ഇന്ത്യയെ വളയാനുള്ള ചൈനീസ് 'ഗൂഢനീക്കം' താളംതെറ്റുന്നു, ലങ്ക മുതല്‍ പാക്കിസ്ഥാന്‍ വരെ ഷീ തന്ത്രത്തില്‍ വിള്ളല്‍

ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ സുഹൃദ്‌രാജ്യങ്ങളെ സ്വന്തം പക്ഷത്തെത്തിക്കുക. മേഖലയില്‍ ഇന്ത്യന്‍ ആധിപത്യം ദുര്‍ബലപ്പെടുത്തുക. ഈ രണ്ടു ലക്ഷ്യങ്ങളിലൂന്നിയായിരുന്നു വര്‍ഷങ്ങളായുള്ള ചൈനയുടെ നീക്കങ്ങള്‍. ഇതിനായി പൊട്ടിച്ചത് ശതകോടികളാണ്. പാക്കിസ്ഥാനെ പോലെ ആശ്രിത രാഷ്ട്രങ്ങളെ സൃഷ്ടിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ വിഫലമാകുകയാണ്.
ആദ്യം ശ്രീലങ്കയും പിന്നെ മാലദ്വീപും ചൈനീസ് പക്ഷത്തേക്ക് നീങ്ങിയിരുന്നു. ലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിനായി കോടികള്‍ കടംനല്‍കിയ ചൈന പിന്നീട് ഈ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ചൈനീസ് കടം തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതാണ് സിംഹളദ്വീപിന് നിര്‍ണായക തുറമുഖം നഷ്ടമാക്കുന്നതിലേക്ക് നയിച്ചത്. പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായക കൂടുതല്‍ ഇന്ത്യയോട് അടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും ശുഭസൂചനയാണ്.
ശ്രീലങ്കയിലെ ജനങ്ങള്‍ക്കിടയിലും സര്‍ക്കാരിലുമുണ്ടായിരുന്ന ഇന്ത്യാ വിരുദ്ധ മനോഭാവത്തിന് മാറ്റംവന്നിട്ടുണ്ട്. ലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ വലിയ സഹായങ്ങള്‍ നല്‍കിയിരുന്നു. ചൈന കൈയേറാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ ചേര്‍ത്തുപിടിച്ച നയതന്ത്രം ലങ്കന്‍ സര്‍ക്കാരിലും മാറ്റംവരുത്തിയിട്ടുണ്ട്. ചൈനയുടെ സഹായ കരങ്ങള്‍ അധിനിവേശം ലക്ഷ്യമിട്ടുള്ളതാണെന്ന തിരിച്ചറിവില്‍ ലങ്ക ഇന്ത്യന്‍ പക്ഷത്ത് തന്നെ നിലയുറപ്പിക്കുമെന്ന പ്രതീക്ഷയാണ് നയതന്ത്ര വിദഗ്ധര്‍ക്കുള്ളത്.

ബംഗ്ലാദേശും മാലദ്വീപും മാറുന്നു?

ഷേക്ക് ഹസീന ഭരിച്ചിരുന്നപ്പോള്‍ ബംഗ്ലാദേശ് ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് അഹിതമായതൊന്നും ചെയ്യാതിരിക്കാന്‍ ഹസീന ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭമെന്ന ഓമനപ്പേരില്‍ തീവ്രഗ്രൂപ്പുകള്‍ അധികാരം അട്ടിമറിച്ചതോടെ കാര്യങ്ങള്‍ മാറി. നൊബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി. തുടര്‍ച്ചയായി ഇന്ത്യാവിരുദ്ധത മാത്രമായി പുതിയ സര്‍ക്കാരിന്റെ മുഖമുദ്ര.
കാര്യങ്ങള്‍ പക്ഷേ മാറുന്നുവെന്ന സൂചനകളാണ് ബംഗ്ലാദേശില്‍ നിന്ന് വരുന്നത്. ഒരുവശത്ത് പാക്കിസ്ഥാനോട് കൂടുതല്‍ അടുക്കുകയാണ് ബംഗ്ലാദേശ്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ന്നു തരിപ്പണമാകുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ആര്‍മി ചീഫ് ജനറല്‍ വേക്കര്‍ ഉസ് സമന്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. ഇന്ത്യ എക്കാലത്തും തങ്ങളുടെ നിര്‍ണായക അയല്‍ക്കാരാണെന്നും അത് എല്ലാക്കാലവും അങ്ങനെയായിരിക്കുമെന്നുമാണ് സൈനിക മേധാവിയുടെ പ്രസ്താവന.
പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തിന് അത്ര തൃപ്തിയില്ലെന്ന വാര്‍ത്തകള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് സൈനിക മേധാവിയുടെ പരാമര്‍ശത്തിന്റെ പ്രാധാന്യമേറുന്നത്. അടുത്തിടെ ഇന്ത്യ നല്‍കിയ അരിയും ഗോതമ്പുമാണ് ബംഗ്ലാദേശിനെ ഭക്ഷ്യപ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി രക്ഷിച്ചത്. ഇന്ത്യയുടെ സഹായമില്ലാതെ പല മേഖലകളിലും പിടിച്ചുനില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കുകയില്ലെന്ന് വ്യക്തമാക്കിയ സൈനിക മേധാവിയുടെ വാക്കുകള്‍ മുഹമ്മദ് യൂനസിന് തിരിച്ചടിയാണ്. ഓരോ വാക്കിലും ഇന്ത്യയ്‌ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്ന യൂനസ് സര്‍ക്കാരിന് സൈന്യത്തിന്റെ പിന്തുണ കുറയുന്നത് മോദി സര്‍ക്കാരിന് ഗുണകരമാണ്.

പാക്കിസ്ഥാനിലും ചൈനയ്ക്ക് കാലിടറുന്നു

ചൈന അനുകൂല മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരേ സ്വന്തം നാട്ടില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നത് ഇന്ത്യയ്ക്ക് ശുഭസൂചനയാണ്. തുടക്കത്തിലുണ്ടായിരുന്ന ഇന്ത്യാവിരുദ്ധതയുടെ കാഠിന്യം കുറയ്ക്കാന്‍ മുയിസു ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് മാലദ്വീപ് തന്ത്രപ്രധാനമായ ഇടമാണ്. ആരോഗ്യ, ടൂറിസം രംഗത്ത് ഇന്ത്യയുടെ സഹായമില്ലാതെ മാലദ്വീപിന് നിലനില്‍പ്പില്ലെന്ന തിരിച്ചറിവ് മുയിസു സര്‍ക്കാരിനുമുണ്ട്.
പാക്കിസ്ഥാന്‍ തുറമുഖങ്ങളുടെ അടക്കം വലിയ പ്രോജക്ടുകള്‍ക്കായി വലിയ നിക്ഷേപം നടത്തിയ ചൈനയ്ക്ക് കാര്യങ്ങള്‍ അനുകൂലമല്ല ഇപ്പോള്‍. ബലൂചിസ്താന്‍ വിമതര്‍ ചൈനീസ് ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ലക്ഷ്യമിട്ടു നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍ അവരെ അസ്വസ്ഥമാക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാര്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെതിരേ രംഗത്തെത്തിയതും ചൈനീസ് പ്രതീക്ഷകളെ ആശങ്കയിലാഴ്ത്തുന്നു. ഒരുകാലത്ത് അകന്ന അയല്‍ക്കാരെ ഒപ്പംനിര്‍ത്താന്‍ ഇന്ത്യന്‍ നയതന്ത്രത്തിന് സാധിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
Related Articles
Next Story
Videos
Share it