

കൂടുതല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് തായ്‌ലന്‍ഡ്, ശ്രീലങ്ക, വിയറ്റ്‌നാം, മലേഷ്യ, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ ഇന്ത്യക്കാര്‍ക്ക് വീസ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയിലേക്ക് ഇപ്പോഴിതാ ഇറാനും. ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസ രഹിത പ്രവേശനം അനുവദിച്ചിരിക്കുകയാണ് ഇറാന്‍.
ഇന്ത്യ, സൗദി അറേബ്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനന്‍ എന്നിങ്ങനെ നീളുന്ന ഈ 33 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഇറാനിലേക്ക് പ്രവേശിക്കാന്‍ വീസ വേണ്ട. ടെഹ്റാന്‍, തബ്രിസ്, എസ്ഫഹാന്‍, ഷിറാസ്, മഷ്ഹദ്, യാസ്ദ്, കഷന്‍, അഹ്വാസ് തുടങ്ങി ചില ടൂറിസം കേന്ദ്രങ്ങള്‍ ഇറാനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്.
രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്ന് ഇറാന്‍ സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇസദുള്ളാഹ് സര്‍ഗാമി പറഞ്ഞു. ലോക വിനോദസഞ്ചാര മേഖലയില്‍ ഇറാനെ കുറിച്ചുള്ള ധാരണകള്‍ മാറാനും രാജ്യം വിനോദസഞ്ചാര സൗഹൃദമാണെന്ന് തെളിയിക്കാനുമാണ് ഇറാന്‍ ഭരണകൂടത്തിന്റെ ഈ നീക്കം.
നേരത്തെ ചൈന, തുര്‍ക്കി, അസര്‍ബൈജാന്‍, സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസ ഇളവ് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. നടപ്പ് വര്‍ഷത്തെ ആദ്യ എട്ട് മാസത്തെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48.5 ശതമാനം വര്‍ധനയോടെ 40.4 ലക്ഷം വിദേശ സഞ്ചാരികളാണ് ഇറാനിലെത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine