Israel, Iran
Israel-Iran warImage courtesy: x.com/netanyahu, x.com/khamenei_ir, Canva

ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബോംബിട്ട് ഇറാന്‍; ആണവ പദ്ധതി പൊളിക്കാനുള്ള നീക്കവുമായി ഇസ്രായേല്‍

ആക്രമണങ്ങള്‍ക്ക് ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
Published on

ഏഴു ദിവസം പിന്നിടുന്ന ഇസ്രായേല്‍-ഇറാന്‍ യുദ്ധം ആക്രമണത്തിന്റെ ഇടവേളകളില്ലാതെ തുടരുകയാണ്. ടെല്‍ അവീവിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ ബോംബിട്ട് ഇറാന്‍ ഇസ്രായേലിനെ ഞെട്ടിച്ചു. ഇറാന്റെ ആണവ പദ്ധതി ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. യുദ്ധം നിര്‍ത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിയതിന് പിന്നാലെയാണ് ഇസ്രായേലില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചത്.

ഇരുപക്ഷത്തും നാശം

ടെല്‍ അവീവ് കെട്ടിടത്തിലുണ്ടായ ആക്രമണം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു. കെട്ടിടത്തിന് വ്യാപക നാശമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഇസ്രായേലിലെ പ്രധാന ആശുപത്രിക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 32 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സുരക്ഷാ വിഭാഗം അറിയിച്ചു. തെക്കന്‍ മേഖലയിലെ സൊരോക്ക ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു അപലപിച്ചു. ഇതിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിന്റെ ലക്ഷ്യം ആണവ പദ്ധതി

ഇറാന്റെ ആണവ പദ്ധതി തകര്‍ക്കുന്നതിനുള്ള ലക്ഷ്യമായാണ് ഇസ്രായേല്‍ മുന്നോട്ട് പോകുന്നത്. ഇറാനിലെ അരാക്ക് ഹെവി വാട്ടര്‍ റിയാക്ടറിന് നേരെ നടത്തിയ ആക്രമണം ഈ ലക്ഷ്യത്തോടു കൂടിയുള്ളതാണ്. ആണവ നിലയവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി ഇറാന്‍ വെളിപ്പെടുത്തി. ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും ഈ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതായും ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്‌റാനിലെ 20 സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വെളിപ്പെടുത്തിയിരുന്നു. ഈ കേന്ദ്രങ്ങളും ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ടവയാണ്. ഇസ്രായേലിന്റെ 60 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളാണ് ആണവ പദ്ധതികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ പങ്കെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com