Begin typing your search above and press return to search.
റഷ്യന്‍ എണ്ണയ്ക്ക് പകരം ഇനി ഇറാന്‍ ക്രൂഡ്? പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് കൈകൊടുക്കാന്‍ ടെഹ്‌റാന്‍
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്താല്‍ വലയുന്ന ഇറാന്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ഒരുങ്ങുന്നു. 2018 വരെ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഇടപാട് ഇന്ത്യയുമായിട്ടായിരുന്നു. യു.എസ് ഉപരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിരുന്നു. ഇപ്പോള്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ഒരുക്കത്തിലാണ് ഇറാന്‍. എണ്ണ ഉള്‍പ്പെടെ വ്യാപാരം പുനരാരംഭിക്കാനും ഇറാന് പദ്ധതിയുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തന്നെയാണ് മുന്‍കൈയെടുക്കുന്നത്. പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന പെസെഷ്‌കിയാന്‍ അധികാരത്തിലെത്തിയ ശേഷം ഇറാന്‍ നിലപാടുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. പാക്കിസ്ഥാനുമായി കൂടുതല്‍ അകലുകയും അഫ്ഗാന്‍ ബന്ധത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് ഇന്ത്യയോട് ചേര്‍ന്നുപോകാന്‍ ടെഹ്‌റാന്‍ താല്പര്യം പ്രകടിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ട്രംപ് പേടിയില്‍ ടെഹ്‌റാന്‍
ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ് ഇറാന്‍. ഇസ്രയേലിന്റെ പിന്തുണയോടെ തങ്ങളെ ആക്രമിക്കാന്‍ യു.എസ് കോപ്പുകൂട്ടുന്നുവെന്ന ഭയം ടെഹ്‌റാനുണ്ട്. പശ്ചിമേഷ്യയില്‍ ഇറാന്‍ വളര്‍ത്തി കൊണ്ടുവന്ന ഇസ്രയേല്‍വിരുദ്ധ ചേരി തകര്‍ന്നു തരിപ്പണമായി. സിറിയയിലും ലെബനനിലും ഗാസയിലും അവര്‍ക്ക് പഴയപോലെ നിയന്ത്രണമില്ല. ഈ അവസരത്തില്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ട്രംപുമായും ബെഞ്ചമിന്‍ നെതന്യാഹുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്ന് അവര്‍ കരുതുന്നു.
ഇന്ത്യയ്ക്ക് നോട്ടം എണ്ണയില്‍ മാത്രമല്ല
ഇറാന്‍ എണ്ണ മാത്രമല്ല ഇന്ത്യയ്ക്കുള്ള നേട്ടം. ഇറാനിലെ തന്ത്രപ്രധാന ചബഹര്‍ തുറമുഖത്തിന്റെ നടത്തിപ്പ് അടുത്ത പത്തുവര്‍ഷത്തേക്ക് ഇന്ത്യയ്ക്കാണ്. ചബഹര്‍ തുറമുഖം ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് എത്തിയത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. ചൈന ഏറ്റെടുത്ത പാക്കിസ്ഥാന്റെ ഗ്വാദര്‍ തുറമുഖവുമായി വളരെ അടുത്താണെന്നത് ചബഹറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ചബഹറില്‍ നിന്ന് ഗ്വാദറിലേക്കുള്ള ദൂരം വെറും 72 കിലോമീറ്റര്‍ മാത്രമാണ്. പാക്-ചൈന സാമ്പത്തിക ഇടനാഴിയെയും മേഖലയിലെ ചൈനീസ് സാന്നിധ്യത്തെയും നേരിടാന്‍ ഇറാന്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യയെ ഒരുപരിധിവരെ സഹായിക്കും. മാത്രമല്ല മധ്യേഷന്‍ രാജ്യങ്ങളിലേക്ക് വ്യാപാര റൂട്ട് തുറക്കാനും ഇതുവഴി ഇന്ത്യയ്ക്ക് എളുപ്പമാകും.
പാക്കിസ്ഥാന് അസ്വസ്ഥത
ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വളരെ മോശം അവസ്ഥയിലാണ്. ഇരു രാജ്യങ്ങളും അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഈ അവസരത്തില്‍ ഇറാനുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് മേഖലയില്‍ കൂടുതല്‍ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് സഹായകമാകും. അടുത്തിടെ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം വഷളായതും പാക്കിസ്ഥാനെ ക്ഷീണിപ്പിക്കുന്നുണ്ട്.
Next Story
Videos