പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ധിപ്പിക്കും, ഗള്‍ഫ് പണമൊഴുക്കില്‍ വന്‍ ഇടിവുണ്ടാകും; യുഎന്‍ മുന്നറിയിപ്പ്

തൊഴിലിലും എണ്ണ ഇറക്കുമതിയിലും ഗള്‍ഫ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് യുദ്ധം ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Migrant workers, Perumbavoor
ഞായറാഴ്ചകളില്‍ പെരുമ്പാവൂര്‍ ടൗണില്‍ മണി ട്രാന്‍സ്ഫര്‍ കടകളില്‍ എത്തുന്ന തൊഴിലാളികളുടെ തിരക്ക്
Published on

പശ്ചിമേഷ്യന്‍ യുദ്ധം പ്രതീക്ഷിക്കുന്നതിനേക്കാള്‍ രൂക്ഷമായി ലോകത്തെ ബാധിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്നതാകും യുദ്ധം. രാജ്യത്ത് 25 ലക്ഷം പേരെ ദാരിദ്രത്തിലേക്ക് തള്ളിവിടാന്‍ ഗള്‍ഫ് പ്രതിസന്ധി കാരണമാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പോഗ്രാം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെങ്ങും 162 രാജ്യങ്ങളില്‍ ദാരിദ്രനിരക്കും തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിപ്പിക്കാന്‍ യുദ്ധം വഴിയൊരുക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കുടിയേറിയവര്‍, എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍ വ്യാപകമായി കയറ്റുമതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എന്നിവരെല്ലാം വലിയ തിരിച്ചടി നേരിടും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായ വിലക്കയറ്റത്തിനും തൊഴില്‍ നഷ്ടത്തിനും യുദ്ധം കാരണമാകുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ച ശേഷം എട്ടുലക്ഷത്തിലധികം ഇന്ത്യയ്ക്കാര്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. യുദ്ധം നീണ്ടുനിന്നാല്‍ തിരിച്ചുവരവ് വ്യാപകമാകുമെന്നും ഇത് ഗള്‍ഫില്‍ നിന്നുള്ള പണമൊഴക്കിനെ ബാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഗള്‍ഫ് പണം കൂടുതലായി എത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ലോകവ്യാപകമായി ഇപ്പോഴത്തെ യുദ്ധം കൊണ്ട് 88 ലക്ഷത്തിലധികം പേര്‍ പുതുതായി ദാരിദ്രത്തിലേക്ക് വീഴുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതില്‍ കൂടുതലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലാകും. തൊഴിലിലും എണ്ണ ഇറക്കുമതിയിലും ഗള്‍ഫ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് യുദ്ധം ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറക്കുമതിയിലും കയറ്റുമതിയിലും പ്രശ്‌നം

എണ്ണ ഇറക്കുമതി മാത്രമല്ല ഇന്ത്യയ്ക്ക് യുദ്ധം മൂലമുള്ള പ്രശ്‌നം. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ബസുമതി അരിയുടെ പ്രധാന ഉപയോക്താക്കള്‍ ഇറാനും ഗള്‍ഫ് രാജ്യങ്ങളുമാണ്. യുദ്ധം തുടങ്ങിയശേഷം ഇറാനിലേക്കുള്ള അരി കയറ്റുമതി തീര്‍ത്തും നിലച്ചമട്ടാണ്.

ഗള്‍ഫ് രാജ്യങ്ങളാകട്ടെ ആഘോഷങ്ങള്‍ നിജപ്പെടുത്തിയത് മൂലം ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയും കുറച്ചു. കേരളത്തില്‍ ഉള്‍പ്പെടെ ഇതിന്റെ ഇംപാക്ട് ഉണ്ടായി. സാധാരണ വിഷു സമയത്ത് കേരളത്തിലെ കര്‍ഷകര്‍ക്ക് പച്ചക്കറി ഇനങ്ങള്‍ക്ക് മികച്ച വില ലഭിച്ചിരുന്നതാണ്. എന്നാല്‍ ഇത്തവണ പച്ചക്കറി കയറ്റുമതി വലിയതോതില്‍ ഇടിഞ്ഞു. കാര്‍ഷിക വിളകള്‍ പ്രാദേശിക വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വില്‌ക്കേണ്ടിയും വന്നു.

A UN report warns that a West Asian conflict could increase poverty in India, disrupt remittances, and trigger inflation and job losses

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com