ധനമന്ത്രിയുടെ പ്ലാന്‍-ബി പദ്ധതികള്‍ പെരുവഴിയിലാക്കുമോ? കടുത്ത നിയന്ത്രണത്തിന് സര്‍ക്കാര്‍, വീണ്ടും നിരക്ക് വര്‍ധന

നനഞ്ഞ പടക്കം, വരാനിരിക്കുന്ന വലിയ പ്രതിസന്ധിയെ തടുക്കാനാവില്ല: മുന്നറിയിപ്പുമായി വിദഗ്ധര്‍
kerala government secretariate , cm pinarayi vijayan, kn balagopal
image credit : canva
Published on

സംസ്ഥാനത്ത് തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തിരുത്തല്‍ നടപടിയുമായി സര്‍ക്കാര്‍. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നിറുത്തലാക്കാനോ വെട്ടിക്കുറയ്ക്കാനോ ആണ് തീരുമാനം. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര നടപടികളാണെന്ന ആരോപണം ആവര്‍ത്തിച്ചാണ് പദ്ധതി വിഹിതത്തില്‍ ക്രമീകരണം നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഇതുവഴി ലാഭിക്കുന്ന പണം മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍, ജീവനക്കാരുടെ ഡി.എ കുടിശിക എന്നിവ വിതരണം ചെയ്യാനായി ഉപയോഗിക്കും. അതേസമയം, സംസ്ഥാനത്തിന് അര്‍ഹമായ സഹായത്തില്‍ കേന്ദ്രം ഇനിയും കുറവ് വരുത്തിയാല്‍ പുറത്തെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞ 'പ്ലാന്‍ ബി'യുടെ ഭാഗമാണോ പുതിയ തീരുമാനമെന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. ജൂലൈ 23ലെ കേന്ദ്രബഡ്ജറ്റിലും കേരളത്തിന് അര്‍ഹമായ പ്രാധിനിത്യം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നും വിവരമുണ്ട്.

പദ്ധതികള്‍ പരിശോധിക്കാന്‍ മന്ത്രിതല സമിതി

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ആവശ്യമായ ക്രമീകരണം വരുത്താനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. ധനകാര്യം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊര്‍ജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്‌സൈസ് വകുപ്പ് മന്ത്രിമാരാണ് അംഗങ്ങള്‍. നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കുന്നതിനു മുമ്പ് പ്രോജക്ടിന്റെ അനിവാര്യത പരിശോധിക്കും. ഇങ്ങനെ പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, ആസൂത്രണ വകുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റി രൂപീകരിക്കും.

നിരക്ക് വര്‍ധന വീണ്ടും

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും നികുതിയേതര വരുമാനവും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഫീസുകളുടെ പരിഷ്‌ക്കരണത്തിനും നികുതിയേതര വരുമാന വര്‍ധനവിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ ജൂലൈ 26ന് മുമ്പ് ശുപാര്‍ശകള്‍ തയ്യാറാക്കി ഉത്തരവിറക്കാന്‍ ഓരോ വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ഇക്കാര്യത്തിലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് നിരക്ക് വര്‍ദ്ധനവ് വരുത്തില്ല. വിദ്യാര്‍ത്ഥികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമാകില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

വകുപ്പുകള്‍ തമ്മിലെ തര്‍ക്കം പരിഹരിക്കും

സംസ്ഥാനത്ത് ചില വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തിലും തിരുത്തലുകള്‍. പൊതുവികസന താല്‍പര്യം മുന്‍നിര്‍ത്തി ഒന്നില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും ശരിയായ ഏകോപനം ഉണ്ടാക്കാന്‍ നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനമെടുക്കുന്നതിനും ഏകോപനങ്ങള്‍ക്കുമായി ധനകാര്യമന്ത്രി, റവന്യൂ വകുപ്പുമന്ത്രി, നിയമ വകുപ്പുമന്ത്രി എന്നിവരുള്‍പ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. ഏത് വകുപ്പിന്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രിയെ യോഗത്തിലേക്ക് പ്രത്യേകക്ഷണിതാവായി ഉള്‍പ്പെടുത്തും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോഗം ചേര്‍ന്ന് ശുപാര്‍ശകള്‍ നല്‍കും. ഉപസമിതി ശുപാര്‍ശകള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കുക.

പൊതുജനങ്ങളുടെ ഭാരം വര്‍ധിക്കും

അധിക വരുമാനത്തിനായി നികുതികളും ഫീസും വര്‍ധിപ്പിക്കുന്നത് പൊതുജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പകരം പരമാവധി ചെലവ് ചുരുക്കി, പിരിക്കാവുന്ന നികുതിയെല്ലാം പിരിച്ചെടുക്കുകയാണ് വേണ്ടത്. നികുതി കുടിശികയുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാവുന്നതാണ്. 75,000 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കേരളത്തിലുണ്ടെന്നാണ് ലാന്‍ഡ് ബാങ്കിന്റെ കണക്ക്. ഇതില്‍ കുറച്ചെങ്കിലും സംരംഭകര്‍ക്ക് ലീസിന് നല്‍കിയാല്‍ അധിക വരുമാനം നേടാമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നനഞ്ഞ പടക്കം

പദ്ധതി വിഹിതം കുറയ്ക്കാനും ഫീസുകള്‍ വര്‍ധിപ്പിക്കാനുമുള്ള തീരുമാനം നനഞ്ഞ പടക്കമാണെന്നും വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയെ തടുക്കാനാകില്ലെന്നും സാമ്പത്തിക വിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍ ധനം ഓണ്‍ലൈനോട് പ്രതികരിച്ചു. സാമ്പത്തിക രംഗത്ത് സമൂലമായ അഴിച്ചുപണിയാണ് വേണ്ടത്. അടിസ്ഥാനപരമായ തിരുത്തലുകള്‍ക്ക് പകരം താത്കാലികമായ നടപടികള്‍ ഉപയോഗപ്പെടില്ല. സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി പോലുള്ള പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തുന്നതിന് പൊതുജനങ്ങളുമായി സംവാദം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com