ഈ റെയില്‍വേ പ്ലാറ്റ്‌ഫോം വേറെ ലെവല്‍! എല്ലാ സേവനങ്ങള്‍ക്കും ഒരൊറ്റ സൂപ്പര്‍ ആപ്, ആറു കൂട്ടം ആപ് ഇനിയെന്തിന്?

നടപ്പുസാമ്പത്തിക വര്‍ഷം 96,000 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെയും 1,88,000 കോടി രൂപ ചരക്കുഗതാഗതം വഴിയും നേടണമെന്നാണ് റെയില്‍വേ ബജറ്റിലുള്ളത്
railone app screenshot, indian railway
Canva, Railone app
Published on

റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സംശയങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലാക്കി ഇന്ത്യന്‍ റെയില്‍വേ. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതല്‍ ട്രെയിന്‍ യാത്രയെക്കുറിച്ചുള്ള ഫീഡ് ബാക്ക് നല്‍കുന്നത് വരെ റെയില്‍ വണ്‍ എന്ന ആപ്പില്‍ ലഭ്യമാണ്. സൂപ്പര്‍ ആപ്പ് എന്ന് വിശേഷിപ്പിച്ച ആപ്പ് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പുറത്തിറക്കി.

എന്തൊക്കെ കിട്ടും

റിസര്‍വ്ഡ്, അണ്‍ റിസര്‍വ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ ഇനി ഒറ്റ ക്ലിക്കിലെടുക്കാം. ട്രെയിന്‍ എവിടെയെത്തി, പി.എന്‍.ആര്‍ സ്റ്റാറ്റസ് എന്താണ്, കോച്ച് പൊസിഷന്‍ എങ്ങനെയാണ് തുടങ്ങിയ വിവരങ്ങളും ഇവിടെ കിട്ടും. ഇനി ട്രെയിനിലിരിക്കുമ്പോള്‍ വിശന്നാലോ? സൂപ്പര്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്താല്‍ ഇഷ്ട ഭക്ഷണം സീറ്റില്‍ കിട്ടും. റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നല്‍കാനും പരാതികള്‍ സമര്‍പ്പിക്കാനും ഇനിയൊരൊറ്റ ആപ്പ് മതി. ട്രെയിനിറങ്ങുമ്പോള്‍ പെട്ടിയെടുക്കാന്‍ സഹായിക്കാന്‍ പോര്‍ട്ടറെ സംഘടിപ്പിക്കാനും റെയില്‍ വണ്‍ റെഡിയാണ്.ട്രെയിനിലൂടെയുള്ള ചരക്കുനീക്കത്തിന്റെ വിവരങ്ങളും ഇതുവഴി അറിയാന്‍ സാധിക്കുമെന്നാണ് റെയില്‍വേ പറയുന്നത്.

ആപ്പിള്‍ സ്റ്റോര്‍, ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മൊബൈല്‍ നമ്പരോ ഐ.ആര്‍.സി.ടി.സി ക്രെഡന്‍ഷ്യല്‍സോ വെച്ച് ലോഗിന്‍ ചെയ്യാം.അല്ലാത്തവര്‍ക്ക് ഗസ്റ്റ് ലോഗിന്‍ സംവിധാനവും ഉപയോഗിക്കാവുന്നതാണ്. പാസ്‌വേര്‍ഡോ ബയോമെട്രിക് വിവരങ്ങളോ ഉപയോഗിച്ച് ആപ്പ് സുരക്ഷിതമാക്കി വെക്കാനും കഴിയും. യാത്രക്കാര്‍ക്ക് പണം സൂക്ഷിക്കാന്‍ കഴിയുന്ന ആര്‍ വാലറ്റ് (റെയില്‍വേ വാലറ്റ്) സൗകര്യവും ഇതില്‍ ലഭ്യമാണ്. ആദ്യ ഘട്ടമെന്ന നിലയില്‍ ഇതുപയോഗിച്ചുള്ള അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് 3 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

അധിക വരുമാനം 1,600 കോടി

ടിക്കറ്റ് നിരക്കില്‍ ഇന്ത്യന്‍ റെയില്‍വേ നടത്തിയ വര്‍ധനയും കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. ഇതിലൂടെ 1,500 മുതല്‍ 1,600 കോടി രൂപ വരെയുള്ള വരുമാനമാണ് ഇന്ത്യന്‍ റെയില്‍വേക്ക് അധികമായി ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 75,750 കോടി രൂപയാണ് ടിക്കറ്റ് വരുമാനത്തിലൂടെ റെയില്‍വേക്ക് ലഭിച്ചത്. ഏതാണ്ട് 715 കോടി യാത്രക്കാരെയും കഴിഞ്ഞ വര്‍ഷം ലഭിച്ചു. ഇക്കുറി 790 കോടി യാത്രക്കാരില്‍ നിന്ന് 80,000 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം 96,000 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെയും 1,88,000 കോടി രൂപ ചരക്കുഗതാഗതം വഴിയും നേടണമെന്നാണ് റെയില്‍വേ ബജറ്റിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com