

ഡൊണൾഡ് ട്രംപിന്റെയും ബെഞ്ചമിൻ നെതന്യാഹുവിന്റെയും നേതൃത്വത്തിൽ ഇറാനെതിരെ നടക്കുന്ന യുദ്ധം നാലാമത്തെ ആഴ്ചയിലേക്കു കടന്നപ്പോൾ നഷ്ടം ലോകത്തിനാകെ. ക്രൂഡ് ഓയിലിന്റെയും ഗ്യാസിന്റെയും കാര്യത്തിൽ മാത്രമല്ല, സകല അന്താരാഷ്ട്ര വിതരണ സംവിധാനങ്ങളെയും യുദ്ധം അപകടത്തിലാക്കി. ഗൾഫ് രാജ്യങ്ങൾ വലിയ യുദ്ധാന്തരീക്ഷത്തിന്റെ പിടിയിലായി. കേരളത്തിലെ അടുക്കളകളിലും തീൻമേശകളിലും യുദ്ധത്തിന്റെ ഇംപാക്ട് കൂടുതൽ രൂക്ഷമായി വരുന്നു. സാമ്പത്തിക-നിക്ഷേപ അന്തരീക്ഷം കലങ്ങി മറിഞ്ഞു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈയടക്കാൻ ആവുന്നത്ര ശ്രമിച്ച ട്രംപ് ലോകത്തിനു മുന്നിൽ ആഗോള വില്ലനായി മാറുക മാത്രമല്ല, നാറ്റോ സഖ്യകക്ഷികൾ തന്നെ തള്ളിപ്പറഞ്ഞ അമേരിക്കൻ നേതാവായി.
ഇറാനും റഷ്യക്കുമെതിരെ ഏർപ്പെടുത്തിയ എണ്ണ ഉപരോധം, സ്വന്തം എടുത്തു ചാട്ടം വരുത്തിയ വിനകൾക്കിടയിൽ ഇടക്കാലത്തേക്കെങ്കിലും പിൻവലിക്കേണ്ട അവസ്ഥയിലുമായി ട്രംപ്. ഉദ്ദേശലക്ഷ്യങ്ങളിൽ തൊടാൻ ഇനിയും കഴിയാത്ത പശ്ചിമേഷ്യൻ യുദ്ധം പൊടുന്നനെ വെടിനിർത്തലായി മാറിയാൽ പോലും, പഴയ പടിയിലേക്ക് ലോകം തിരിച്ചെത്താൻ പിന്നെയും ഏറെ സമയം ആവശ്യമായി വരുന്ന സ്ഥിതിയാണിപ്പോൾ. ട്രംപിന്റെ തലതിരിവ് സൃഷ്ടിച്ച ആഗോള പ്രതിസന്ധിക്കു മുന്നിലാണ് ലോകം. പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും ഇറാന്റെ സ്വാധീനം നിയന്ത്രിക്കുന്നതിനുമായി ആരംഭിച്ചതായി പറയപ്പെടുന്ന ഈ നീക്കം, ഇപ്പോൾ ചോദ്യചിഹ്നങ്ങൾ നിറഞ്ഞ, ചെലവേറിയ, വിവാദപരമായ യുദ്ധമായി മാറിയിരിക്കുകയാണ്.
ഈ യുദ്ധത്തെക്കുറിച്ചുള്ള പ്രധാന വിമർശനം അതിന്റെ ശക്തമായ അടിസ്ഥാനമില്ലായ്മ തന്നെയാണ്. അമേരിക്ക ഈ നീക്കം സുരക്ഷാ ആവശ്യമായി വ്യാഖ്യാനിച്ചുവെങ്കിലും ഇറാൻ വലിയ ഭീഷണിയാണെന്നു തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടില്ല. വ്യാപക നാശകാരിയായ ആയുധങ്ങൾ (WMD) കണ്ടെത്തിയിട്ടില്ല. ഇത് ഇറാഖ് അടക്കം അമേരിക്കയുടെ മുൻകാല യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് —അമേരിക്ക പറഞ്ഞ വിവരങ്ങൾ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞ വിധമൊരു സാഹചര്യം ഇറാന്റെ കാര്യത്തിലും രൂപപ്പെടുന്നു. വിശ്വാസ്യത കുറഞ്ഞ കാരണങ്ങളാൽ തുടങ്ങിയ യുദ്ധം ട്രംപിന്റെയും അമേരിക്കയുടെയും ആഗോള നേതൃപദവിയെ തന്നെ ചോദ്യം ചെയ്യുന്നു. ഭ്രാന്തൻ നേതാവിന്റെ മുഖമാണ് ഇന്ന് ലോകത്തിനു മുമ്പിൽ ട്രംപിന്.
