ഐ.ആര്‍.സി.ടി.സിയില്‍ ഇനി റീഫണ്ട് വേഗം കിട്ടും; ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) വഴി ചില സമയത്ത് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കാശ് പോകുകയും ടിക്കറ്റ് ബുക്ക് ആകാതെയുമുള്ള സംഭവങ്ങളുണ്ടാകാറുണ്ട്. ഇതിന്റെ പേരില്‍ ഒട്ടേറെ പരാതികളാണ് റെയില്‍വേക്ക് കിട്ടുന്നത്.
പരാതി ലഭിച്ചാലും നിലവില്‍ റീഫണ്ടിനായി യാത്രക്കാര്‍ക്ക് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരാറുണ്ട്. റീഫണ്ട് വൈകുന്നത് സംബന്ധിച്ച പരാതികള്‍ റെയില്‍വേക്ക് വലിയ പ്രശ്‌നമാണ്. എന്നാല്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെടുകയാണെങ്കില്‍ ഇനി അധികം കാത്തിരിക്കാതെ തന്നെ പണം തിരികെ ലഭിക്കുന്നത് വളരെ വേഗത്തിലാകുമെന്ന് റിപ്പോര്‍ട്ട്.
ഒരു മണിക്കൂറിനുള്ളില്‍
ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെ നഷ്ടപ്പെടുന്ന പണം ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഐ.ആര്‍.സി.ടി.സിയുടെയും സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന്റെയും കൂട്ടായ ശ്രമങ്ങളാണ് ഇതിന് പിന്നില്‍.
നിലവിൽ ഇങ്ങനെ
നിലവില്‍ ടിക്കറ്റും മറ്റു ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഐ.ആര്‍.സി.ടി.സി തൊട്ടടുത്ത ദിവസം റീഫണ്ട് പ്രക്രിയ ആരംഭിക്കും. എന്നാല്‍ ബാങ്കുകളുടെയും പേയ്മെന്റ് സേവനങ്ങളുടെയും രീതിയെ ആശ്രയിച്ച് പണം തിരികെ ലഭിക്കുന്നതിന് നിരവധി ദിവസങ്ങള്‍ എടുത്തേക്കാം. ഇതില്‍ മാറ്റം വരുത്താനാണ് റെയില്‍വേയുടെ നീക്കം.