
പെയിന്റ് വിപണിയിലെ കടുത്ത മത്സരവും വില്പനയിലെ ഇടിവും ഏഷ്യന്‍ പെയിന്റ്‌സിന് തിരിച്ചടിയാകുന്നോ? സംശയിക്കേണ്ടിയിരിക്കുന്നു. 17 വര്‍ഷമായി കൈവശം വച്ചിരിക്കുന്ന 4.9 ശതമാനം ഓഹരികള്‍ റിലയന്‍സ് വിറ്റൊഴിവാക്കാന്‍ തീരുമാനിച്ചതും പെയിന്റ് ഇന്‍ഡസ്ട്രിയിലെ ഭാവി മുന്‍കൂട്ടി കണ്ടാണ്. 2008ല്‍ 500 കോടി രൂപയ്ക്കായിരുന്നു ഏഷ്യന്‍ പെയിന്റ്‌സിലെ ഓഹരികള്‍ റിലയന്‍സ് വാങ്ങിക്കൂട്ടിയത്. ഇപ്പോഴിതിന്റെ മൂല്യം 10,925 കോടി രൂപയാണ്.
കൂടുതല്‍ ലാഭസാധ്യതയുള്ള മേഖലകളിലേക്ക് നിക്ഷേപം മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് റിലയന്‍സ് തങ്ങളുടെ ഏഷ്യന്‍ പെയിന്റ്‌സിലെ ഓഹരികള്‍ പിന്‍വലിക്കുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസ് ബിര്‍ള ബിർള ഓപ്പസ് (Birla Opus) എന്ന ബ്രാന്‍ഡുമായി എത്തിയത് ഏഷ്യന്‍ പെയിന്റ്‌സിന് കനത്ത തിരിച്ചടിയായി.
മത്സരം മുറുകിയതോടെ ഉപയോക്താക്കളെ പിടിക്കാനായി നിരക്കിളവുകളും കമ്പനികള്‍ പ്രഖ്യാപിച്ചു. ഇത് ലാഭ മാര്‍ജിനില്‍ കുറവു വരുന്നതിന് ഇടയാക്കി. ബിര്‍ള ഓപ്പസ് ഡീലര്‍മാരുടെ ശൃംഖല വലുതാക്കിയും കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നനിര പുറത്തിറക്കിയുമാണ് ഏഷ്യന്‍ പെയിന്റ്‌സിനോടു മത്സരിക്കുന്നത്. നാലാംപാദത്തില്‍ മികച്ച നേട്ടമുണ്ടാക്കാനും ബിര്‍ള ഓപ്പസിനായി.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം മാര്‍ച്ച് പാദമാണ് ഏഷ്യന്‍ പെയിന്റ്‌സിന് ഇത്തവണയുണ്ടായത്. വിറ്റുവരവില്‍ വലിയൊരു കുറവ് നേരിടേണ്ടി വന്നില്ലെങ്കിലും ലാഭം വല്ലാതെ ഇടിഞ്ഞു. കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ 2022ലെ മാര്‍ച്ചില്‍ പോലും 874 കോടി രൂപ ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത് വെറും 701 കോടിയായി താഴ്ന്നു.
മുന്‍വര്‍ഷം സമാനപാദത്തിലെ 1,275 കോടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ലാഭത്തിലെ ഇടിവ് 574 കോടി രൂപ. വിറ്റുവരവിലും ക്രമാനുഗതമായ ഇടിവാണ് കമ്പനി രേഖപ്പടുത്തുന്നത്. ഇത് നിക്ഷേപകരിലും ആശങ്കയുണര്‍ത്തുന്നു.
ഒരു വര്‍ഷം മുമ്പുവരെ 3,394 രൂപ വരെ ഉയര്‍ന്നിരുന്നു ഏഷ്യന്‍ പെയിന്റ്‌സ് ഓഹരിവില. എന്നാല്‍ പിന്നീട് താഴേക്ക് പതിക്കുന്നതാണ് കണ്ടത്. ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തോളമാണ് ഇടിവുണ്ടായത്. പെയിന്റ് വിപണിക്ക് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ മോശം വര്‍ഷമാണിതെന്ന് സി.ഇ.ഒ അമിത് സിംഗ്ലെ വാദിക്കുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഏഷ്യന്‍ പെയിന്റ്‌സിന്റെ എതിരാളികള്‍ കൂടുതല്‍ കരുത്താര്‍ജിച്ചതും വിപണി വിഹിതത്തിന്റെ ഒരു പങ്ക് കൈപ്പിടിയിലാക്കുന്നതും തിരിച്ചടിക്ക് കാരണമാകുന്നുണ്ട്.
ബെര്‍ജര്‍ പെയിന്റ്‌സിനും ഇൻഡിഗോ പെയിന്റ്സിനും ഈ പാദത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചു. ഇരു കമ്പനികളും നാലുവര്‍ഷത്തിനിടയില്‍ മാര്‍ച്ച് പാദത്തെ മികച്ച ലാഭമാണ് നേടിയത്. 1965ല്‍ മഹാരാഷ്ട്രയില്‍ ആരംഭിച്ച ഏഷ്യന്‍ പെയിന്റ്‌സിന് നിലവില്‍ 15 രാജ്യങ്ങളിലായി 17 ഉത്പാദന യൂണിറ്റുകളുണ്ട്. 60 രാജ്യങ്ങളില്‍ കമ്പനിക്ക് വില്പനയുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine