗസ്റ്റ് ഹൗസില്‍ ബോംബ് വച്ച് രണ്ട് മാസം കാത്തിരുന്നു, ഇറാനെ പ്രതിരോധിക്കാന്‍ യു എസും : ഗള്‍ഫ് മേഖല വീണ്ടും യുദ്ധത്തിലേക്കോ

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്താനായി തെഹ്‌റാനിലെ ഗസ്റ്റ്ഹൗസില്‍ രണ്ട് മാസം മുമ്പ് ബോംബ് സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിലെ ചില ഉന്നതരെ ഉദ്ധരിച്ച് ന്യൂ യോർക്ക് ടൈംസാണ് കഴിഞ്ഞ ദിവസം രാത്രി ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ അതീവ സുരക്ഷയിലുള്ള ഗസ്റ്റ് ഹൗസിലാണ് സാധാരണ ഹനിയ്യ താമസിക്കാറുള്ളത്. ഇത് മനസിലാക്കിയ മൊസാദ് ഇറാന്റെ സുരക്ഷാവേലി ഭേദിച്ച് മുറിയില്‍ സ്‌ഫോടക വസ്തു സ്ഥാപിക്കുകയായിരുന്നു. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം മുറിയിലെത്തിയ ഹനിയ്യയെ വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മേയ് 19നാണ് ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റൈസി ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്. ഇതിന് ശേഷമായിരിക്കാം ബോംബ് സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിന് തയ്യാറെടുത്ത് ഇറാന്‍
ഹനിയയുടെ മരണത്തില്‍ പ്രതികാരത്തിന് ഇറാന്‍ തയ്യാറെടുക്കുകയാണ്. ഇറാന്റെ പിന്തുണയോടെ പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമനിലെ ഹൂതി വിഭാഗം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖി പ്രതിരോധ സേന എന്നിവര്‍ ചേര്‍ന്നുള്ള ആക്രമണത്തിനാണ് ഇറാന്‍ മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതിരോധിക്കാന്‍ യു.എസും
ഇസ്രയേലിനെതിരെ ഇറാനില്‍ നിന്നും ഉണ്ടാകുന്ന ഭീഷണികളെയും നേരിടാന്‍ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ പ്രസിഡന്റ് ജോ ബൈഡനെ ഇക്കാര്യം നേരിട്ട് അറിയിച്ചു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘങ്ങളെയും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. മേഖലയില്‍ യു.എസ് കൂടുതല്‍ സേനാ വിന്യാസം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയെക്കൂടി യുദ്ധത്തിലേക്ക് ഇറക്കണമെന്നാണ് ഇസ്രയേലും ആഗ്രഹിക്കുന്നത്.
വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ ഓഗസ്റ്റ് 8 വരെ ഇസ്രയേലിലേക്കുള്ള സര്‍വീസ് നിറുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ക്യാന്‍സല്‍ ചെയ്യുന്നതിനോ വേറൊരു തീയതിയിലേക്ക് മാറ്റുന്നതിനോ അവസരമുണ്ടാകും. ഇതിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുഖ്യപരിഗണനയെന്നും എയര്‍ ഇന്ത്യ അറിയിപ്പില്‍ പറഞ്ഞു.
ഗള്‍ഫ് മേഖല യുദ്ധത്തിലേക്കോ?
പശ്ചിമേഷ്യയിലെ ശക്തരായ രണ്ട് രാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്യാനൊരുങ്ങി നില്‍ക്കുന്നത് ആഗോള തലത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യുദ്ധമൊഴിവാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിനിടെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനായി യു.കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി ഇസ്രയേലിലെത്തിയത് മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി. ലെബനനിലെത്തി ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വരവ്.
Related Articles
Next Story
Videos
Share it