യുദ്ധം പാശ്ചാത്യ കൂട്ടുകക്ഷികളിൽ വലിയ പിളർപ്പുകൾ സൃഷ്ടിച്ചു. പ്രധാനമായി നാറ്റോ (NATO) രാജ്യങ്ങൾ ഈ യുദ്ധത്തിൽ സജീവമായി പങ്കെടുക്കാൻ വിസമ്മതിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും ഇത് “ഞങ്ങളുടെ യുദ്ധമല്ല” എന്ന് വ്യക്തമാക്കി. അമേരിക്കയ്ക്ക് പരമ്പരാഗത പിന്തുണ നൽകിയ കൂട്ടുകാർ പോലും ദൂരെ മാറി നിൽക്കുന്നു. ഫലത്തിൽ ഈ യുദ്ധം അമേരിക്കയുടെ യുദ്ധപങ്കാളികളെപ്പോലും ഒന്നിപ്പിച്ചു നിർത്തിയില്ല. പകരം അമേരിക്കയെ നയതന്ത്രപരമായി ഒറ്റപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിലാകെ അശാന്തി വിതക്കുകയും ചെയ്യുന്നു.
ഹോർമുസ് കടലിടുക്ക് (Strait of Hormuz) സംഘർഷത്തിന്റെ കേന്ദ്രമായി മാറിയതോടെ എണ്ണ വില കുത്തനെ ഉയർന്നു. രൂക്ഷമായ ഗ്യാസ് ക്ഷാമം പരിഹരിക്കപ്പെടണമെങ്കിൽ ഖത്തറിലും മറ്റുമുണ്ടായ വലിയ കേടുപാടുകൾ തീർത്തെടുക്കണം. അതിന് സമയം വേണ്ടി വരും. അമേരിക്കക്കു പോലും സ്വന്തം സ്റ്റ്രാറ്റജിക് പെട്രോളിയം റിസർവ് ഉപയോഗിക്കേണ്ടി വന്നത് ഈ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നു. ഓഹരി വിപണികളാകെ തകർച്ചയിലാണ്. നിക്ഷേപകർ വലിയ പരിഭ്രാന്തിയിൽ.
ഈ യുദ്ധത്തിലെ ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്നാണ് നയപരമായ വിരുദ്ധത. ഒരു വശത്ത് ഇറാനെതിരെ യുദ്ധം; മറ്റൊരു വശത്ത് ഇറാനും റഷ്യയും എണ്ണ കയറ്റുമതി തുടരാൻ അനുവദിക്കൽ. ഇത്തരമൊരു നിർബന്ധിതാവസ്ഥയിലേക്കാണ് ട്രംപ് എത്തിച്ചേർന്നത്. ശത്രുക്കളുടെ സാമ്പത്തിക വരുമാനം നിലനിർത്തുന്ന സാഹചര്യമാണ് ഇതുവഴി ട്രംപ് ഒരുക്കുന്നത്. ഉപരോധങ്ങളുടെ ഫലപ്രാപ്തി കുറയുന്നു. വിദേശനയത്തിൽ വ്യക്തത ഇല്ലാതാകുന്നു. യുദ്ധത്തിന് വേണ്ടി അമേരിക്കയുടെ ചെലവ് ഉയരുകയും ആഭ്യന്തരമായ എതിർപ്പുകൾ ശക്തിപ്പെടുകയും ചെയ്യുന്നു. യുദ്ധച്ചെലവ് കുത്തനെ ഉയരുമ്പോൾ അമേരിക്കൻ ഭരണകൂടം കൂടുതൽ ഫണ്ടിംഗിനായി കോൺഗ്രസിനെ സമീപിച്ചു കഴിഞ്ഞു.
പശ്ചിമേഷ്യയിലേക്ക് സൈനിക ശക്തിയും ശ്രദ്ധേയും മാറ്റിയതോടെ മറ്റ് മേഖലകളിലെ പ്രതിരോധം ദുർബലമാകാം. അഥവാ, ഒരു യുദ്ധം മറ്റൊരു മേഖലയിലെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നു.
യുദ്ധത്തിന്റെ മനുഷ്യപരമായ വിലയും വലുതാണ്. നൂറുകണക്കിന് മരണങ്ങൾ. പലായനം, അടിസ്ഥാന സൗകര്യങ്ങളുടെ നാശം. അതോടൊപ്പം, ഈ യുദ്ധം വലിയ പ്രാദേശിക സംഘർഷത്തിലേക്ക് മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു. മറുവശത്ത് ഏകപക്ഷീയമായ സൈനിക നീക്കങ്ങളുടെ പരിമിതികളും ഈ യുദ്ധം പുറത്തു കൊണ്ടുവരുന്നു. ഏറ്റവും വലിയ വൈരുദ്ധ്യം കൂടി ഇതിനൊപ്പമുണ്ട് -- സ്ഥിരതയുടെയും സമാധാനത്തിന്റെയും പേരിൽ ആരംഭിച്ച യുദ്ധം തന്നെ കൂടുതൽ അസ്ഥിരതയും അസമാധാനവും സൃഷ്ടിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine