ആഗോള സുഗന്ധവ്യഞ്ജന സമ്മേളനം 23 ന് കൊച്ചിയില്‍ ആരംഭിക്കും

സുഗന്ധവ്യഞ്ജന കയറ്റുമതിക്ക് പുതിയ വഴികൾ തേടി അന്താരാഷ്ട്ര സമ്മേളനം
spices
Image courtesy: Canva
Published on

ഓൾ ഇന്ത്യ സ്‌പൈസസ് എക്സ്പോർട്ടേഴ്‌സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026) ഫെബ്രുവരി 23 മുതൽ 26 വരെ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെൻ്ററിൽ നടക്കും. ഫെബ്രുവരി 23ന് വൈകിട്ട് 5 മണിക്ക് ഉദ്ഘാടന സമ്മേളനം മുൻ ജി-20 പ്രതിനിധിയും നീതി ആയോഗിന്റെ മുൻ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. കാർഷിക വ്യവസായത്തിലെ നവീകരണം, ഉൾക്കൊള്ളൽ, ആഗോള നേതൃത്വം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.

പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാർട്ടിൻ സോൺടാഗ് മുഖ്യാതിഥിയായി പങ്കെടുക്കും. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ, സെക്രട്ടറി പി. ഹേമലത എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

കാർഷിക കയറ്റുമതിയുടെ അസുരക്ഷിതാവസ്ഥ വ്യക്തമാക്കുന്നതാണ് പെട്ടെന്നുള്ള തീരുവ മാറ്റങ്ങെളെന്ന് എ.ഐ. എസ്.ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു. ആസിയാൻ, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളുമായി ബന്ധം ശക്തിപ്പെടുത്തി ഒരേ വിപണിയിലുള്ള ആശ്രിതാവസ്ഥ കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് എ.ഐ.എസ്.ഇ.എഫ് ചെയർമാനും ഐ.എസ്.സി. ചെയറുമായ നിഷേഷ് ഷാ പറഞ്ഞു.

സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ ആഗോള വ്യാപാര നിലപാടുകളെ കുറിച്ച് ശശി തരൂർ സംസാരിക്കും. ഫെബ്രുവരി 25ന് ഓളം ഫുഡ് ഇൻഗ്രിഡിയൻസിന്റെ ഗുണനിലവാര മേധാവി കാമേഷ് എല്ലജോസ്യുല സ്പൈസസ് വിപണിയിൽ നവീകരണം വഴി നേടുന്ന അതിജീവന ശേഷിയെക്കുറിച്ച് സംസാരിക്കും.

കർണാടക കാർഷിക വിലനിർണയ കമ്മീഷൻ ചെയർമാൻ അശോക് ദൽവായ് വിതരണ ശൃംഖലയുടെ ദീർഘകാലടിസ്ഥാനത്തിലുള്ള ശക്തീകരണത്തെക്കുറിച്ചുളള മുഖ്യപ്രഭാഷണത്തോടെ സമ്മേളനം സമാപിക്കും.

ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാർ, സംസ്‌കരണ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ പ്രമുഖർ, നിയന്ത്രണ സംവിധാനങ്ങളിലെ ഔദ്യോഗിക പ്രതിനിധികൾ എന്നിവർ സമ്മേളനത്തില്‍ പങ്കെടുക്കും.

ISC 2026 in Kochi will explore new global markets, innovation, and supply chain resilience for India’s spice exports.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com