സോപ്പ് മുതല്‍ ബിസ്‌കറ്റ് വരെ വില കൂടുന്നു, എ.സി വില വര്‍ധിപ്പിച്ച് കമ്പനികള്‍; യുദ്ധത്തിന്റ കെടുതികള്‍ ഇന്ത്യന്‍ വീടുകളിലേക്ക്

രാജ്യത്ത് ചൂട് കുതിച്ചുയര്‍ന്നതോടെ എസി കമ്പനികള്‍ക്ക് ചാകരയായി. ഡിമാന്‍ഡ് കൂടിയതോടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് വോള്‍ട്ടാസ്, ബ്ലൂസ്റ്റാര്‍ തുടങ്ങിയ കമ്പനികള്‍
Wide aisle inside a supermarket with shelves stocked full of FMCG products, including beverages and packaged snacks, with shoppers visible at the far end.
Image:dhanamfilecanva
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ തീവ്രത ഗള്‍ഫ് കടന്നു ഇന്ത്യന്‍ കുടുംബങ്ങളിലേക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വരെ പ്രതിഫലിച്ചു തുടങ്ങിയതോടെ കുടുംബ ബജറ്റ് താളംതെറ്റുമോയെന്ന ഭയത്തിലാണ് വീട്ടമ്മമാര്‍. ഭക്ഷ്യോത്പന്നങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ക്കും ഹോംഅപ്ലൈന്‍സസിനും വില കൂടി തുടങ്ങി. ക്രൂഡ്ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

ഇവൈ ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം യുദ്ധത്തിന്റെ പ്രത്യാഘാതം രണ്ടുവര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നാണ്. ഭക്ഷ്യഎണ്ണകളുടെ വിലയില്‍ 7 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തി. പാംഓയില്‍ സോയാബീന്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ തുടങ്ങി ഭക്ഷ്യഎണ്ണയുടെ 57 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. കടത്തുകൂലി വര്‍ധിച്ചതാണ് വില കൂടാന്‍ കാരണമായത്.

പായ്ക്കിംഗ്, ട്രാന്‍സ്‌പോര്‍ട്ട്, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില കുത്തനെ കൂടിയതോടെ എന്നിവ കൂടിയതോടെ എഫ്എംസിജി കമ്പനികള്‍ വിലകൂട്ടാതെ പായ്ക്കറ്റുകളുടെ വലുപ്പം കുറച്ചിരുന്നു. അതേസമയം, സോപ്പ്, ടൂത്ത്‌പേസ്റ്റ് എന്നിവയുടെ വില ചെറുതായി കൂടിയിട്ടുണ്ട്. ബിസ്‌കറ്റ് കമ്പനികള്‍ അളവ് കുറച്ചാണ് പിടിച്ചുനില്‍ക്കുന്നത്.

പെയ്ന്റ്, ടെക്‌സ്റ്റൈല്‍, പേഴ്‌സണല്‍കെയര്‍ കമ്പനികള്‍ വിലകൂട്ടി ആഘാതം കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്. വില കൂടുമ്പോള്‍ വില്പന കുറയുമെന്ന ആശങ്ക കമ്പനികള്‍ക്കുണ്ട്.

ഭാരം ഉപയോക്താക്കളിലേക്ക്

ഹോംഅപ്ലൈന്‍സസ് കമ്പനികള്‍ വിലകൂട്ടി ഭാരം ഉപയോക്താക്കളുടെ തലയിലേക്ക് ഇടാനാണ് ശ്രമിക്കുന്നത്. ഉത്പാദന ചെലവില്‍ 10-15 ശതമാനം വര്‍ധനയുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 70 ശതമാനം ഹോംഅപ്ലൈന്‍സസ് കമ്പനികളും വിലകൂട്ടിയാണ് ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത്.

രാജ്യത്ത് ചൂട് കുതിച്ചുയര്‍ന്നതോടെ എസി കമ്പനികള്‍ക്ക് ചാകരയായി. ഡിമാന്‍ഡ് കൂടിയതോടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് വോള്‍ട്ടാസ്, ബ്ലൂസ്റ്റാര്‍ തുടങ്ങിയ കമ്പനികള്‍. കഴിഞ്ഞ വര്‍ഷം വേനല്‍മഴ കനത്തതുമൂലം എസി വില്പന നാലിലൊന്നായി കുറഞ്ഞിരുന്നു. ഇത്തവണ വില്പന വര്‍ധിച്ചപ്പോള്‍ നിര്‍മാണച്ചെലവും ഉയര്‍ന്നു. എന്നിരുന്നാലും വില്പന കുറയില്ലെന്ന ധൈര്യത്താല്‍ കമ്പനികള്‍ വില കൂട്ടിയാണ് അസംസ്‌കൃത വസ്തുക്കളുടെ വര്‍ധനവിനെ നേരിടുന്നത്.

എയര്‍ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും വിലയില്‍ 5 ശതമാനം മുതല്‍ 15 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ എല്‍ജി, ഹിറ്റാച്ചി തുടങ്ങിയവര്‍ എസികള്‍ക്ക് മാര്‍ച്ചില്‍ തന്നെ 5 മുതല്‍ 7 ശതമാനം വരെ വില വര്‍ധിപ്പിച്ചു.

വാഷിംഗ മെഷീന്‍ വാങ്ങാന്‍ മൂന്നുശതമാനം അധികം തുക നല്‌കേണ്ടിവരും. അതേസമയം, ഫാന്‍ വിലയിലെ വര്‍ധന അഞ്ചുശതമാനത്തിന് അടുത്താണ്. യുദ്ധം നീണ്ടുനിന്നാല്‍ വില ഇനിയും കൂടുമെന്നാണ് സൂചന. കമ്പനികളുടെ കൈവശമുള്ള സ്റ്റോക്ക് ആറാഴ്ച്ചത്തേക്ക് കൂടി മാത്രമാണുള്ളതെന്നതും പ്രതിസന്ധിക്ക് കാരണമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com