വിരട്ടരുത്, കീഴടങ്ങില്ലെന്ന് അമേരിക്കയോട് ഇറാന്‍, ക്ഷമ പരീക്ഷിക്കരുതെന്ന് ട്രംപ്... ഫോണില്‍ നിന്ന് വാട്‌സാപ് മാറ്റാന്‍ സ്വന്തം ജനതയോട് ഇറാന്‍ ആവശ്യപ്പെട്ടതിന് കാരണമെന്താണ്?

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ യു.എസ് ഇടപെടുന്നത് മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് റഷ്യ
benjamin netanyahu and ali khamenei
Published on

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. വാഗ്വാദങ്ങള്‍ക്ക് പുറകെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സേനാവിന്യാസം നടത്തി അമേരിക്ക. കീഴടങ്ങാനുള്ള യു.എസ് മുന്നറിയിപ്പ് തള്ളിയ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടാല്‍ പ്രത്യാഘാതം കനത്തതാകുമെന്നും പ്രതികരിച്ചു. ഇറാനെ ആക്രമിച്ചതിലൂടെ ഇസ്രയേല്‍ വലിയ തെറ്റ് ചെയ്തതായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമൈനി ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു. ഭീഷണിയുടെ സ്വരം ഇറാനികളോട് ചെലവാകില്ലെന്ന് ചരിത്രം അറിയുന്നവര്‍ക്ക് മനസിലാകും. യു.എസ് ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും നേരിട്ട് ഇടപെട്ടാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ഖുമൈനി പറഞ്ഞു.

ഇറാന്‍ പരമോന്നത നേതാവിന്റെ ഒളിയിടം അറിയാമെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ സ്വരം കടുപ്പിച്ച ട്രംപ് യു.എസിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും പറഞ്ഞു. ഇറാനില്‍ യു.എസ് ആക്രമണം നടത്തിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ട്രംപിന്റെ പ്രസ്താവന. അതിനിടെ മേഖലയില്‍ യു.എസ് സേനാവിന്യാസവും ശക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ യു.എസ് സേനയുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലും അറബിക്കടലിലും യു.എസ് യുദ്ധക്കപ്പലുകളും വിന്യസിച്ചു. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സേനാ വിന്യാസമെന്നാണ് യു.എസ് സൈന്യം നല്‍കുന്ന വിശദീകരണം.

റഷ്യയും ചൈനയും ഇടപെടുമോ?

ഇസ്രയേല്‍ പക്ഷത്ത് യു.എസ് കൂടി ചേര്‍ന്നാല്‍ റഷ്യയും ചൈനയും എന്തുനിലപാടെടുക്കുമെന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. യു.എസ് ഇടപെടല്‍ മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ വഷളാക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റിയാബ്‌കോവിന്റെ പ്രതികരണം. ഇസ്രയേലുമായും ഇറാനുമായും റഷ്യ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിനിടെ മൂന്ന് ചൈനീസ് ചരക്കുവിമാനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ ഇറാനിലെത്തിയതും അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു. ട്രാക്കിംഗ് ഡിവൈസുകള്‍ ഓഫ് ചെയ്ത് ഇറാനിലെത്തിയത് ആയുധങ്ങളുമായിട്ടാണെന്ന സംശയവും പ്രതിരോധ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തെ ശക്തമായി എതിര്‍ത്ത രാജ്യങ്ങളിലൊന്നാണ് ചൈനയെന്നതും ശ്രദ്ധേയം. എന്നാല്‍ വിഷയത്തില്‍ ഈ രാജ്യങ്ങള്‍ നേരിട്ട് ഇടപെടുമോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.

ഇറാന്റെ വാട്‌സ്ആപ്പ് പേടി

അതിനിടെ പൗരന്മാരോട് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് നീക്കാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇസ്രയേലിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തുവെന്ന് ആരോപിച്ചാണ് നീക്കം. എന്നാല്‍ ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ സമയത്ത് ഇത്തരം സേവനങ്ങള്‍ നിറുത്തുന്നത് തെറ്റാണെന്ന് വാട്‌സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നതിനാല്‍ വാട്‌സ്ആപ്പ് വഴിയുള്ള ആശയ വിനിമയം മറ്റൊരാള്‍ക്കും വായിക്കാന്‍ കഴിയില്ലെന്നാണ് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ വിശദീകരണം. ഞങ്ങള്‍ നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യില്ല. നിങ്ങള്‍ ആര്‍ക്കാണ് മെസേജ് ചെയ്യുന്നതെന്നും എന്തൊക്കെയാണ് സംസാരിക്കുന്നതെന്നും ട്രാക്ക് ചെയ്യുന്നില്ല. ഏതെങ്കിലും സര്‍ക്കാരുകള്‍ക്ക് കൂട്ടത്തോടെ മെസേജ് അയക്കാനുള്ള സൗകര്യവും ഞങ്ങള്‍ ഒരുക്കുന്നില്ലെന്നും മെറ്റ വിശദീകരിക്കുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇറാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വി.പി.എന്‍ പോലുള്ളവ ഉപയോഗിച്ച് പലരും ഇപ്പോഴും ഇവ ഉപയോഗിക്കുന്നുണ്ട്. സദാചാര പൊലീസിന്റെ മര്‍ദ്ദനത്തില്‍ യുവതി മരിച്ചെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധം നടന്നതിനെ തുടര്‍ന്ന് 2022ല്‍ വാട്‌സ്ആപ്പും ഗൂഗിള്‍ പ്ലേയും ഇറാന്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ നിരോധനം നീക്കിയത്. ഇന്‍സ്റ്റഗ്രാമിനും ടെലഗ്രാമിനുമൊപ്പം ഇറാനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്.

Iran’s Supreme Leader Khamenei warned of serious consequences if the US launches strikes, as the Iranian government urges citizens to uninstall WhatsApp amid rising tensions.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com