
ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനെ ചതിച്ചത് പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 13നാണ് ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ പാക് സൈനിക മേധാവി അസീം മുനീറിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ചത് ദുരുഹമാണെന്നാണ് ചില പ്രതിരോധ വിദഗ്ധര്‍ ആരോപിക്കുന്നത്.
ഈ യോഗത്തില്‍ യു.എസ് സേന ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി വിശദീകരിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ തന്ത്രപ്രധാന മേഖലകളെക്കുറിച്ച് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യു.എസിന് വിവരം നല്‍കിയതായും ചിലര്‍ ആരോപിക്കുന്നു. വൈറ്റ് ഹൗസിലെ യോഗത്തിന് ശേഷം ട്രംപിനെ സമാധാന നൊബേല്‍ പുരസ്‌ക്കാരത്തിന് പാക്കിസ്ഥാന്‍ ശുപാര്‍ശ ചെയ്തതിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെ ഇറാനിലെ യു.എസ് ആക്രമണത്തെ പാക്കിസ്ഥാന് അപലപിക്കേണ്ടി വന്നതും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതിനിടെ 12 ദിവസം നീണ്ട യുദ്ധത്തില്‍ ഇസ്രയേലും ഇറാനും വെടിനിറുത്തലിന് തയ്യാറായെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറയുന്നു. രാജ്യത്തെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഖത്തറിലെ യു.എസ് കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. മുന്‍കൂട്ടി അറിയിച്ച ശേഷം പ്രതീകാത്മകമായാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് അടക്കമുള്ളവരുടെ വിലയിരുത്തല്‍. ഇതിന് തൊട്ടുപിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിറുത്തലിലെത്തിയെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന ഖത്തറിലെ യു.എസ് കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യമിട്ടതെന്തിനാണെന്നാണ് എല്ലാവരുടെയും സംശയം.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമകേന്ദ്രം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച രാത്രിയോടെ ഇറാനിയന്‍ മിസൈലുകള്‍ എത്തിയത്. രാജ്യതലസ്ഥാനമായ ദോഹയില്‍ ഉള്‍പ്പെടെ മിസൈലുകള്‍ കാണാന്‍ കഴിഞ്ഞെന്ന് മലയാളികള്‍ അടക്കമുള്ള ദൃക്‌സാക്ഷികള്‍ പറയുന്നു. ഇറാന്‍ ഷോര്‍ട്ട് റേഞ്ച്, മീഡിയം റേഞ്ച് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച യു.എസ് ആര്‍ക്കും ആളപായമില്ലെന്നും കൂട്ടിച്ചേര്‍ത്തു. സുഹൃദ് രാഷ്ട്രമായ ഖത്തറിനെയല്ല യു.എസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്നുമാണ് ഇറാന്റെ പ്രതികരണം.
മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇറാനുമായി ചേര്‍ന്ന് നില്‍ക്കുകയും ഗസയിലെ വിഷയത്തിലടക്കം മധ്യസ്ഥത വഹിക്കുകയും ചെയ്ത രാജ്യമാണ് ഖത്തര്‍. ഇവിടെയുള്ള യു.എസ് കേന്ദ്രം ആക്രമിച്ചതിലൂടെ ഇറാന്‍ പ്രതീകാത്മക ആക്രമണമാണ് നടത്തിയതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. യു.എസ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് സ്വന്തം ജനതയെ ബോധ്യപ്പെടുത്താനും ഇതിലൂടെ ഇറാന്‍ ശ്രമിച്ചിട്ടുണ്ട്. യു.എസ് ആക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള കഴിവുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയും ഇറാന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ആക്രമണ വിവരം നേരത്തെ അറിയിച്ചതിലൂടെ സംഘര്‍ഷം കൂടുതല്‍ വ്യാപകമാക്കാനും ഇറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇസ്രയേല്‍ ആക്രമണമുണ്ടായ ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീല്‍ഡുകളിലൊന്നായ സൗത്ത് പാര്‍സില്‍ ഇറാനും ഖത്തറിനും പങ്കാളിത്തമുണ്ടെന്നതും ശ്രദ്ധേയമാണ്.
വെടിനിറുത്തല്‍ കരാറിലൂടെ യു.എസിന് കീഴടങ്ങയിതല്ലെന്ന് ഇറാന് സ്വന്തം ജനതയെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ അധികാരം സംരക്ഷിക്കാന്‍ ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ജി.സി.സി രാജ്യങ്ങളിലൊന്നിനെ ആക്രമിക്കേണ്ടത് അത്യാവശ്യമായിരുന്നു. സൗദി അറേബ്യ, യു.എ.എ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നുതും ഇറാന്‍ കണക്കിലെടുത്തെന്നാണ് കരുതുന്നത്.
Iran launched a missile strike on the U.S. Al Udeid Air Base in Qatar under “Operation Glad Tidings of Victory,” raising regional tensions despite no reported casualties.
Read DhanamOnline in English
Subscribe to Dhanam Magazine