ഖമേനി യുഗം അവസാനിച്ചാല്‍ ഇന്ത്യയ്ക്കും വലിയ 'അവസരം'; മധ്യേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതപ്പെട്ടാല്‍ എന്തുസംഭവിക്കും?

ഇന്ന് ഒരു ചായ കുടിക്കാന്‍ സ്യൂട്ട്‌കെയ്‌സ് നിറച്ച് പണവുമായി നടക്കേണ്ട അവസ്ഥയിലെത്തി ഇറാനിയന്‍ ജനത
Image Courtesy: irangov.ir/en, x.com/PMOIndia
Image Courtesy: irangov.ir/en, x.com/PMOIndia
Published on

മധ്യേഷ്യ വലിയൊരു മാറ്റത്തിന്റെ പടിവാതിക്കലാണ്. ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്നുകയറി നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറിയിരിക്കുന്നു. മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ശാക്തിക ചേരികളുടെ ബലാബലത്തില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്.

ഇസ്രയേലിന് തലവേദനയായിരുന്ന ഘടകങ്ങളെ പൂര്‍ണമായോ താല്ക്കാലികമായോ ഉന്മൂലനം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയായിരുന്നു ഇസ്രയേലിന്റെ വലിയ തലവേദന. ഇവര്‍ക്കുള്ള ഫണ്ടിംഗും ആയുധങ്ങളും നല്കിയിരുന്നതാകട്ടെ ഇറാന്‍ ആയിരുന്നു. ഹിസ്ബുള്ളയ്ക്ക് പിന്നാലെ ഇറാനിലെ മതഭരണകൂടത്തിനെതിരേ ജനങ്ങളുടെ വിപ്ലവം ശക്തിപ്പെട്ടതോടെ മധ്യേഷ്യയില്‍ വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.

ഒരുകാലത്ത് എല്ലാത്തരത്തിലും സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഇറാന്‍. അയത്തൊള്ള ഖമേനി മതഭരണത്തിലൂടെ കൈപ്പിടിയിലൊതുക്കിയതോടെ ആ രാജ്യത്തിന്റെ അധപതനവും തുടങ്ങി. ഇന്ന് ഒരു ചായ കുടിക്കാന്‍ സ്യൂട്ട്‌കെയ്‌സ് നിറച്ച് പണവുമായി നടക്കേണ്ട അവസ്ഥയിലെത്തി ഇറാനിയന്‍ ജനത. മതഭരണത്തിനെതിരായ ഇറാനിലെ വിപ്ലവം ഇന്ത്യയ്ക്കു ആശങ്കയും അവസരങ്ങളും തുറന്നിടുന്നതാണ്.

ചബഹാറിന് എന്തുസംഭവിക്കും?

ഇറാനിലെ ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപം ചബഹാര്‍ തുറമുഖമാണ്. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഉയര്‍ന്നുവന്ന തുറമുഖമാണിത്. മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഇന്ത്യയുടെ വാതില്‍ കൂടിയാണിത്.

പാക്കിസ്ഥാനുമായി മോശം ബന്ധത്തിലുള്ള അഫ്ഗാനെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുവെന്നതാണ് ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ചബഹാറിന്റെ പ്രസക്തി.

ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയ്ക്ക് ഈ തുറമുഖം ഉപകരിക്കും. 2024ലാണ് പത്തുവര്‍ഷത്തെ കരാറില്‍ ഇന്ത്യ ഈ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം സ്വന്തമാക്കുന്നത്. 2003 മുതല്‍ ചര്‍ച്ചയിലായിരുന്ന പദ്ധതിക്ക് വേഗം വന്നത് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനത്തോടെയായിരുന്നു. യൂറോപ്പിലേക്കുള്ള കപ്പല്‍ യാത്രയില്‍ 20 ദിവസം ലാഭിക്കാന്‍ ഈ റൂട്ട് സഹായിക്കും. ചെലവില്‍ 30 ശതമാനത്തിന്റെ ലാഭവും ഉണ്ടാകും.

ഇറാനില്‍ യുഎസ് സേന ആക്രമണം നടത്തുമെന്ന സൂചനകള്‍ ശക്തമാണ്. ഇറാനിലെ ജനങ്ങളുടെ പോരാട്ടത്തിന് ശക്തിപകരാന്‍ ഇടപെടാന്‍ മടിക്കില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇറാനിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ആക്രമിക്കപ്പെട്ടേക്കാം. ചബഹാറിലേക്കും അമേരിക്കയുടെ ആക്രമണം നീണ്ടാല്‍ വര്‍ഷങ്ങളുടെ ഇന്ത്യന്‍ അധ്വാനം പാഴാകും.

പുതിയ ഭരണകൂടം വന്നാല്‍?

ഇറാനില്‍ പുതിയ ഭരണകൂടം വന്നാല്‍ ഇന്ത്യക്ക് കൂടുതല്‍ അനുകൂലമാകും കാര്യങ്ങളെന്നാണ് പൊതു വിലയിരുത്തല്‍. മതഭരണകൂട സര്‍ക്കാരുമായുള്ള ബന്ധത്തിന് പല കടമ്പകളുണ്ട്. എന്നാല്‍ ജനാധിപത്യ സര്‍ക്കാര്‍ വന്നാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമാണ്. നിലവിലെ ഇറാന്‍ ഭരണകൂടവുമായി മോശമല്ലാത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. വിപ്ലവത്തിലൂടെ പഴയ രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരനായ റേസ പഹ്‌ലെവിയോ ജനാധിപത്യ സര്‍ക്കാരോ വന്നാലും ഇന്ത്യയ്ക്ക് കോട്ടമുണ്ടാകില്ല.

ഭരണമാറ്റം വന്നാല്‍ ഇറാനുമേലുള്ള ഉപരോധം മാറ്റാന്‍ അമേരിക്കയടക്കം തയാറാകും. വളരെ എളുപ്പത്തില്‍ കൂടുതല്‍ ക്രൂഡ്ഓയില്‍ വാങ്ങാനും ഇന്ത്യയ്ക്ക് സാധിക്കും. പുതിയ സര്‍ക്കാരുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധമുണ്ടാക്കി തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ ഇറാനില്‍ നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇതുവഴി മേഖലയില്‍ കൂടുതല്‍ ആധിപത്യം നേടാനും ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കങ്ങളെ ചെറുക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ഇറാനില്‍ എന്തു സംഭവിച്ചാലും ഫലത്തില്‍ ഇന്ത്യയ്ക്ക് പോസിറ്റീവാകുമെന്ന് ചുരുക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com